പുഷ്പംപോലെ ഒരു ‘ബിഗ്’ വിജയം
text_fieldsഷഹീല ബാനു കുമളിയിലെ ബിഗ് ഷോപ്പർ നിർമാണ യൂനിറ്റിൽ
കുമളി: കൊടുംവേനൽ കത്തിക്കാളുന്ന തീചൂടിൽ രാമനാഥപുരത്തു നിന്നെത്തിയ ഷഹീല ബാനു എന്ന വീട്ടമ്മക്ക് മുന്നിൽ അവസരങ്ങൾ തുറന്നിട്ടത് ജീവിതത്തിലെ വെല്ലുവിളികളാണ്. കുമളിയിൽ വളർച്ചയുടെ പടവുകൾ താണ്ടുന്ന പുഷ്പം ബിഗ് ഷോപ്പർ യൂനിറ്റിന് തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഷഹീലയുടെ അധ്വാനം വിജയത്തിളക്കം നൽകുന്നു.
കുമളി മേട് ഭാഗത്ത് മുഗൾ ഹൗസിൽ ഷാനവാസ് വിവാഹം കഴിച്ച് കൊണ്ടുവന്നതാണ് ഷഹീലയെ. രണ്ട് മക്കളുമായി ജീവിത ചെലവുകൾ ഏറിയതോടെ ഭർത്താവിനെ സഹായിക്കാൻ ഷഹീല തൊഴിൽ അന്വേഷിക്കാൻ തുടങ്ങി. മറ്റെവിടെയെങ്കിലും തൊഴിൽ തേടി പോകുന്നതിലും നല്ലത് സ്വന്തമായി എന്തെങ്കിലും കണ്ടെത്തുന്നതാണെന്ന് വൈകാതെ ബോധ്യമായി.
അങ്ങനെയാണ് 2015ൽ കൈയ്യിലുണ്ടായിരുന്ന 3000 രൂപയുടെ മുടക്കുമുതലുമായി ബിഗ് ഷോപ്പർ യൂനിറ്റ് ആരംഭിച്ചത്. ഇന്നത് ദിവസവും 20,000 രൂപ വിറ്റുവരവുള്ള സ്ഥാപനമായി വളർന്നിരിക്കുന്നു. കുടുംബശ്രീയുടെ സഹായം കൂടി ലഭ്യമായതോടെ ഈ കൊച്ചു സ്ഥാപനത്തെ എട്ട് വർഷം കൊണ്ട് എട്ട് പേർ ജോലി ചെയ്യുന്ന ‘പുഷ്പം’ എന്ന പ്രസ്ഥാനമാക്കി വളർത്തിയെടുക്കാനായതിന്റെ സന്തോഷത്തിലാണ് ഷഹീല ബാനു.
കുമളി, വണ്ടിപ്പെരിയാർ, കട്ടപ്പന മേഖലകളിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബിഗ് ഷോപ്പറുകൾ ഷഹീന നേതൃത്വം നൽകുന്ന ‘പുഷ്പ’ത്തിൽനിന്ന് വിതരണം ചെയ്തുവരുന്നു.മുമ്പ് എറണാകുളം, മധുര തുടങ്ങിയ വലിയ പട്ടണങ്ങളിൽ മാത്രമായിരുന്നു ബിഗ് ഷോപ്പർ നിർമാണവും മറ്റും.
കവറിന് പുറത്ത് കടയുടെ പേര് ആലേഖനം ചെയ്യുന്ന സ്ക്രീൻ പ്രിൻറിംഗ് ഉൾപ്പടെ സാങ്കേതിക സൗകര്യങ്ങൾ കുമളിയിൽ എത്തിച്ചതോടെ ‘പുഷ്പ’ത്തിന്റെ വളർച്ചയും പ്രാധാന്യവും അംഗീകരിക്കപ്പെട്ടു.ബിഗ് ഷോപ്പർ നിർമാണത്തിനാവശ്യമായ സാധനങ്ങൾ എറണാകുളം, മൂവാറ്റുപുഴ, മധുര, ഈറോഡ്, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.


