ബുള്ളറ്റിന്‍റെ ഡോക്ടറായി സുനിത
text_fieldsസുനിത ബൈക്കിന്റെ പണിയിൽ
പത്തനംതിട്ട: മെക്കാനിക് മേഖലയിലും വനിത സാന്നിധ്യമുറപ്പിച്ച് സുനിത. ബുള്ളറ്റിന്‍റെ അറ്റകുറ്റപ്പണിക്കാണ് സുനിത പ്രാധാന്യം നൽകുന്നത്. പത്തനംതിട്ട-കൈപ്പട്ടൂർ റോഡിൽ പുത്തൻപീടികകുളം ജങ്ഷന് സമീപം ബുള്ളറ്റ് വർക്ഷോപ്പിൽ എത്തുന്നവർ വനിത മെക്കാനിക്കിനെ കണ്ട് അത്ഭുതപ്പെടാറുണ്ട്. എന്നാൽ, പത്തനംതിട്ടയിൽ ബുള്ളറ്റ് മെയിന്‍റനൻസിന് പറ്റിയ മെക്കാനിക്കിനെ അന്വേഷിച്ചാൽ ആദ്യ പേരുകളിൽ ഈ വനിതയുടെ പേരാണ് ഉണ്ടാകുക. ബുള്ളറ്റ് മെക്കാനിക്കായ ഭർത്താവ് ചുരുളിക്കോട് പുളിമൂട് ഇഞ്ചിക്കാല മേമുറിയിൽ കുഞ്ഞുമോനൊപ്പം വർക് ഷോപ്പിൽ പതിവായി വരാൻ തുടങ്ങിയതാണ് ബുള്ളറ്റിനോടും ബുള്ളറ്റ് പണിയോടും സുനിതക്ക് താൽപര്യം തോന്നാൻ കാരണം.
നട്ടുകൾ, സ്പാനറുകൾ എന്നിവയെപ്പറ്റിയുള്ള ആദ്യപാഠം കുഞ്ഞുമോനിൽനിന്ന് അഭ്യസിച്ചു. പിന്നീട് ചെറിയചെറിയ ജോലികളിൽ സഹായിക്കാൻ ആരംഭിച്ചു. 10 വർഷമായി എൻഫീൽഡ് ബുള്ളറ്റിന്‍റെ മെക്കാനിക്കുകളിൽ പ്രധാനിയായി സുനിത മാറിക്കഴിഞ്ഞു. മെക്കാനിക്കുകളുടെ സംഘടനയിൽ അംഗത്വവുമുണ്ട്. കൂടുതൽ വനിതകൾ മെക്കാനിക്കൽ മേഖലയിലേക്ക് വരണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് സുനിത പറയുന്നു.