പത്താം ക്ലാസ് പരീക്ഷക്ക് മുമ്പ് വിവാഹം; അക്ഷരപ്രണയത്താൽ തിരിച്ചെത്തി സറീന
text_fieldsസറീന ഉമ്മുസമാൻ
കണ്ണൂർ: കഥയും കവിതയും പെരുത്തിഷ്ടമായ കൗമാരത്തിലേക്ക് കടന്നയുടൻ അപ്രതീക്ഷിതമായെത്തിയ മിന്നുകെട്ടിൽ എല്ലാം കഴിഞ്ഞെന്നു കരുതിയതാണ്. പത്താംക്ലാസ് പഠനം മുഴുമിപ്പിക്കും മുമ്പ് വന്ന വിവാഹം അടുക്കളയിൽ തളച്ചിടുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
പക്ഷേ, വായനയോടും എഴുത്തിനോടും തോന്നിയ പ്രണയത്തിനു മുന്നിൽ സറീന ഉമ്മുസമാന് തിരിച്ചുവരാതിരിക്കാൻ ആവില്ലായിരുന്നു. പാതിവഴിയിൽ നിലച്ച പഠനം ആദ്യം പൂർത്തിയാക്കി. പിന്നെ എഴുത്തിന്റെ ലോകത്ത് സജീവമായി. നാല് ഗ്രന്ഥങ്ങൾ. ആറ് ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥ. മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സംവിധായിക. വീട്ടമ്മയായാൽ എല്ലാം കൈവിട്ടുവെന്ന തോന്നലുകൾക്കപ്പുറം നിശ്ചയദാർഢ്യമാണ് ഇതെല്ലാം സാധിച്ചതെന്ന് ഇരിണാവ് സ്വദേശിനിയായ ഈ 44കാരി പറയുന്നു.
ചെറുപ്പത്തിൽ തന്നെ കഥകൾ വായിക്കാനായിരുന്നു ഇവരുടെ ഇഷ്ടം. യാഥാസ്ഥിതിക കുടുംബാംഗമെന്ന നിലക്കാണ് എസ്.എസ്.എൽ.സി പരീക്ഷക്കു മുമ്പേ വിവാഹം ചെയ്യാൻ നിർബന്ധിതതായായി. മറിച്ചൊരു വാക്കിന് വിലയില്ലാത്ത കാലം. തലയാട്ടുകയേ നിവൃത്തിയുണ്ടായുള്ളൂ. ആരെയും അവർ പഴിക്കുന്നില്ല. സാഹചര്യമാണ് എല്ലാറ്റിനും കാരണമെന്ന് സറീന പറയുന്നു.
വിവാഹശേഷം മക്കളുടെ സംരക്ഷണം ഉൾപ്പടെയുള്ള വലിയ ഉത്തരവാദിത്തങ്ങളായി. അതിനിടെ വീണു കിട്ടിയ നേരങ്ങളിൽ ചില കഥകൾ കടലാസിൽ കുത്തിക്കുറിച്ചു തുടങ്ങി. ആരും കാണാതെ അതെല്ലാം ഭദ്രമാക്കിവെച്ചു. ചിലത് വീണ്ടും വായിച്ച് മിനുക്കിയെടുത്തു. അങ്ങനെ 12 ചെറുകഥകൾ അടങ്ങുന്ന ആദ്യ കഥാസമാഹാരമായ ‘കറുത്ത പൊന്ന്’ പുറത്തിറങ്ങി. അഭിമാനം പരകോടിയിലെത്തിയ നിമിഷമായിരുന്നു അത്. ഉമ്മുസമാൻ എന്ന പേരിലായിരുന്നു കഥകൾ. കുറച്ചുകഴിഞ്ഞ് സ്വന്തം പേരായ സറീനയും അതിനൊപ്പം ചേർത്തു. ‘കുമ്മട്ടിപ്പാലം’ എന്ന നോവലും പിന്നീട് പുറത്തിറങ്ങി.
മുന്തിരിച്ചാറ് എന്ന കവിത സമാഹാരവും പിന്നാലെ വെളിച്ചംകണ്ടു. ഇക്കഴിഞ്ഞ നിയമസഭ പുസ്തകോൽസവത്തിൽ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം നിർവഹിച്ച ‘അടരുവാൻ വയ്യെന്റെ പ്രണയമേ..’ എന്ന മറ്റൊരു നോവലും പുറത്തിറങ്ങിയതോടെ സാഹിത്യവഴിയിൽ സറീന ഉമ്മുസമാന്റെ പുസ്തകങ്ങളുടെ എണ്ണം നാലായി. പുസ്തക പ്രസാധനത്തിനു പിന്നാലെ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയും സംവിധാനവുമൊക്കെയായി കണ്ണൂരിലെ സാംസ്കാരിക വഴിയിൽ സജീവമാണ് ഇവർ.