വെഡ് ക്വീൻ രേഷ്മ
text_fieldsരേഷ്മ മോഹന്‍
വെള്ളറട: സ്വപ്ന കരിയറിൽ കാലുറപ്പിക്കാൻ പോരാടിയ അമ്പൂരി സ്വദേശി രേഷ്മ ഇപ്പോൾ വെഡ് ക്വീൻ രേഷ്മയാണ്. വെഡ് ക്വീൻ എന്നത് രേഷ്മയുടെ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന വെഡിങ് ഫോട്ടോഗ്രഫി കമ്പനിയാണ്. ഫോട്ടോഗ്രഫി ജേണലിസത്തിൽ തുടക്കം, ഇപ്പോൾ വെഡിങ് കമ്പനി വരെ എത്തിനില്‍ക്കുമ്പോള്‍ രേഷ്മക്ക് പറയാനുള്ളത് കയ്പ്പേറിയതും പടവെട്ടിയതുമായ ഓര്‍മകള്‍.
2017 ലാണ് ഫോട്ടോഗ്രഫി മേഖലയിൽ എത്തിയത്. തുടക്കത്തില്‍ വീട്ടില്‍നിന്നുപോലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വപ്നത്തിന് കൂട്ടുവരാൻ അവർ തയാറായി. അപ്പോഴും ബന്ധുക്കളും നാട്ടുകാരും ഇത് ആണുങ്ങളുടെ തൊഴിലാണെന്ന വാദമുയർത്തി എതിർത്തു.
'പെണ്‍കുട്ടിയുടെ ഭാവിയെന്താകും' എന്ന സദാചാര ആശങ്കകളും ധാരാളം നേരിട്ടു. തുടക്കകാലത്ത്, ഫോട്ടോഗ്രഫി വഴങ്ങുമെന്ന് ബോധ്യപ്പെടുത്താൻ താനെടുത്ത ഫോട്ടോ കാണിച്ചുകൊടുത്ത് വിശ്വസിപ്പിക്കേണ്ട ഗതികേടുമുണ്ടായിരുന്നു. പെണ്‍കുട്ടിയാണെന്ന പേരിൽ പലപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടു. ഈ അടുത്തകാലത്ത് ചെയ്ത മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണത്തിനും രേഷ്മ ഇരയായി.
അതുകൊണ്ടുതന്നെ ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പെൺകുട്ടികൾക്ക് തന്‍റെ സംരംഭത്തിൽ കൂടുതൽ അവസരം നൽകാൻ തീരുമാനിച്ചു. ഫോട്ടോഗ്രഫി, വിഡിയോഗ്രഫി മുതല്‍ ലൈറ്റ് പിടിക്കുന്നതും കൂടെ സഹായിക്കുന്നതും പെൺകുട്ടികളാണ്. വെഡിങ് ഫോട്ടോഗ്രാഫി അത്ര നിസ്സാരമല്ല. ഒരോ സമുദായത്തിനും വ്യത്യസ്തമായ ചടങ്ങുകള്‍ ഉണ്ട്.
ഇവ എല്ലാം അറിഞ്ഞിരിക്കണം, അത് കൃത്യമായി പകര്‍ത്തുകയും വേണം. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ മേഖലയായിരുന്നിട്ടും തന്‍റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികള്‍ ഇനിയും ഈ മേഖലയില്‍ കടന്നുവരണമെന്നുമാണ് ഈ 24 കാരിയുടെ ആഗ്രഹം.
അമ്പൂരി കടയാറ വീട്ടിൽ കെ. മോഹനൻ- കെ.ആർ. ഉഷാകുമാരി ദമ്പതികളുടെ മകളാണ്. സഹോദരൻ: മനീഷ് മോഹൻ.


