അറേബ്യൻ കിസ്സകൾ പറഞ്ഞ് വൈറലായി സൗദി മുത്തശ്ശി
text_fieldsഫാത്തിമ അബ്ദുല്ല അൽ മലക്
ദമ്മാം: എണ്ണപ്പണം കായ്ക്കുന്നതിന് മുമ്പ് ഇന്തപ്പനകൃഷിയും കടലിൽനിന്ന് മുത്തും പവിഴവും വാരലും മീൻപിടിത്തവും ഒട്ടകപ്പാലും ജീവിതോപാധികളായിരുന്ന അറേബ്യൻ ജീവിതത്തിെൻറ നന്മവറ്റാത്ത കിസ്സകൾ പറഞ്ഞ് സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു സൗദി മുത്തശ്ശി.
കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശിയായ 72 കാരി ഫാത്തിമ അബ്ദുല്ല അൽ മലക്കാണ് പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞ് സൗദി യുവതയുടെ ഹരമായി മാറിയിരിക്കുന്നത്. ഇല്ലായ്മകളുടെ കാലത്തെ രുചികരമായ ഭക്ഷണവിഭവങ്ങളേയും വസ്ത്രങ്ങളേയും ജീവിതത്തെയുമൊക്കെ കുറിച്ച് അവർ പങ്കുവെക്കുന്ന ഫോട്ടോകളും കുറിപ്പുകളും നിമിഷനേരം കൊണ്ട് ആളുകൾ ഏറ്റെടുക്കുകയാണ്.
‘അൽ ദായ’ എന്ന പാരമ്പര്യ വസ്ത്രത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഒരു ഉദാഹരണമാണ്. പർദയിടാതെയും മുഖം മറക്കാതെയും പുറത്തിറങ്ങുന്ന പുതിയ തലമുറക്ക് ചിലപ്പോൾ ഈ വസ്ത്രം പരിചയമുണ്ടാവില്ല എന്ന കുറിപ്പോടെയാണ് അവർ ഇത് പോസ്റ്റ് ചെയ്തത്. അയഞ്ഞ നിലയിൽ തോളിൽ തൂങ്ങിക്കിടക്കുന്ന ഒരു മേലങ്കിയാണിത്. വീടിന് പുറത്തിറങ്ങുമ്പോഴോ വീട്ടിലേക്ക് അപരിചിത അതിഥികൾ വരുമ്പോഴോ എളുപ്പം ധരിക്കാവുന്ന നിലയിലുള്ളതാണിത്.
ഗോതമ്പ് പൊടിക്കാൻ ഉപയോഗിച്ചിരുന്ന മണൽ കല്ലുകളെക്കുറിച്ചുള്ള വിഡിയോയും പഴയ അറിവുകൾ പകർന്നുനൽകുന്നതാണ്. സോഷ്യൽ മീഡിയിൽ ഇത്രയേറെ സ്വീകാര്യത കിട്ടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഫാത്തിമ പറയുന്നു. തെൻറ മുത്തശ്ശി തനിക്ക് തന്ന ഒരു പരമ്പരാഗത വസ്ത്രത്തെക്കുറിച്ച് ഫാത്തിമ പറയുന്നത് ഇങ്ങനെയാണ്: ‘ഉമ്മയിൽ നിന്ന് പാരമ്പര്യമായി എനിക്ക് ലഭിച്ചു. എനിക്കത് വലിയ വിലമതിപ്പുള്ളതായി തോന്നി. എനിക്കുശേഷം എെൻറ പെൺമക്കൾ അത് വിലമതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’
ചരിത്ര സമ്പന്നവും സാംസ്കാരിക പ്രാധാന്യവുമുള്ള ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ഖത്വീഫിൽ ജനിച്ചുവളരാൻ സാധിച്ചതാണ് തന്നെ അഭിമാനമുള്ളവളാക്കുന്നതെന്നും അവർ പറയുന്നു.
മത്സ്യബന്ധനവും ഈന്തപ്പന കൃഷിയുമായിരുന്നു പണ്ട് ഞങ്ങളുടെ ജീവിതോപാധികൾ. പിതാവും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പ്രാദേശിക ജനങ്ങളുടെ ജ്ഞാനവും പ്രതിരോധശേഷിയും ഉൾക്കൊള്ളുന്ന അംഗീകാരമുള്ളവരായിരുന്നുവെന്ന എെൻറ കുട്ടിക്കാലത്തെ ഓർമകളാണ് പുതിയ തലമുറയോട് സംവദിക്കാൻ എന്നെ പ്രോരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
പരമ്പരാഗതമായി കിട്ടിയ പാചകക്കുറിപ്പുകളും പുതിയ തലമുറക്കായി ഫാത്തിമ പങ്കുവെക്കാറുണ്ട്. ഗോതമ്പും മാവും തേനും ചേർത്ത ‘അസിഡ’, മുയൽ മാംസവും ഗോതമ്പും ചേർത്തുണ്ടാക്കുന്ന കഞ്ഞി, ചിക്കൻ അല്ലെങ്കിൽ ആട്ടിറച്ചി കൊണ്ടുണ്ടാക്കുന്ന ‘ഖത്വീഫി കബാബ്’ എന്നിവ ഇതിലെ ചില വിഭവങ്ങൾ മാത്രം. അന്നത്തെ പല രീതികളും ഇന്ന് ഇല്ലാതായിപ്പോയതിലെ ദുഃഖവും അവർ തെൻറ ഫോളോവർമാരുമായി പങ്കുവെക്കാറുണ്ട്.
പഴയകാല വിവാഹ രീതികളെ കുറിച്ച് അവർ പങ്കുവെച്ച കുറിപ്പിനും ആരാധകർ ഏറെ. പണ്ട് കല്യാണം നിശ്ചയിച്ചാൽ വരെൻറ കുടുംബം വധുവിെൻറ കുടുംബത്തിന് ബദാമും മധുരപലഹാരങ്ങളും സമ്മാനിക്കും.
വധുവിെൻറ കുടുംബം അത് ബന്ധുക്കൾക്കും അയൽക്കാർക്കും വിതരണം ചെയ്യും. വിവാഹത്തെക്കുറിച്ച് ആളകളെ അറിയിക്കാൻ മാത്രമായി നിയോഗിക്കപ്പെട്ടിരുന്ന സ്ത്രീകൾ ഉണ്ടായിരുന്നത്രേ. കൂടാതെ, വിവാഹത്തിന് ഏതാനും ദിവസം മുമ്പ്, വധുവിെൻറ കുടുംബത്തിലെ സ്ത്രീകളും അവളുടെ സുഹൃത്തുക്കളും നീരുറവകളിൽ കുളിക്കാനും ആഘോഷിക്കാനും വധുവിനേയും കൂട്ടിപ്പോകുമായിരുന്നു.