Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅതിരുകളില്ലാത്ത...

അതിരുകളില്ലാത്ത ട്രക്ക് ട്രാവൽ

text_fields
bookmark_border
അതിരുകളില്ലാത്ത ട്രക്ക് ട്രാവൽ
cancel

യാത്ര പോകണം... എല്ലാവരെയും പോലെ ജലജയും ആ മോഹം ഭർത്താവും പുത്തേട്ട് ട്രാൻസ്പോർട്ട് ഉടമയുമായ രതീഷിനോട് പറഞ്ഞു. രതീഷ് ലോറിയുടെ ചാവി ജലജയുടെ കൈയിൽ വെച്ചുെകാടുത്തു. ലോറി ഓടിക്കാമെങ്കിൽ എവിടെ വേണമെങ്കിലും പോകാം. അതൊരു തുടക്കമായിരുന്നു. അങ്ങനെ 2022ൽ തുടങ്ങിയ യാത്ര ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും നേപ്പാളും കണ്ട് ഇപ്പോഴും തുടരുന്നു. ‘പുത്തേട്ട് ട്രാവൽ വ്ലോഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളും ഇവർക്കൊപ്പം സഞ്ചരിക്കുകയാണ്.

ആദ്യം കണ്ടത് കശ്മീർ

2003ലായിരുന്നു ജലജയുടെ വിവാഹം. മുണ്ടക്കയം കോരുത്തോട്ടിലെ വീട്ടിൽനിന്ന് ഏറ്റുമാനൂരിലെ വീട്ടിലെത്തിയത് യാത്രയെ പ്രണയിക്കുന്ന മനസ്സുമായാണ്. ആ വർഷംതന്നെയാണ് രതീഷ് ആദ്യത്തെ ലോറി വാങ്ങുന്നത്. എന്നാലന്ന് വണ്ടി ഓടിക്കാനൊന്നും സമയം കിട്ടിയില്ല. രതീഷ് ട്രക്കിൽ ചരക്കുമായി മുംബൈയിലേക്ക് പോയപ്പോൾ കൂടെക്കൂട്ടി. അന്നാണ് വാഹനം ഓടിക്കണമെന്ന മോഹം തോന്നിയത്. 2014ൽ ഫോർവീലർ ലൈസൻസും നാലുവർഷം കഴിഞ്ഞ് െഹവിയുമെടുത്തു. എന്നിട്ടും മടിയായിരുന്നു. രതീഷിന്‍റെ പ്രോത്സാഹനം കൂടിയായപ്പോൾ എന്നാൽ പിന്നെ അങ്ങുപോയേക്കാം എന്നുകരുതി. ആദ്യയാത്ര പെരുമ്പാവൂരിൽനിന്ന് പ്ലൈവുഡ് കയറ്റി പുണെയിലേക്ക് ആയിരുന്നു. അവിടെനിന്ന് സവാളയുമായി കശ്മീരിലേക്ക്. അതോടെ ധൈര്യമായി.

ഡ്രൈവിങ് സീറ്റിലെ വനിത കൗതുകം

ഡ്രൈവിങ് സീറ്റിലെ വനിതയോട് മറ്റ് ഡ്രൈവർമാരും പൊലീസ് ഉദ്യോഗസ്ഥരും അടക്കം മാന്യമായാണ് പെരുമാറിയത്. കശ്മീർയാത്രയിൽ അങ്ങോട്ട് പോകുമ്പോൾ ആറു ദിവസവും മടക്കയാത്രയിൽ ആറു ദിവസവും വഴിയിൽ കിടന്നു. മണ്ണിടിച്ചിൽമൂലം ലോറികൾ കടത്തിവിടുന്നില്ലായിരുന്നു. പിറകിലെ ലോറികളിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാർ. ഒരു പ്രശ്നവുമുണ്ടായില്ല.

നാട്ടുകാർക്കും കൗതുകമാണ്. ചരക്കുമായി പോകുന്നതിനിടയിൽ സമയമുണ്ടെങ്കിലാണ് നാട് കാണാനിറങ്ങുക. പെട്ടെന്ന് എത്തിക്കേണ്ടതോ കേടാവുന്നതോ ആയ വസ്തുക്കളാണ് ലോറിയിലെങ്കിൽ പെട്ടെന്നു മടങ്ങും. ചിലപ്പോൾ ലോഡ് കയറ്റാൻ ദിവസങ്ങളെടുക്കും. ആ സമയംകൊണ്ട് നാടുചുറ്റും. പല രീതിയിലുള്ള ആളുകൾ, അവരുടെ ജീവിതരീതികൾ, ഭക്ഷണം എല്ലാം മനസ്സിലാക്കും. ഇപ്പോൾ ഹിന്ദി കേട്ടാൽ മനസ്സിലാവും. തിരിച്ചുപറയാൻ പഠിച്ചുവരുന്നതേയുള്ളൂ.

വിശ്വാസം അതാണ് എല്ലാം

സ്ത്രീകൾ ബസും വിമാനവുമെല്ലാം ഓടിക്കുന്നുണ്ട്. എന്നാൽ, ചരക്കുലോറി ഓടിക്കുന്നവർ കുറവാണ്. അതിനുകാരണം വിശ്വാസമുള്ളവർ കൂടെയില്ലാത്തതാകാമെന്ന് രതീഷും ജലജയും പറയുന്നു. ദിവസങ്ങേളാളം ലോറിയിൽ ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ കഴിയണം. രതീഷ് തന്‍റെ ലോറി ഓടിക്കുന്ന ഡ്രൈവർമാർക്ക് ഒരു ഓഫർ നൽകിയിരുന്നു. നിങ്ങളിലാർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ അവരവരുടെ ഭാര്യമാരെ കൂടെക്കൂട്ടാം. ആരും ആ വാഗ്ദാനം സ്വീകരിച്ചില്ല. ഇത്രനാളത്തെ യാത്രക്കിടെ ഒരേയൊരു വനിതയെയാണ് ട്രക്ക് ൈഡ്രവറായി കണ്ടത്. തമിഴ്നാട്ടുകാരിയായ അവർ ഭർത്താവിനൊപ്പമാണ് ലോറി ഓടിക്കുന്നത്.

യാത്രക്കിടെ അമ്മയോടൊപ്പം

കൂട്ടുകുടുംബത്തിന്‍റെ കൂട്ട്

രതീഷും അനിയൻ രാജേഷും അമ്മക്കൊപ്പം ഒറ്റവീട്ടിൽ കുടുംബമായാണ് താമസിക്കുന്നത്. രതീഷിന്‍റെ മക്കളായ ദേവികയും ഗോപികയും രാജേഷിന്‍റെ ഭാര്യ സൂര്യയും മൂന്നുമക്കളും പത്തുപേരാണ് കുടുംബാംഗങ്ങൾ. ദേവകി കളമശേരി രാജഗിരി കോളജിൽ ഡിഗ്രി വിദ്യാർഥിനിയാണ്. ഗോപിക ചെന്നൈയിൽ ബി.ബി.എ വിദ്യാർഥിനിയും. ലഡാക് യാത്രയിൽ 5900 കിലോമീറ്റർ ട്രക്ക് ഓടിച്ചത് ദേവികയാണ്. എല്ലാവരും യാത്രപോകുന്നതു കണ്ട് രാജേഷിന്‍റെ ഭാര്യ സൂര്യക്ക് സങ്കടമാണ്. തനിക്കു പോകാൻ കഴിയുന്നില്ലല്ലോ എന്ന്. സൂര്യയും ലൈസൻസ് എടുത്തു. ഇനി നാത്തൂൻമാർ ഒരുമിച്ചുള്ള യാത്രയും പ്രതീക്ഷിക്കാമെന്നു പറയുന്നു രതീഷ്.

പുട്ട് തൊട്ട് മട്ടൻകറി വരെ

യാത്രക്കിടയിൽ അരിഞ്ഞും വേവിച്ചും മെനക്കെടണ്ടല്ലോ എന്നു കരുതി ലോറി ഡ്രൈവർമാർ എളുപ്പമുള്ള ഭക്ഷണമാണുണ്ടാക്കാറ്. എന്നാൽ ജലജയുണ്ടെങ്കിൽ എല്ലാം വീട്ടിെലപ്പോലെയാണ്. ചോറും കറിയും തോരനും അച്ചാറും ചമ്മന്തിയുമെല്ലാം ഉണ്ടാവും. ചിക്കനും മട്ടനും മീനും കറിവെക്കും.

പുട്ടും കപ്പയും കാന്താരി ചതച്ചതും തരാതരം പോലെ കിട്ടും. പാചകത്തിനുള്ള കുത്തരിയും വെളിച്ചെണ്ണയും നാളികേരവും വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ തന്നെ വണ്ടിയിൽ എടുത്തുെവക്കും. ബാക്കി സാധനങ്ങളെല്ലാം ചെല്ലുന്നിടത്തുനിന്ന് വാങ്ങാറാണു പതിവ്. സ്റ്റൗവും മിക്സിയും ഇരിക്കാനായി മടക്കിവെക്കാവുന്ന കസേരകളും ചെറിയ മേശയും വണ്ടിയിലുണ്ട്. ലോറി തങ്ങൾക്കിപ്പോൾ വീടുപോലെയാണെന്നാണ് ജലജ പറയുന്നത്.

75കാരി അമ്മയും കൂടി

പെട്രോൾ പമ്പുകളിലെയും ടോൾ ബൂത്തുകളിലെയും ടോയ്ലറ്റുകളും വാഷ് മുറികളുമൊക്കെ ആയിരുന്നു യാത്രയിൽ ആശ്രയം. വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്തതുമാത്രമാണ് യാത്രയിൽ വലിയ ബുദ്ധിമുട്ടായി തോന്നിയത്. കുളി രണ്ടു ദിവസം കൂടുമ്പോൾ മാത്രമാക്കി. പെട്രോൾപമ്പുകളിൽ സൗകര്യമില്ലെങ്കിൽ മാത്രം ഒരു മണിക്കൂർ നേരത്തേക്ക് മുറിയെടുക്കും.

തുടർച്ചയായി മാറി മാറി വാഹനം ഓടിക്കുന്നതിനാൽ വിശ്രമത്തിനായി നിർത്തിയിടേണ്ടിവന്നിട്ടില്ല. ലോറിയുടെ കാബിനിലെ സീറ്റ് നിവർത്തിയിട്ട് കിടക്കാൻ പാകത്തിലാക്കി. ഒരാൾ ഓടിക്കുമ്പോൾ മറ്റൊരാൾ ഉറങ്ങും. മേഘാലയ യാത്രക്കിടെ മോഷ്ടാക്കൾ ലോറിയിൽ കയറി പടുത മുറിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. മുംബൈക്കും ഹരിദ്വാറിലേക്കും 75കാരിയായ അമ്മ ലീലയെയും കൂെടക്കൂട്ടി. കാറിലെ യാത്രയെക്കാൾ അമ്മക്കിഷ്ടപ്പെട്ടത് ട്രക്കിലെ യാത്രയാണ്. ലോകം കാണാനിറങ്ങാൻ ഏറ്റവും നല്ല വാഹനം ട്രക്ക് ആണെന്നാണ് അമ്മ പറയുന്നത്. കാറിലും ​െബെക്കിലും യാത്രചെയ്താലൊന്നും ആ വൈബ് കിട്ടില്ല.

ഉയരത്തിലിരുന്ന് കാഴ്ചകൾ കാണാം. കാറിലെപ്പോലെ ചടഞ്ഞിരിക്കുകയും വേണ്ട. പ്രത്യേകിച്ച് പണച്ചെലവുമില്ല. 40-45 കിലോമീറ്റർ വേഗതയിലാണ് യാത്ര. 22 ദിവസം കഴിഞ്ഞാണ് അന്ന് വീട്ടിൽ തിരിച്ചെത്തിയത്. ജലജയുടെ യാത്രയിൽ കൂടെയുണ്ടാവുക രതീഷും ബന്ധുവായ അനീഷുമാണ്. ചിലപ്പോൾ അനിയൻ രാജേഷും.

Show Full Article
TAGS:jalaja ratheesh puthettu travel vlog women lorry driver 
News Summary - women lorry driver jalaja ratheesh by puthettu travel vlog
Next Story