മണ്ണാർക്കാട് നഗരസഭ സജ്ന ടീച്ചർ ചെയർപേഴ്സനാകും
text_fieldsസജ്ന ടീച്ചർ
മണ്ണാര്‍ക്കാട്: നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയ യു.ഡി.എഫ് നഗരസഭ ചെയര്‍പേഴ്സനെ തീരുമാനിച്ചു. 21ാം വാര്‍ഡില്‍നിന്ന് മത്സരിച്ച് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സജ്നയാണ് നഗരസഭയുടെ പുതിയ അധ്യക്ഷ. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മുസ്ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. നഗരസഭ രൂപവത്കരിച്ചശേഷം നടന്ന മൂന്നുഘട്ടങ്ങളിലും ചെയര്പേഴ്സൻ സ്ഥാനം ലീഗിനാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിച്ചാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. ആകെ 30 സീറ്റുകളില്‍ 17 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 12 ഇടങ്ങളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് നാലിടങ്ങളിലും കേരള കോണ്‍ഗ്രസ് ഒരുസീറ്റിലും വിജയിച്ചു.
ഇത്തവണ വനിതാസംവരണമായതിനാല്‍ വനിത തന്നെ നഗരസഭ ഭരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു. യു.ഡി.എഫില്‍ ഇത്തവണ വിജയിച്ച വനിതകളെല്ലാം പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഇതില്‍നിന്നാണ് ചന്തപ്പടി വാര്‍ഡിലെ സജ്നയെ തെരഞ്ഞെടുത്തത്. ഏഴു വനിതകളാണ് യു.ഡി.എഫില്‍നിന്ന് വിജയിച്ചിരുന്നത്.
മുന്‍ധാരണ പ്രകാരം മുസ്ലിംലീഗിന് ചെയര്പേഴ്സൻ സ്ഥാനം നല്കുന്നതില് തിങ്കളാഴ്ച ചേര്‍ന്ന യോഗം ഐക്യകണ്ഠ്യേന തീരുമാനമെടുത്തു.
വിദ്യാഭ്യാസ യോഗ്യതയും നേതൃപാടവുമാണ് സജ്നയെ ചെയര്പേഴ്സൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് മാനദണ്ഡമെന്ന് മുന്‍ നഗരസഭ ചെയര്‍മാനും മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹിയുമായ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കളത്തില്‍ അബ്ദുല്ലയാണ് സജ്നയുടെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ നേതാക്കളായ കെ.സി. അബ്ദു റഹ്മാന്, നൗഫല്‍ കളത്തില്‍, മുജീബ് പെരിമ്പിടി, ആലിപ്പുഹാജി ഉള്‍പ്പടെ നേതാക്കള്‍ സംസാരിച്ചു.


