മാളുചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പൊലീസ്
text_fieldsതിരൂർ പൊലീസ് സ്റ്റേഷനിൽ മാളുചേച്ചിക്ക് നൽകിയ സ്നേഹാദരം
തിരൂർ: പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പാർട്ട് ടൈം സ്വീപ്പറായി സേവനം അനുഷ്ഠിക്കുന്ന മാളുക്കുട്ടി എന്ന മാളുചേച്ചിയുടെ ജന്മദിനത്തിന് ഇത്തവണ പ്രത്യേകതയുണ്ടായിരുന്നു. 35 വർഷമായി ഓരോ പ്രഭാതവും സ്റ്റേഷന്റെ വാതിൽ തുറന്ന് ശുചിത്വം പകരുന്ന മാളുവിന് വേണ്ടി ഈ തവണ സ്റ്റേഷൻ തന്നെയാണ് ജന്മദിനാഘോഷം സന്തോഷവേളയാക്കിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.
മാളുവിന് കേക്ക് മുറിച്ച് മധുരം നൽകിയപ്പോൾ പൊലീസുകാർ ജന്മദിന ആശംസകൾ അറിയിച്ചു. മാളുവിന് പൊലീസ് സ്റ്റേഷൻ, ട്രാഫിക് യൂനിറ്റ്, ഡി.വൈ.എസ്.പി ഓഫിസ് എന്നിവർ ചേർന്ന് സ്നേഹസമ്മാനങ്ങൾ നൽകി. സ്നേഹത്തോടെ മനോഹരമായ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണെന്ന് മാളു പറഞ്ഞു. മാളു ചേച്ചി സ്വന്തം കൈകളാൽ തയാറാക്കിയ പായസം, ബിരിയാണി, നെയ്ചോറ് എന്നിവ പൊലീസുകാരുമായി പങ്കിട്ടപ്പോൾ അതൊരു കുടുംബസംഗമമായി.
സേവനത്തിനും ആത്മാർഥതക്കും ആദരവായി തിരൂർ പൊലീസ് ഒരുക്കിയ ജന്മദിനാഘോഷം മാളു ചേച്ചിക്ക് മനുഷ്യബന്ധങ്ങളുടെ ഹൃദയസ്പർശിയായ ഓർമയായി. ആഘോഷത്തിന് പ്രിൻസിപ്പിൽ എസ്.ഐ സുജിത്ത്, എസ്.ഐമാരായ മധു, ബിജുജോസഫ്, ഷിബു, നിർമൽ, ബാബു, റൈറ്റർമാരായ വിജേഷ്, അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനമൈത്രി പൊലീസ് കോഓഡിനേറ്റർ നസീർ തിരൂർക്കാട് നന്ദി പറഞ്ഞു.


