റിട്ട. അധ്യാപിക മൈക്രോ ഗ്രീന്‍ ഭക്ഷണ ശീലങ്ങൾ പഠിപ്പിക്കുന്ന തിരക്കിലാണ്
text_fieldsരമാദേവി തന്റെ മൈക്രോഗ്രീന്‍ ഫാമില്‍
ചെറുതുരുത്തി: റിട്ട. അധ്യാപിക പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മൈക്രോഗ്രീന്‍ ഭക്ഷണത്തിന്റെ ആരോഗ്യ ശീലങ്ങള്‍പഠിപ്പിക്കുന്ന തിരക്കിലാണ്. റിട്ട. അധ്യാപികയായ ഡി. രമാദേവി പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങളോളം അക്ഷരം പകര്‍ന്നു നല്‍കിയ അധ്യാപിക ഇന്നു വിരമിച്ചിട്ടും സമൂഹത്തിനു ഒട്ടാകെ നല്ല ഭക്ഷണ ശീലത്തെക്കുറിച്ചു പഠിപ്പിക്കുകയാണ്.
ചെറുതുരുത്തി പുതുശ്ശേരി അരുണിമയില്‍ ഡി. രമാദേവി നാലുവര്‍ഷം മുമ്പു അധ്യാപികയായി വിരമിച്ച ശേഷം വിശ്രമ ജീവിതം മാത്രമായി ഒതുക്കാതെ കൃഷി രംഗത്ത് പ്രര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യു.കെയില്‍ മകന്റെ അടുത്തു പോയപ്പോള്‍ അവിടെ നിന്നാണ് ഭക്ഷണത്തില്‍ ഉന്നത പോഷകങ്ങള്‍ അടങ്ങിയ മൈക്രാഗ്രീന്‍ ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് പഠിച്ചത്.
സൂപ്പര്‍ ഫുഡ് എന്നറിയപ്പെടുന്ന മൈക്രോഗ്രീന്‍ ചെറിയ അളവില്‍ കഴിക്കുന്നതുതന്നെ ജീവിത ശൈലീ രോഗങ്ങളെ കുറക്കാന്‍ സഹായിക്കുമെന്ന് മനസ്സിലാക്കിയ അധ്യാപിക ഇതു സമൂഹത്തെയും പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. വിവിധ സ്ഥലങ്ങളില്‍ പോയി പഠനം നടത്തി വീട്ടില്‍ തന്നെ ഒരു മൈക്രാഗ്രീന്‍ ഫാം നിര്‍മിച്ചു. നല്ല രീതിയില്‍ വിളവെടുക്കുന്ന ഫാം ഇന്നു നൂറുമേനി വിജയകുതിപ്പിലാണ്. ഇത് കാണാനും പഠിക്കാനും വിവിധ വിദ്യാലയങ്ങളിൽനിന്ന് വിദ്യാർഥികൾ ഇവിടെ എത്തുന്നുണ്ട്. ഇവർക്ക് ചുറുചുറുക്കോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും സൂപ്പർ ഫുഡ് ഭക്ഷണം നൽകിയും ആണ് പറഞ്ഞയക്കുക.
സൂപ്പര്‍ ഫുഡ് എന്നറിയപ്പെടുന്ന മൈക്രോഗീന്‍ 10 മുതല്‍ 20 ഗ്രാം വരെ ഒരു ദിവസം കഴിച്ചാല്‍ ഒരു ദിവസത്തേക്കുവേണ്ട പ്രോട്ടീന്‍ നമ്മുടെ ശരീരത്തിനു ലഭിക്കും. കൂടാതെ വിറ്റമിനുകളുടെയും മിനറലുകളുടെയും ഫൈബറിന്റെയും കലവറ തന്നെയാണ് മൈക്രോഗ്രീന്‍. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനും കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനും നീര്‍ക്കെട്ടിനെ തടയാനും ഹൃദ്രോഗങ്ങളേയും കാന്‍സറിനെയും ചെറുക്കാനും ശരീരഭാരം കുറക്കാനും നമ്മെ സഹായിക്കുന്നതാണ്. മൈക്രോഗ്രീന്‍ ഇലക്കറികള്‍, ഗര്‍ഭിണികള്‍ക്കും കഴിക്കാവുന്നതും യൗവനം നിലനിർത്തുന്നതുമാണെന്ന് പഠനങ്ങള്‍ പറയുന്നു.
സലാഡുകളില്‍ ചേര്‍ത്ത് പച്ചക്ക് മാത്രം കഴിക്കുന്ന മൈക്രാഗ്രീന്‍ ഇലവര്‍ഗങ്ങളുടെ വിവിധ ഇനങ്ങളായ റാഡിഷ് വെള്ള, പര്‍പ്പിള്‍, പിങ്ക്, അമേരിക്കന്‍ യെല്ലോ മസ്റ്റാര്‍ഡ്, പോച്ചോ തുടങ്ങി 12 ഇനങ്ങള്‍ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. പ്രത്യേക താപനിലയില്‍ വെളിച്ചത്തിന്റെ ക്രമീകരണവും മറ്റും നല്‍കി ജൈവ രീതിയിലാണ് ഇതു കൃഷി ചെയ്യുന്നത്. ഭര്‍ത്താവ് വേണുഗോപാല്‍, മകന്‍ അരുണ്‍, മകള്‍ അധ്യാപികയായ ആതിര എന്നിവര്‍ എല്ലാ പിന്തുണയുമായി ഈ അധ്യാപികക്ക് ഒപ്പമുണ്ട്.


