ചിതാഭസ്മം എത്തിക്കാൻ താഹിറ; രാജ്കുമാറിന് സ്വന്തം മണ്ണിൽ അന്തിയുറങ്ങാം
text_fieldsരാജ്കുമാറിന്‍റെ ചിതാഭസ്മവുമായി താഹിറയും സിജോ പോളും, കന്യാകുമാരിയിലെ രാജ്കുമാറിന്‍റെ പ്രതീകാത്മക കല്ലറ
ദുബൈ: ഇന്ത്യയുടെ തെക്കേ അതിരായ കന്യാകുമാരിയിൽ, ചുറ്റും പൂക്കൾ വിതറി ചന്ദനത്തിരിയും മെഴുകുതിരിയും കത്തിച്ചുവെച്ച ഒരു കല്ലറയുണ്ട്. രാജ്കുമാർ തങ്കപ്പൻ എന്ന ദുബൈക്കാരനായ പ്രവാസിയുടേതാണത്. മക്കളും ബന്ധുക്കളും അടങ്ങുന്ന കുടുംബം ഇവിടെ പ്രാർഥിക്കുമ്പോൾ അവരുടെ ഉള്ളകം തേങ്ങുകയാണ്. ആ കല്ലറയിൽ രാജ്കുമാറിന്‍റെ മൃതശരീരം അടക്കം ചെയ്തിട്ടില്ലെന്നതുതന്നെ കാരണം. ദുഃഖം ഉള്ളിലൊതുക്കി പ്രതീകാത്മക കല്ലറയിൽ ഇവർ പ്രാർഥിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു.
ആ വേദന ഇറക്കിവെക്കാൻ വഴിയൊരുങ്ങുകയാണ്. അൽഐനിലെ ആരോഗ്യപ്രവർത്തകയും സാമൂഹികപ്രവർത്തകയുമായ കോഴിക്കോട് മൂഴിക്കൽ സ്വദേശിനി താഹിറ കല്ലുമുറിക്കലാണിതിന് നിമിത്തമാവുന്നത്.
2020 മേയ് 14നാണ് രാജ്കുമാർ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതേ സമയംതന്നെ നാട്ടിൽ ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് പിടിയിലായിക്കഴിഞ്ഞിരുന്നു. രാജ്കുമാറിന്റെ വിയോഗവാർത്ത കന്യാകുമാരിയിലെ വീട്ടിൽ അറിയുമ്പോൾ, ദിവസങ്ങൾക്കുമുമ്പ് അമ്മ വിട്ടുപിരിഞ്ഞ വേദനയിലായിരുന്നു അദ്ദേഹത്തിന്റെ മക്കൾ. കോവിഡ് കാരണം നാട്ടിലെത്തിക്കാൻ സാധ്യമല്ലാത്തതിനാൽ രാജ്കുമാറിന്റെ മൃതദേഹം അൽഐനിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മം അജ്മാൻ ഖലീഫ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു.
വിവരമറിഞ്ഞ മക്കൾ പിതാവിന്‍റെ ചിതാഭസ്മമെങ്കിലും കാണണമെന്ന് അതിയായി ആഗ്രഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച സന്ദേശം ദുബൈയിൽ ജോലിചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോ പോൾ അറിഞ്ഞു. എങ്ങനെയെങ്കിലും സിജോക്ക് ആ ചിതാഭസ്മം നാട്ടിലെത്തിക്കണമെന്ന് തോന്നി. നാട്ടിൽനിന്ന് രേഖകൾ വരുത്തിച്ച് ആശുപത്രിയിൽനിന്ന് അദ്ദേഹം ചിതാഭസ്മം കൈപ്പറ്റി. എന്നാൽ, മൃതദേഹം കൊണ്ടുപോകുന്നതുപോലെ ഇതിനും അനേകം കടമ്പകൾ ബാക്കിയുണ്ടായിരുന്നു. അതിനിടയിൽ ജോലി പ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ സാധിക്കാതെവന്നതോടെ സിജോക്ക് തന്‍റെ ആഗ്രഹം പൂർത്തീകരിക്കാനായില്ല.
അതിനിടയിൽ സുഹൃത്തിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പ് കണ്ട് രാജ്കുമാറിന്‍റെ കുടുംബവുമായി താഹിറ ബന്ധപ്പെട്ടിരുന്നു. എഴുത്തുകാരി കൂടിയായ ഇവർ കോവിഡ് കാലത്തെ അനുഭവങ്ങൾ സമാഹരിച്ച് എഴുതിയ 'ഈ സമയവും കടന്നുപോകും' എന്ന പുസ്തകം വിറ്റ് ലഭിച്ച പണം രാജ്കുമാറിന്‍റെ മകന്‍റെ പഠനത്തിന് എത്തിച്ചുനൽകിയിരുന്നു. തുടർന്നാണ് പിതാവിന്‍റെ ചിതാഭസ്മം ദുബൈയിൽ ഒരാൾ സൂക്ഷിക്കുന്ന വിവരം ഇവരോട് മക്കൾ വെളിപ്പെടുത്തുന്നത്. തുടർന്ന് താഹിറ സിജോയുമായി ബന്ധപ്പെട്ട് ചിതാഭസ്മം എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ദുബൈ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂർത്തീകരിച്ചതായി അൽഐൻ ആരോഗ്യവകുപ്പിൽ ഓഡിയോളജിസ്റ്റായ താഹിറ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. നടപടിക്രമം പൂർത്തീകരിക്കാനും മറ്റും ഐ.ടി കമ്പനി ജീവനക്കാരനായ ഭർത്താവ് ഫസൽറഹ്മാന്‍റെയും മക്കളുടെയും പൂർണ പിന്തുണയുണ്ട്. വീട്ടിൽ മക്കളുടെ കാര്യങ്ങൾ നോക്കുന്ന സ്ത്രീ നാട്ടിലായതിനാൽ അവർ തിരിച്ചെത്തിയാലാണ് യാത്ര പുറപ്പെടുക.
രണ്ടാഴ്ചക്കുള്ളിൽ രാജ്കുമാറിന്‍റെ കുടുംബത്തിന് ചിതാഭസ്മം കൈമാറാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. മൃതദേഹം ഗൾഫിൽ ദഹിപ്പിച്ച ശേഷം ചിതാഭസ്മം നാട്ടിലെത്തിക്കുന്ന അപൂർവത കൂടി സംഭവത്തിനുണ്ട്.