അരങ്ങിൽ സാബ്രിക്ക് നാളെ ആഗ്രഹസാഫല്യം
text_fieldsസാബ്രി കലാമണ്ഡലത്തിൽ ഗുരുനാഥനോടൊപ്പം
അഞ്ചൽ: കഥകളി പദങ്ങൾക്ക് വേദിയിൽ മുദ്രചാർത്തണമെന്ന ദീർഘനാളായുള്ള ആഗ്രഹം സഫലീകരിക്കുന്നതിന്റെ നിറവിലാണ് സാബ്രി. കേരള കലാമണ്ഡലത്തിൽ കഥകളി പഠനത്തിൽ എട്ടാം തരത്തിൽ പ്രവേശനം കരസ്ഥമാക്കിയ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ പെൺകുട്ടി എന്ന നിയോഗത്തിന് പൂർണത നൽകി കലാമണ്ഡലത്തിലെ വേദിയിൽ വ്യാഴാഴ്ച സാബ്രി അരങ്ങേറ്റം കുറിക്കും.
കഥകളിയിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചപ്പോൾ മുസ്ലിം സമുദായത്തിൽനിന്ന് കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തിയ ആദ്യ പെൺകുട്ടിയായിരുന്നു കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ തേജസ് വീട്ടിൽ പരിസ്ഥിതി ഫോട്ടോഗ്രാഫർ കൂടിയായ നിസാം അമ്മാസിന്റെയും അനീസയുടെയും മകളായ സാബ്രി. 2022ൽ ആയിരുന്നു കലാമണ്ഡലത്തിലെ പഠനവിഷയങ്ങളിലെ ലിംഗ വിവേചനങ്ങൾ എടുത്തുമാറ്റിയത്. തുടർന്ന് 2023ലാണ് സാബ്രി കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്.
കലാമണ്ഡലം അധ്യാപകനായ ഗോപിയാണ് കഥകളിയുടെ ആദ്യമുദ്രകൾ പകർന്നത്. തുടർന്ന് കലാമണ്ഡലം അനിൽകുമാറിന്റെയും സഹപ്രവർത്തകരുടെയും ശിക്ഷണത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന സാബ്രി അരങ്ങേറ്റത്തിൽ ‘പുറപ്പാട്’ ആണ് വേദിയിൽ എത്തിക്കുന്നത്. സാബ്രി ഉൾപ്പെടെ അഞ്ച് കുട്ടികൾ പുറപ്പാട് ചടങ്ങിൽ കൃഷ്ണവേഷത്തിലും രണ്ട് പേർ ലവണാസുരത്തിൽ കുശ-ലവൻമാരായുമാണ് വേദിയിലെത്തുന്നത്.
ഇടമുളയ്ക്കൽ ഗവ. സ്കൂളിലെ ഏഴാം ക്ലാസ് പഠനം കഴിഞ്ഞതോടെ സാബ്രി തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. മകളുടെ അഭിരുചിയനുസരിച്ചാണ് കലാമണ്ഡലത്തിൽ ചേർത്തത്. നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും കൂടി അടങ്ങുന്ന ബാച്ചിലാണ് സാബ്രി പഠനം നടത്തുന്നത്.
തെക്കൻ കഥകളിയാണ് അഭ്യസിക്കുന്നത്. ഇപ്പോൾ പത്താം തരത്തിൽ പഠിക്കുന്നു. തുടർപഠനവും കലാമണ്ഡലത്തിൽത്തന്നെ. മകളുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം നാട്ടിൽ നിന്നും തൃശൂരിലേക്ക് തിരിച്ചു.