കാൽനടയായി തപാൽ വിതരണം നാല് പതിറ്റാണ്ട് പിന്നിട്ട് സുശീല
text_fieldsആലുവ: കാലങ്ങൾക്ക് വഴിമാറി പോസ്റ്റുമാൻമാർ സൈക്കിളിലും ഇരുചക്രവാഹകരണങ്ങളിലും സഞ്ചരിക്കുമ്പോഴും നാല് പതിറ്റാണ്ടായി കാൽനടയായി തപാൽ വിതരണം തുടരുകയാണ് ഉളിയന്നൂർകാരുടെ സ്വന്തം സുശീല.
42 വർഷമായി കാൽനടയായി സഞ്ചരിച്ച് ഉളിയന്നൂർ പോസ്റ്റ് ഓഫിസ് പരിധിയിലെ ഓരോ വീട്ടിലും സ്ഥാപനങ്ങളിലും പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളും ഉരുപ്പടികളും കൃത്യതയോടെ സുശീല കൈമാറിവരുന്നു. 1984 ൽ 22ാം വയസ്സിലാണ് ഉളിയന്നൂർ പോസ്റ്റ് ഓഫിസിൽ ജി.ഡി.എസ് (ഗ്രാമീണ ഡാക് സേവക് ) പോസ്റ്റ് വുമൺ ആയി സുശീല നിയമിതയാകുന്നത്. അന്നുമുതൽ അവിടെ തന്നെ ജോലി ചെയ്യുന്നു. പെരിയാറിനാൽ ചുറ്റപ്പെട്ട് കിടന്ന ഉളിയന്നൂരിൽ പിന്നീടാണ് പാലങ്ങൾ വന്നത്.
ഉളിയന്നൂർ പോസ്റ്റ് ഓഫിസിൽ നിന്ന് തപാൽ ഉരുപ്പടികളുമായി ഇറങ്ങുന്ന സുശീല കുഞ്ഞുണ്ണിക്കര, മനാർ കവല, മരങ്ങാട്ടുകവല, കപ്പൂരി തൈക്കാവ് കവല തുടങ്ങിയ പ്രദേശങ്ങളിലൂടെ കിലോമീറ്ററുകളോളം ദിവസവും സഞ്ചരിക്കുന്നു.
വിരമിക്കാൻ ഏതാനും നാൾ മാത്രം ബാക്കി നിൽക്കുമ്പോഴും പ്രതിസന്ധികളെല്ലാം തരണം ചെയ്ത് തപാൽ വിതരണ പ്രയാണം തുടരുകയാണ്. ഭർത്താവ് പരമേശ്വരൻ നമ്പ്യാരുടെയും രണ്ടു മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെയും പൂർണ പിന്തുണയും സുശീലക്കുണ്ട്.


