Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതടാകത്തിന്റെ നടുവിൽ...

തടാകത്തിന്റെ നടുവിൽ ഉപേക്ഷിക്കപ്പെട്ട ലൈറ്റ്‌ഹൗസ്; മൂന്ന് ലക്ഷം ഡോളർ മുടക്കി 68കാരി മാറ്റിയെടുത്തത് അത്ഭുത വീട്!

text_fields
bookmark_border
തടാകത്തിന്റെ നടുവിൽ ഉപേക്ഷിക്കപ്പെട്ട ലൈറ്റ്‌ഹൗസ്; മൂന്ന് ലക്ഷം ഡോളർ മുടക്കി 68കാരി മാറ്റിയെടുത്തത് അത്ഭുത വീട്!
cancel

അമേരിക്കയിലെ ഒഹായോയിൽ ഈരി തടാകത്തിന്റെ നടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ലൈറ്റ്‌ഹൗസ് ആരെയും അത്ഭുതപ്പെടുത്തും. 68 കാരിയായ ഷീല കോൺസോൾ എന്ന വനിതയാണ് ഈ ചരിത്രപ്രസിദ്ധമായ ഫെയർപോർട്ട് ഹാർബർ വെസ്റ്റ് ലൈറ്റ്‌ഹൗസിനെ സ്വന്തം പ്രയത്നം കൊണ്ട് മനോഹരമായ ഒരു അവധിക്കാല വസതിയാക്കി മാറ്റിയത്. വാഷിങ്ടൺ ഡി.സിയിലെ കമ്മ്യൂണിക്കേഷൻസ് രംഗത്ത് ജോലി ചെയ്തിരുന്ന ഷീല, 2011ൽ ഫെഡറൽ സർക്കാരിന്റെ ലേലത്തിലൂടെ വെറും 71,010 ഡോളറിനാണ് ഈ ലൈറ്റ്‌ഹൗസ് സ്വന്തമാക്കിയത്. തുടർന്ന് ഇതിന്റെ നവീകരണത്തിനായി അവർ ചെലവഴിച്ചത് 3 ലക്ഷം ഡോളറിലധികമാണ്.

1925ൽ നിർമിച്ച്, ഈരി തടാകത്തിന്റെ കാവൽമാടമായി നിലകൊണ്ട ആ ഫെയർപോർട്ട് ഹാർബർ വെസ്റ്റ് ലൈറ്റ്‌ഹൗസ്, 1940കളുടെ അവസാനം മുതൽ പൂർണ്ണമായും ആളൊഴിഞ്ഞുകിടക്കുകയായിരുന്നു. നീണ്ട ദശാബ്ദങ്ങളോളം ആരുടേയും ശ്രദ്ധ പതിയാതെ കിടന്ന ആ ചരിത്രസ്‌മാരകം പിന്നീട് കടുത്ത നാശത്തിന്റെ വക്കിലെത്തി. വർഷങ്ങളോളം ആരുമില്ലാതെ കിടന്നതിനാൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ചുപോയിരുന്നു. ഇടയ്ക്കുള്ള കാലയളവിൽ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിനും ഇരയായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഷീല കോൺസോൾ ആദ്യമായി ലൈറ്റ്‌ഹൗസിന്റെ താക്കോൽ വാങ്ങി അകത്തേക്ക് പ്രവേശിക്കുമ്പോൾ കെട്ടിടത്തിന്റെ ചുവരുകളിൽ നിന്നൊക്കെ പ്ലാസ്റ്ററും സിമന്റും അടർന്നു വീണ നിലയിലായിരുന്നു. കാറ്റിലും മഴയിലും തകർന്നുപോയ ജനലുകളിൽ താൽക്കാലികമായി പലകകൾ അടിച്ചുറപ്പിച്ചിരുന്നു. ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്.

ആ വലിയ കെട്ടിടത്തിന് ഉള്ളിൽ വൈദ്യുതിയോ കുടിവെള്ളമോ ഫർണിച്ചറുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ ലൈറ്റ്‌ഹൗസിൽ താൻ ചെലവഴിച്ച ആദ്യ രാത്രി അത്യന്തം ദുസ്സഹവും കടുത്ത വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് ഷീല പറയുന്നു. യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ, തടാകത്തിലെ കടുത്ത തണുപ്പിൽ തറയിൽ ഒരു സ്ലീപ്പിങ് ബാഗ് വിരിച്ചാണ് അവർ തന്റെ ജീവിതത്തിലെ ആദ്യ രാത്രി അവിടെ കഴിച്ചുകൂട്ടിയത്.

ഷീല ഈ ലൈറ്റ്‌ഹൗസ് കെട്ടിടത്തിന്റെ ഉടമയാണെങ്കിലും അത് സ്ഥിതി ചെയ്യുന്ന കരയുടെ ഉടമയല്ല എന്നതാണ്. കരയുടെ ഉടമസ്ഥത യു.എസ് ആർമി കോർപ്സ് ഓഫ് എൻജിനീയേഴ്സിനാണ്. അവർക്ക് 25 വർഷത്തെ പാട്ടത്തുകയായി 2,500 ഡോളറാണ് ഷീല നൽകിയത്. ലൈറ്റ്‌ഹൗസിന്റെ ചരിത്രപരമായ മൂല്യം സംരക്ഷിക്കുന്നതിനൊപ്പം പ്രദേശത്തെ ജനങ്ങളുമായി നല്ലൊരു ബന്ധം പുലർത്താനും അവർ ശ്രദ്ധിക്കുന്നുണ്ട്.

യാതൊരുവിധ നഗരസൗകര്യങ്ങളുമില്ലാത്ത പൂർണ്ണമായും 'ഓഫ്-ഗ്രിഡ്' രീതിയിലാണ് ഈ വീട് പ്രവർത്തിക്കുന്നത്. മേൽക്കൂരയിൽ നിന്ന് ശേഖരിക്കുന്ന മഴവെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്താണ് ഉപയോഗിക്കുന്നത്. കൂടാതെ കമ്പോസ്റ്റിങ് ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. സൗരോർജ്ജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും ഉപയോഗിച്ചാണ് പ്രധാനമായും വൈദ്യുതി ഉണ്ടാക്കുന്നത്.

ലൈറ്റ്‌ഹൗസിലേക്ക് റോഡ് സൗകര്യമില്ല. അതിനാൽ ഹെഡ്‌ലാൻഡ്സ് ബീച്ച് സ്റ്റേറ്റ് പാർക്ക് വഴി നടന്ന്, പാറക്കെട്ടുകൾ താണ്ടിയാണ് ഇവിടെയെത്തേണ്ടത്. പലപ്പോഴും ഗ്രോസറികളും സാധനങ്ങളും ഒരു ബാക്ക്പാക്കിൽ നിറച്ചാണ് ഇവർ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്. തണുപ്പുകാലത്ത് ഈ പ്രദേശത്ത് അതിശൈത്യവും ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാൽ, മെയ് മാസം മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാല മാസങ്ങളിൽ മാത്രമാണ് ഷീല ഇവിടെ താമസിച്ച് വരുന്നത്. ഈ ചരിത്ര സ്മാരകം നശിച്ച് പോകാതെ വരുംതലമുറക്കായി സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷീല കോൺസോൾ പറയുന്നു.

Show Full Article
TAGS:lighthouse restoration auction Travel Explore Landmark 
News Summary - The 68-Year-Old Who Restored a Century-Old Lake Erie Lighthouse
Next Story