രാമായണ നായികമാരെ അരങ്ങിലെത്തിച്ച് സീതായനം
text_fieldsസീതായനം ആട്ടക്കഥയുടെ ചൊല്ലിയാട്ടം (റിഹേഴ്സൽ)
നടത്തുന്ന കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ
വിദ്യാർഥിനികൾ
പാലക്കാട്: ഇതിഹാസകാവ്യമായ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളാണെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നാല് സ്ത്രീകളുടെ കഥ കഥകളി രൂപത്തിൽ അരങ്ങിലെത്തിക്കാനൊരുങ്ങി കല്ലേക്കുളങ്ങര കഥകളി ഗ്രാമം. ലോക വനിതദിനമായ ഞായറാഴ്ച രാവിലെ 9.30 മുതൽ പാലക്കാട് ഗവ. മോയൻ എൽ.പിയിൽ കളിയരങ്ങ് അരങ്ങേറും. രാമായണത്തിലെ നായികമാരും ജനകന്റെ മക്കളുമായ സീത, ഊർമിള, മാണ്ഡവി, ശ്രുതകീർത്തി എന്നീ സഹോദരിമാരുടെ കഥയാണ് വനിതദിനത്തിന്റെ പ്രത്യേകത ഉൾക്കൊണ്ട് അരങ്ങിലെത്തിക്കുന്നത്. കലാമണ്ഡലം വെങ്കിട്ടരാമന്റെ ആശയത്തിൽ ഉദയ എസ്. ദാസ് രചിച്ച ആട്ടക്കഥ ‘സീതായനം’ രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ കേവലം നിഴലുകളല്ലെന്നും ഭാരതീയ സംസ്കാരത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളാണെന്നും ഓർമപ്പെടുത്തുകയാണ്.
ഈ ആശയത്തിൽ ആദ്യമായാണ് കഥകളി അവതരിപ്പിക്കപ്പെടുന്നത്. സ്കൂൾ വിദ്യാർഥിനികളായ വൈഗ ബാബു, അഭിനയ രഞ്ജിത്ത്, ദേവിക മണികണ്ഠൻ, ജെ. ചൈതന്യ എന്നിവരാണ് യഥാക്രമം സീത, ഊർമിള, ശ്രുതകീർത്തി, മാണ്ഡവി എന്നീ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
സദനം ജ്യോതിഷ് ബാബുവാണ് ആട്ടക്കഥക്ക് സംഗീതം നൽകുന്നത്. സദനം രാമകൃഷ്ണനും സദനം രതീഷും ചേർന്നാണ് പക്കമേളം നിർവഹിക്കുന്നത്. ‘രാവണനിഗ്രഹാനന്തരം രാഘവ വീരൻ’ എന്ന ശ്ലോകത്തോടെ അരങ്ങ് ഉണരും. കർഷകശ്രീ അവാർഡ് ജേതാവ് ഭുവനേശ്വരി അമ്മ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അംഗം അപ്പുകുട്ടൻ സ്വരലയം സംബന്ധിക്കും.


