സേറ, ദി ലിറ്റിൽ ഡൈവർ
text_fieldsസേറ ചിത്രൻ
കടലിന്റെ വശ്യതയും മനോഹാര്യതയുമൊക്കെ പുറമെനിന്ന് ആവോളം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മൾ. പക്ഷെ ഭീകരമായ ഭീതിപ്പെടുത്തുന്നൊരു മുഖമാണ് കടലാഴങ്ങൾക്ക് നമ്മുടെ മനസ്സിലുണ്ടാവുക. എന്നാൽ ഡൈവ് ചെയ്ത് കടലിനെ അടുത്തറിഞ്ഞൊരു പതിമൂന്നുകാരിയുണ്ട് യു.എ.ഇയിൽ. സേറ ചിത്രൻ എന്ന ദുബൈ ഡി.പി.എസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ സർട്ടിഫൈഡ് ഫ്രീ ഡൈവർ കൂടിയാണ് എറണാകുളം സ്വദേശിനിയായ സേറ.
വളരെ അപ്രതീക്ഷിതമായിട്ടാണ് സേറ സ്കൂബ ഡൈവിങ്ങിലേക്കെത്തുന്നത്. ഒരിക്കലൊരു സ്കൂബ ഡൈവിങ് വീഡിയോ കണ്ട് തന്റെ അമ്മ തനിക്ക് തന്ന പ്രോത്സാഹനത്തിലൂടെയാണ് വേണു എന്ന അജ്മാനിലുള്ള സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടറെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പല തരം സർട്ടിഫൈഡ് ഡൈവിങ്ങുകൾ സേറ പരീക്ഷിച്ചു. അങ്ങനെയാണ് ഫ്രീ ഡൈവിങ്ങിലെത്തുന്നത്.
യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ൈയൈിൽ കരുതാതെ ഡൈവ് ചെയ്യുന്ന രീതിയായ ഫ്രീ ഡൈവിങ് അത്ര നിസാരമായ ഒന്നല്ല. ശ്വാസം നന്നായി അടക്കിപ്പിടിക്കാനുള്ള കഴിവ് വേണം. നിരന്തര പരിശ്രമത്തിലൂടെയാണ് സേറ ഇത് സാധ്യമാക്കിയെടുത്തത്. സാധാരണ ആളുകൾക്ക് മുപ്പത് മുതൽ നാൽപ്പത് സെക്കൻഡ് മാത്രമാണ് ശ്വാസം പിടിച്ചുനിൽക്കാൻ പറ്റാറുള്ളത്. എന്നാൽ സേറക്ക് രണ്ട് മിനിറ്റും മുപ്പത് സെക്കൻഡും വെള്ളത്തിൽ ശ്വാസം അടക്കിപ്പിടിക്കാനാകും.
ആദ്യമായി സ്കൂബ ഡൈവിങ്ങിനെത്തുമ്പോൾ ഒരിത്തിരി ഭയത്തിലായിരുന്നു സേറ. അന്ന് പത്തുവയസ്സ് മാത്രമായിരുന്നു സേറക്ക് പ്രായം. കേട്ടറിഞ്ഞ കടലിലെ ഭീകരജീവികളെ കുറിച്ചോർത്തായിരുന്നു അമ്പരപ്പ്. എന്നാൽ കടലിനെ നാം ഒരിക്കലും ഭയപ്പെടേണ്ടതില്ല എന്ന് ഇൻസ്ട്രക്ടർ വേണു തനിക്ക് നൽകിയ ആത്മവിശ്വാസം സേറക്ക് ധൈര്യം പകർന്നു.
കടലിലേക്കിറങ്ങിയ ആദ്യത്തെ പത്തിരുപത് മിനുട്ട് കടലുമായി പൊരുത്തപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നെങ്കിൽ കൂടി പിന്നീട് കടലിനെ അടുത്തറിഞ്ഞപ്പോൾ കടല് സേറക്കേറ്റവും പ്രിയപ്പെട്ട ഒരു ഇടം കൂടിയായി മാറി. പ്രകൃതി സംരക്ഷണത്തിന് തന്നാലാവുന്നതും സേറ ചെയ്യാറുണ്ട്. രണ്ടു തവണ അജ്മാൻ ഓഷ്യൻ ക്ലീനിങ് ഡ്രൈവിൽ പങ്കെടുത്തിട്ടുണ്ട്.
സ്കൂബ ഡൈവിങ്ങിലെ ആദ്യഘട്ടം ഓപ്പൺ വാട്ടർ ഡൈവിങ്ങാണ്. തുടക്കത്തിൽ 18 മീറ്ററാണ് ഡൈവ് ചെയ്യേണ്ടത്. പിന്നീട് തിയറി ക്ലാസുകൾക്കൊക്കെ ശേഷമാണ് കടലിൽ ഡൈവ് ചെയ്യാനെത്തുക. കടലിലെ ജീവജാലങ്ങളോട് ഒരിത്തിരി ഭയമുണ്ടെങ്കിലു എല്ലാ ധൈര്യവും സംഭരിച്ച് കടലിൽ ഡൈവ് ചെയ്യാൻ തുടങ്ങിയപ്പോൾ താനൊരു മാന്ത്രിക ലോകത്തിലെത്തിയ പോലെയാണ് സേറക്ക് തോന്നിയത്.
ചുറ്റും നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെയും മറ്റു ജീവികളെയുമൊക്കെ കണ്ടപ്പോൾ അവരെല്ലാം കടലെന്ന വലിയ കൊട്ടാരത്തിലെ രാജാവും, രാജ്ഞിയും, പടയാളികളുമൊക്കെയാണെന്ന് ഒരു നിമിഷം സേറ ചിന്തിച്ചു പോയത്രെ. വളരെ മനോഹരമായ ശാന്തമായൊരു അനുഭൂതിയാണ് കടലാഴങ്ങൾ നമുക്ക് സമ്മാനിക്കുന്നത് എന്ന് സേറ പറയുന്നു.
ആദ്യമായി ഖോർഫക്കാനിൽ റെക്ക് ഡൈവിങ്ങിന് പോയതാണ് സേറക്ക് മറക്കാനാവാത്ത ഒരനുഭവം. കടലിനടിയിൽ തകർന്നടിഞ്ഞ കപ്പലുകളും ബോട്ടുകളുമൊക്കെ തിരഞ്ഞു പോകുന്നതാണ് റെക്ക് ഡൈവിങ്. അവിടെനിന്ന് വിഷാംശം ഉള്ളതാണ് സൂക്ഷിക്കുക എന്ന് ഇൻസ്ട്രക്ടർ ഒരിക്കൽ പറഞ്ഞിട്ടുള്ള ഒരു പ്രത്യേകതരം മത്സ്യം തന്റെ അടുത്തേക്ക് വരികയും.
അവിടെ നിന്ന് ഭീതിയോടെ ഡൈവ് ചെയ്തതുമൊക്കെയാണ് തനിക്ക് കടലിൽ നിന്നുണ്ടായ സാഹസിക അനുഭവം. പതിനാല് വയസ്സ് തികയുന്നതിനു മുന്നേ മാസ്റ്റർ ഡൈവറാകണമെന്നാണ് ആഗ്രഹം. അത് നിസാരമൊന്നുമല്ല. 40 മണിക്കൂറിലധികം കടലിൽ ഡൈവ് ചെയ്യണം. റെസ്ക്യൂ ഡ്രൈവിങ് കോഴ്സ് പൂർത്തിയാക്കണം, ഫ്രീ ഡൈവറാവണം തുടങ്ങി പല കടമ്പകളും കടന്ന് മാസ്റ്റർ ഡൈവറാകാനുള്ള പരിശ്രമത്തിൽ കൂടിയാണ് സേറ ഇപ്പോൾ.
ഭാവിയിൽ ഒരു ഡോക്ടറും അതോടൊപ്പം നല്ലൊരു പ്രഫഷനൽ ഡൈവറും കൂടിയാവണം എന്നാണ് ലക്ഷ്യം. സേറയിൽ നിന്ന പ്രചോദനമുൾക്കൊണ്ട് പല സുഹൃത്തുക്കളും സ്കൂബ ഡൈവിങ്ങിലേക്ക് എത്തിയിട്ടുണ്ട്. തന്നെക്കൊണ്ടും എന്തും ചെയ്യാനാകും എന്നുള്ള പ്രചോദനം നൽകുന്ന അച്ഛൻ ചിത്രരഞ്ജനും, അമ്മ നീനുവുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് സേറ പറയുന്നു. സ്കൂളിൽ ഫുട്ബോൾ ടീം മെമ്പർ കൂടിയാണ് സേറ. അതോടൊപ്പം വയലിനും പഠിക്കുന്നുണ്ട്.