അച്ഛന്റെ കൃഷിപാഠത്തിൽ സാവിത്രിയുടെ തിലകക്കൊയ്ത്ത്
text_fieldsസാവിത്രി കൃഷിയിടത്തിൽ
കാഞ്ഞങ്ങാട്: അച്ഛന്റെ കൃഷിപാഠത്തിൽ സാവിത്രി കർഷകതിലകമായി. വിദ്യാഭ്യാസത്തോടൊപ്പം കൃഷിയെ കൈവിടാതെ ജീവിച്ച കർഷകക്ക് സംസ്ഥാന അവാർഡ് ലഭിച്ചതോടെ വലിയ സന്ദേശവും സമൂഹത്തിന് നൽകുകയാണ് സാവിത്രി. ബി.കോം ബിരുദധാരിയായ സാവിത്രിയുടെ ഭർത്താവ് ടി. നാരായണനും കർഷനാണ്.
ആദ്യം ജയപുരത്തായിരുന്നു കൃഷിചെയ്തത്. ഒരേ മനസ്സോടെ ഇരുവരും മണ്ണറിഞ്ഞ് കൃഷിചെയ്ത് ജീവിച്ചു. ഒപ്പം പെരിയ കൃഷിഭവനിലെ ഉദ്യോഗസ്ഥരും നിന്നു. സാവിത്രിയുടെ കാർഷികവൃത്തി ശ്രദ്ധിച്ച കൃഷി ഓഫിസർ ജയപ്രകാശ്, അസി. കൃഷി ഓഫിസർ കെ. മണികണ്ഠൻ, ഓഫിസർമാരായ പ്രിയ, രജനി എന്നിവർ സാവിത്രിയുടെ കാർഷിക രീതിയെ ഡൊക്യുമെന്റാക്കി അവാർഡിന് പരിഗണിക്കാൻ ഒരുക്കിനൽകുകയായിരുന്നു.
മക്കളായ അഖിലയും അനഘയും കൃഷിയിൽ സഹായിക്കുമായിരുന്നു. പിന്നീട് ജയപുരത്തുനിന്ന് പുല്ലൂർ പെരിയയിലെ മിങ്ങോത്ത് നാലർ ഏക്കർ സ്ഥലവുംവീടും വാങ്ങി കൃഷി തുടർന്നു. സ്വന്തമായുള്ള കുന്നിൻപുറത്ത് പച്ചക്കറി കൃഷിചെയ്തു. നരമ്പൻ, പയർ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, തക്കാളി തുടങ്ങി എല്ലാ ഇനങ്ങളും ഇവിടെ വിളഞ്ഞിട്ടുണ്ട്. ഇത്തവണ സോയാബീനും കൃഷിചെയ്തു. വേനൽക്കാലത്ത് പാട്ടത്തിനെടുത്ത രണ്ടര ഏക്കർ പറമ്പിൽ തണ്ണിമത്തൻ കൃഷിയും ചെയ്തിരുന്നു. കൂടാതെ, വിത്തുകളും പച്ചക്കറി തൈകളും ലഭ്യമാക്കുന്ന ജൈവിക പ്ലാന്റ് നഴ്സറിയും സ്വന്തമായുണ്ട്.
ഡ്രിപ് ഇറിഗേഷൻ, പ്ലാസ്റ്റിക് ആവരണം എന്നിവ ഒരുക്കുന്നതിന് പെരിയ കൃഷിഭവനിലെ ഉദ്യോഗസ്ഥർ ഏറെ സഹായത്തിനെത്തി. ഇത്തവണ 750 മുരിങ്ങച്ചെടികൾ ഉൽപാദിപ്പിച്ചു. രണ്ട് പശുക്കൾ ഉള്ളതിന്റെ ചാണകമാണ് പ്രധാന വളം. രണ്ട് പെൺമക്കളിൽ അഖില കണ്ണൂരിൽ സി.എക്ക് പഠിക്കുന്നു. അനഘ ബംഗ്ലൂരുവിൽ ഫുഡ് ടെക്നോളജി വിദ്യാർഥിനിയാണ്.


