ആറളം ഫാമിലെ ആദ്യ ഡോക്ടറാകാൻ ഉണ്ണിമായ
text_fieldsഉണ്ണിമായ അമ്മ ബിന്ദു, സഹോദരി ലയ, അച്ഛൻ മോഹൻ എന്നിവർക്കൊപ്പം
കേളകം: ആറളം ഫാം പത്താം ബ്ലോക്കിലെ സി.ആർ. മോഹനൻ-ബിന്ദു ദമ്പതികളുടെ മകൾ ഉണ്ണിമായ ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുതിയൊരു ബഹുമതി കൊണ്ടുവരാനുള്ള ചുവടുവെപ്പിലാണ്. അഞ്ചു വർഷം കഴിഞ്ഞാൽ ഫാമിൽനിന്നും ആദ്യം ഡോക്ടറാകുന്ന ആളാകും ഈ 24 കാരി.
ആദിവാസി വിഭാഗത്തിലെ കുറിച്യാ സമുദായാംഗമായ ഉണ്ണിമായ ശനിയാഴ്ച വയനാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എിസിന് പ്രവേശിച്ചു. സംസ്ഥാന തലത്തിൽ എസ്.ടി വിഭാഗത്തിൽ 37ാം റാങ്ക് നേടി ഉണ്ണിമായ തിളങ്ങുന്ന വിജയമാണ് നേടിയത്. എം.ബി.ബി.എസിനോടുള്ള അടങ്ങാത മോഹം കാരണം കൈയിൽ കിട്ടിയ ബി.ഡി.എസ് പഠനം രണ്ട് വർഷത്തിനു ശേഷം പാതിയിൽ ഉപേക്ഷിച്ചു. കർഷക തൊഴിലാളികളായ അച്ഛനും അമ്മക്കുമൊപ്പം ഫാം പുരധിവാസ മേഖലയാകെ ഉണ്ണിമായയുടെ നേട്ടത്തിൽ ആഹ്ലാദിക്കുകയാണ്.
പട്ടികവർഗ വികസന വകുപ്പിന്റെ ഇരിട്ടിയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് ഇരിട്ടി ഹൈസ്കൂളിൽനിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽനിന്നും സയൻസിൽ പ്ലസ്ടുവും കഴിഞ്ഞ ശേഷം ഒരു വർഷം എൻട്രൻസ് കോച്ചിങിനും ചേർന്നിരുന്നു. കുഞ്ഞുനാളിലെ മോഹമാണെന്നും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഡോക്ടറാകുമെന്നും ഉണ്ണിമായ പറഞ്ഞു. ഏക സഹോദരി ലയ പ്ലസ്ടു പഠനശേഷം സർക്കാർ സർവിസിലേക്കായി പി.എസ്.സി പരിശീലനത്തിലാണ്.