ഹലോ യു.എൻ, സൗമ്യ രാജേശ്വരൻ ഫ്രം പയ്യന്നൂർ
text_fieldsസൗമ്യ
പയ്യന്നൂർ: നാടിന്റെ വിലാസമായി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധിയായി നിയമിതയായ പയ്യന്നൂർ സ്വദേശി സൗമ്യ രാജേശ്വരൻ. അച്ഛൻ രാജേശ്വരൻ ഗുജറാത്തിൽ ബിസിനസുകാരനായതിനാൽ സൗമ്യയുടെ സ്കൂൾ വിദ്യാഭ്യാസം കേരളത്തിലായിരുന്നില്ല. ഗുജറാത്ത് ചന്ദ്രബാല മോദി അക്കാദമിയിലായിരുന്നു പഠനം. സ്കൂളിൽ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു സൗമ്യ. പ്രോഗ്രസ് കാർഡിൽ ഒപ്പിടാൻ പോകുമ്പോൾ അധ്യാപകർ പറയും ‘സൗമ്യ ഈസ് ഗോൾഡ്’ എന്ന്. പ്ലസ്ടു കഴിഞ്ഞശേഷം സ്കൂളിലെ പ്രിൻസിപ്പൽ ഭട്ടാചാര്യയാണ് പറഞ്ഞത് സൗമ്യയെ ഡൽഹി ശ്രീറാം കോളജിൽ ചേർക്കണമെന്ന്. ആ നിരീക്ഷണം ശരിയെന്നു തെളിയിക്കുകയായിരുന്നു സൗമ്യ പിന്നീട്.
മൂന്നാം ഗ്രൂപ്പെടുത്ത് പഠിച്ച് കോളജ് ഓഫ് കോമേഴ്സിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയാണ് സിവിൽ സർവിസിലേക്ക് കടന്നത്. സിവിൽ സർവിസ് മാത്രമല്ല, ഒരേ സമയം നാല് ഉന്നത പരീക്ഷകളിൽ ആദ്യതവണ വിജയം കൊയ്തും ഈ പെൺകുട്ടി ചരിത്രമെഴുതി. ഇതിൽ എസ്.ബി.ഐ മാനേജർ പരീക്ഷയും ഉൾപ്പെടും.എസ്.ബി.ഐ മാനേജരായിരിക്കെയാണ് സിവിൽ സർവിസിലേക്കുള്ള വിളി.
സൗമ്യയുടെ ഉയർച്ചക്കു കാരണം ചന്ദ്രബാല സ്കൂളും പ്രിൻസിപ്പലുമാണെന്ന് രാജേശ്വരൻ പറയുന്നു. സിവിൽ സർവിസിൽ രണ്ടാം ഭാഷയായി തെരഞ്ഞെടുത്തത് അറബിയായിരുന്നു. ഈജിപ്തിൽ അറബി പഠനത്തിന് ശേഷം 2014 ൽ ദുബൈ എംബസിയിൽ ജോലിചെയ്തിരുന്നു. ഇവിടെ വെച്ചാണ് പഴയ സ്കൂൾ സഹപാഠി ഡോ. റമീസ് നതാനിയുമായുള്ള വിവാഹം. ജി 20 സമ്മേളനത്തിന് എത്തിയപ്പോൾ രണ്ട് വർഷം മുമ്പാണ് സൗമ്യ പയ്യന്നൂരിൽ വന്നത്. വാസന്തിയാണ് അമ്മ. ഭർത്താവ് ഡോ. റമീസ് നതാനി ഐ.ടി. കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ്. മക്കൾ: അഹദ്, സെയിൻ.