അരനൂറ്റാണ്ട് പിന്നിട്ട് പൊന്നമ്മയുടെ അപേക്ഷകൾ
text_fieldsവില്ലേജ് ഓഫിസിന് മുന്നിലിരുന്ന് അപേക്ഷ എഴുതുന്ന പൊന്നമ്മ
ഹരിപ്പാട്: ‘ബഹുമാനപ്പെട്ട കൃഷ്ണപുരം വില്ലേജ് ഓഫീസർ മുമ്പാകെ...’ കൃഷ്ണപുരം വില്ലേജ് ഓഫിസർക്ക് പൊന്നമ്മയെപ്പോലെ ഇത്രയധികം അപേക്ഷ എഴുതിയവർ ഉണ്ടാവില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 17ാം വയസ്സിൽ തുടങ്ങിയ അപേക്ഷയെഴുത്ത് 75ാം വയസ്സിലും തുടരുകയാണ് കായംകുളം നഗരസഭ 30ാം വാർഡിൽ താമസിക്കുന്ന ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ പൊന്നമ്മ. വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് അപേക്ഷ എഴുതി നൽകുന്ന പൊന്നമ്മയെ അറിയാത്ത ഗ്രാമവാസികൾ കുറവാണ്.
അന്നത്തെ കാലത്ത് ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയതിനാൽ അയൽവാസികൾ വീട്ടിലെത്തി അപേക്ഷ എഴുതിക്കുമായിരുന്നു. ഇത് പതിവായതോടെ അപേക്ഷയെഴുത്ത് ശീലമായി. കായംകുളം വില്ലേജ് ഓഫിസിൽനിന്ന് വേർപെട്ട് കൃഷ്ണപുരം വില്ലേജ് ഓഫിസ് വീടിനടുത്തുള്ള മുക്കടയിൽ ആരംഭിച്ചതോടെ പൊന്നമ്മ അപേക്ഷ എഴുത്ത് തൊഴിലായി സ്വീകരിക്കുകയായിരുന്നു. അങ്ങനെ കൃഷ്ണപുരം വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥിരം സാന്നിധ്യമായി.
റോഡിന്റെ പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ചിരുന്ന പൊന്നമ്മയുടെ കുടുംബത്തിന് നിത്യജീവിതത്തിനുള്ള വഴിയാണ് ഇതിലൂടെ തുറന്നുകിട്ടിയത്. വിദ്യാഭ്യാസ ആവശ്യത്തിനായി പൊന്നമ്മയെ കൊണ്ട് അപേക്ഷ എഴുതിച്ച പലരും പതിറ്റാണ്ടുകൾ കഴിഞ്ഞ് മറ്റൊരാവശ്യത്തിനായി വില്ലേജിൽ എത്തുമ്പോഴും അപേക്ഷ എഴുതി നൽകുന്നത് പൊന്നമ്മയാണെന്ന കൗതുകം പലരും പങ്കുവെക്കാറുണ്ട്. 1998ൽ ഭർത്താവ് രാഘവൻ മരണപ്പെട്ടതോടെ ജീവിത പ്രയാസങ്ങൾ ഏറി.
ആയിരക്കണക്കിന് ആളുകളുടെ വിവിധ പ്രശ്നങ്ങളാണ് പൊന്നമ്മയുടെ അപേക്ഷയിലൂടെ പരിഹാരം കണ്ടിട്ടുള്ളത്. എന്നാൽ ആറ് പതിറ്റാണ്ടിലേറെ കാലം ജീവിച്ച ഭൂമിയിൽ നിന്ന് ചെറിയ തുക നൽകി റെയിൽവേ അധികൃതർ ഇറക്കിവിട്ടതിൽ ന്യായമായ അവകാശങ്ങൾ അധികാരികളിൽ നിന്നും നേടിയെടുക്കാൻ പൊന്നമ്മക്കായില്ല. 2023 ലാണ് റെയിൽവേ ഓവർ ബ്രിഡ്ജിനു വേണ്ടി ഇവർ താമസിച്ചിരുന്ന സ്ഥലം ഏറ്റെടുത്തത്. രണ്ട് ആൺ മക്കളാണ് ഇവർക്കുള്ളത്.
സ്വന്തമെന്ന് കരുതിയ നാല് സെന്റ് ഭൂമി നഷ്ടപ്പെട്ടതോടെ കുടുംബം വഴിയാധാരമായി. മൂത്തമകൻ രാധാകൃഷ്ണനോടൊപ്പം മാമ്പ്ര കന്നേൽ ഭാഗത്ത് വാടകവീട്ടിലാണ് കഴിയുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം രാധാകൃഷ്ണന് എന്നും പണിക്കു പോകാൻ കഴിയാറില്ല. പൊന്നമ്മയുടെ വരുമാനം കൂടി ചേർന്നാലേ പട്ടിണി കൂടാതെ ഇവർക്ക് കഴിയാൻ പറ്റൂ.
അപേക്ഷകൾ അധികവും ഓൺലൈൻ വഴി ആയതോടെ പൊന്നമ്മയെ തിരക്കി വരുന്നവർ അപൂർവമായി. ഹൃദ്രോഗം അലട്ടുന്നുണ്ടെങ്കിലും അപേക്ഷയുടെ കെട്ടുകളുമായി കൃഷ്ണപുരം വില്ലേജ് ഓഫിസിന് മുന്നിൽ എത്തുന്ന പതിവ് ഇന്നുവരെ പൊന്നമ്മ തെറ്റിച്ചിട്ടില്ല.