അക്ഷരങ്ങളിലെ കവിതയായി ഈ കാലിഗ്രഫി...
text_fieldsഫാത്തിമ റാഫി, ഫാത്തിമ റാഫിയുടെ കാലിഗ്രഫി
കുവൈത്ത് സിറ്റി: അറബി അക്ഷരങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. നീണ്ടും, ചരിഞ്ഞും ചാഞ്ഞും, കുത്തും പുള്ളികളുമായി സ്വയം അവയൊരു കലാരൂപമാണ്. കുറെക്കൂടി മികവോടെ വിന്യസിച്ചാൽ ഈ അക്ഷരങ്ങൾക്ക് ചന്തം കൂടും. കാവ്യ-നൃത്ത ഭംഗികൾ നിറഞ്ഞതാകും. അക്ഷരങ്ങൾകൊണ്ട് ഫാത്തിമ റാഫി ചെയ്യുന്നതും അതാണ്. കലാമികവാർന്ന മനസ്സും വിരലുകളും കൊണ്ട് കാലിഗ്രഫിയിൽ ചുവടുറപ്പിക്കുകയാണ് ഈ വിദ്യാർഥി.
കുവൈത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മുഹമ്മദ് റാഫിയുടെയും സലീലയുടെയും മകൾ ഫാത്തിമ റാഫി കോവിഡിന്റെ തുടക്കത്തിൽ ലോക്ഡൗൺ സമയത്താണ് കാലിഗ്രഫി രംഗത്തേക്ക് തിരിഞ്ഞത്. പത്താം ക്ലാസിലായിരുന്നു ഫാത്തിമ. പഠനം പൂർണമായി മുടങ്ങിയതോടെയുള്ള ശൂന്യത നികത്താനാണ് പുതിയ മേഖലയിലേക്ക് ശ്രദ്ധ നൽകിയത്. സമൂഹമാധ്യങ്ങളിൽ ഇത്തരം വർക്കുകൾ കണ്ടതും പ്രചോദനമായി. നേരത്തേ ചിത്രരചനയിലും ക്രാഫ്റ്റ് വർക്കുകളിലും മികവ് പുലർത്തിയതായിരുന്നു ആത്മവിശ്വാസം. ഇവക്ക് സ്കൂൾതലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
അങ്ങനെ, യുട്യൂബ്, ഗൂഗ്ൾ എന്നിവ നോക്കിയും ഇന്റർനെറ്റിൽ പലരുടെയും വർക്കുകൾ കണ്ടും മനസ്സിലാക്കിയും ഫാത്തിമയും അതുപോലെ വിരലുകൾ ചലിപ്പിച്ചു. കൗതുകത്തോടെയാണ് തുടങ്ങിയതെങ്കിലും പ്രതീക്ഷിച്ചതിലും വലുതായിരുന്നു ഫലം. കണ്ടവരെല്ലാം നല്ലതു പറഞ്ഞു. കാലിഗ്രഫിക്ക് ആവശ്യക്കാരുമെത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടുചുമരിലും ടേബിളിലുമൊക്കെ ഫാത്തിമയുടെ മനോഹരമായ കൈയെഴുത്തുകൾ എത്തി.
ഖുർആൻ സൂക്തങ്ങളാണ് ഫാത്തിയ കാലിഗ്രഫിക്ക് പ്രമേയമാക്കുന്നത്. ഖുർആനിൽ നിന്നുള്ള ‘ആയത്തുൽ ഖുർസി’ 13 സെന്റീമീറ്ററിൽ മനോഹരമായി കാലിഗ്രഫി ചെയ്തതിന് ഈ വർഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനും ഫാത്തിമ അർഹയായി. പാനൂർ പള്ളിക്കമ്മിറ്റി നടത്തിയ മത്സരത്തിലും ഒന്നാമതെത്തി. അറബിക്ക് പുറമെ, ഇംഗ്ലീഷിലും കാലിഗ്രഫി ചെയ്യുന്നുണ്ട്.
വരയിൽ നിന്നു കിട്ടുന്ന സംതൃപ്തിയാണ് ഈ രംഗം ഫാത്തിമ ഇഷ്ടപ്പെടാൻ കാരണം. മാനസിക ഉല്ലാസത്തിന് വരയോളം നല്ലൊരു മേഖലയില്ല എന്നാണ് ഫാത്തിമയുടെ പക്ഷം. വര തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷം പിന്നിട്ടു. സാൽമിയ ഐ.സി.എസ്.കെ സീനിയർ സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയാണിന്ന് ഫാത്തിമ. സഹോദരങ്ങളായ റൂഷ്ഫിദയും, ആമിനയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.