ചുവരുകളില്‍ വർണക്കൂട്ടൊരുക്കി ഷീബ
text_fieldsചുവര്‍ചിത്രങ്ങള്‍ വരക്കുന്ന ഷീബ
അമ്പലപ്പുഴ: ജീവിതം പച്ചപിടിപ്പിക്കാൻ ചുവരുകളിൽ ചായം ചാർത്തുകയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് ലക്ഷ്മിനിവാസിൽ ഷീബ. മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം എന്നിവിടങ്ങളിൽ ഷീബയുടെ നിറക്കൂട്ട് പതിയാത്ത ചുവരുകൾ കുറവാണ്. ചിത്രം വരക്കാൻ ഭർത്താവ് ജോഷിയും മക്കളായ സ്വാതിലക്ഷ്മിയും ശ്രുതിലക്ഷ്മിയും ഉണ്ടാകും. സ്കൂൾ അവധിക്ക് മാത്രമാണ് മക്കളെ കൂട്ടുന്നത്. ചാരമംഗലം ഡി.ബി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സ്വാതിലക്ഷ്മി. ഒന്നാം ക്ലാസിലാണ് ശ്രുതിലക്ഷ്മി.
മറ്റ് ജില്ലകളിലും ചുവർചിത്രങ്ങൾ വരക്കാൻ പോകാറുണ്ട്. പാലക്കാട് പത്തോളം അംഗൻവാടികൾ സ്മാർട്ടാക്കിയതിന്റെ പിന്നിൽ ഷീബയുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾക്കും പങ്കുണ്ട്. വേനൽ കടുത്തതോടെ കുടിവെള്ളം പാഴാക്കരുതെന്ന സന്ദേശവുമായാണ് അമ്പലപ്പുഴയിൽ എത്തുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തകഴിയിൽ ചുവർചിത്രങ്ങൾ വരച്ചിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ശിശുവിഹാറിന്റെ മതിലിലും മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപവും ചുവരുകളിൽ കുടിവെള്ളത്തിനായി കേഴുന്നവരുടെ ദയനീയമുഖം ഷീബയുടെ കരവിരുതിൽ പതിഞ്ഞു.
പെയിന്റിങ് ജോലികളാണ് ജോഷി ചെയ്യുന്നത്. ചുവരുകൾ വെള്ളപൂശി അനുയോജ്യമായ നിറങ്ങൾ പകർന്നാൽ അടുത്ത ഊഴം ഭാര്യയുടേതാണ്. പേനയും പെൻസിലും ഉപയോഗിച്ച് ചിത്രം വരച്ചിരുന്നു. കോവിഡ് കാലത്താണ് ചുവർചിത്രങ്ങളിലേക്ക് എത്തുന്നത്. വീടിനുള്ളിൽ കഴിച്ചുകൂട്ടുന്നതിനിടെ നേരംപോക്കിനായി തുടങ്ങിയതാണ്. സ്വന്തംവീട്ടിൽ മുറിക്കുള്ളിൽ തുടങ്ങിവെച്ച നിറക്കൂട്ട് പിന്നീട് ഇവരുടെ ജീവിതത്തിന് നിറം ചാർത്തുകയായിരുന്നു.-