സംരംഭത്തിൽ സുഗന്ധം പരത്തി സുനി
text_fieldsസ്പൈസസ് ഉൽപന്നങ്ങൾ പാക്കറ്റിലാക്കുന്ന സുനി
നെടുങ്കണ്ടം: കൂണ്‍കൃഷിയില്‍ തുടക്കം കുറിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ സംരംഭത്തിലൂടെ ജില്ലയിലും മറുജില്ലയിലും സുഗന്ധം പരത്തുകയാണ് വീട്ടമ്മ സുനിയും അവരുടെ തപസ്യ ഫ്രൂട്സ് വെജിറ്റബിള്‍സ് ആന്റ് സ്പൈസസ് സംരംഭവും. പാമ്പാടുംപാറ പഞ്ചായത്തിലെ ചേമ്പളത്തിനടുത്ത് കല്ലാര്‍ ഗ്രാമത്തിലാണ് സംരംഭം. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സുനി 2019ല്‍ തപസ്യയെന്ന സംരംഭം ആരംഭിക്കുന്നത്. കല്ലാര്‍ ഗവ.എല്‍.പി.സ്കൂള്‍ ഐ.ടി. അധ്യാപികയായിരിക്കെ ആദ്യം കൂണ്കൃഷിയിലായിരുന്നു തുടക്കം.
ദിവസേന 25-30 കിലോ കൂണ് ഉൽപാദിപ്പിക്കും. എന്നാല്‍ വിപണന സാധ്യത കുറഞ്ഞതോടെ കൂണ്‍കൃഷി താൽകാലികമായി നിര്‍ത്തി സുഗന്ധ വ്യഞ്ജനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞു. ഇന്ന് ഈ വീട്ടമ്മ വിപണിയിലെത്തിക്കുന്ന ഏലം, കുരുമുളക്, ഗ്രാമ്പു, ജാതിക്ക, ജാതിപത്രി സുഗന്ധ വ്യഞ്ജനങ്ങളും കാപ്പിപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മുളക്പൊടി എന്നിവയുടെ പെരുമ ജില്ലക്കു പുറത്തേക്കും പരക്കുകയാണ്. കുടുംബശ്രീയും വ്യവസായ വകുപ്പും സംഘടിപ്പിച്ച വനിത പരിശീലന പരിപാടികളാണ് വെറും അഞ്ചുവര്‍ഷം കൊണ്ട് വീട്ടമ്മയില്‍ നിന്ന് യുവ സംരഭകയെന്ന ചുവടുമാറ്റത്തിലേക്കുള്ള വഴിതെളിച്ചത്.
പദ്ധതികൾ കരുത്തുപകർന്നു
കുടുംബശ്രീയുടെയും വ്യവസായ വകുപ്പിന്റെയും വായ്പ പദ്ധതികളും കരുത്തു പകര്‍ന്നു. സമൂഹമാധ്യമങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ മുഖേനയും ഇവരുടെ ഉല്പന്നങ്ങള് വിപണിയിലുണ്ട്. കൂടാതെ കുടുംബശ്രീയുടെ പ്രാദേശിക മേളകളിലൂടെയും ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് മുന്നിലെത്തുന്നു. പാമ്പാടുംപാറ, വണ്ടന്മേട് പഞ്ചായത്തുകളിലെ ഓണക്കിറ്റിലും ഉല്പന്നങ്ങള് ഇടം പിടിച്ചിരുന്നു. സോപ്പ്, സോപ്പുപൊടി, ലോഷന്‍ തുടങ്ങിയവയും നിർമിക്കുന്നുണ്ട്.
പാവക്ക, കോവ്ക്ക എന്നിവ ഉണക്കിയും വിപണനം ചെയ്യുന്നു. ആവശ്യക്കാർക്ക് അനുസരിച്ചാണ് സുഗന്ധ വ്യഞ്ജനങ്ങളുടെ പാക്കിങ്. ഏലം സീസണില്‍ പ്രദേശവാസികളായ മൂന്ന് പേര്‍ക്കും ഈ ചെറുകിട സംരംഭം തൊഴില്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ക്രേവ് ആന്റ് കാര്‍ട്ട്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ജില്ലക്ക് പുറത്തും വിപണി കണ്ടെത്തുന്നുണ്ട്. നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് കൊറിയര്‍ മുഖേനയും ഉൽപന്നങ്ങള് വീടുകളില്‍ എത്തിച്ചു നല്‍കും.
സുഗന്ധ വ്യഞ്ജനങ്ങള്‍ പൊടിക്കുന്നതിനും പാക്കിങിനും എല്ലാം ഭര്‍ത്താവ് ത്രിദീപും ഒപ്പമുണ്ട്. കൂടാതെ അവധി ദിവസങ്ങളില്‍ സഹായവുമായി മക്കളായ ദീപ്തിയും അഫേദുമുണ്ടാകും. ഇവര്‍ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. സ്കൂള്‍ വിദ്യാര്‍ഥികളാണ്. ത്രിദീപിന്റെ അമ്മ ദേവകിയമ്മയും സംരംഭത്തിന് സഹായവുമായി ഒപ്പമുണ്ട്.


