മഞ്ചേരി നഗരസഭ ചെയർപേഴ്സൻ പദവിയിൽ തുടർച്ചയായി 3359 ദിനങ്ങൾ പിന്നിട്ട് വി.എം. സുബൈദ
text_fieldsവി.എം. സുബൈദ
മലപ്പുറം: മഞ്ചേരി നഗരസഭയുടെ അധ്യക്ഷ പദവി ഏറ്റവും കൂടുതൽ കാലം അലങ്കരിച്ച റെക്കോഡ് ഇനി നിലവിലെ ചെയർപേഴ്സൻ വി.എം. സുബൈദയുടെ കൈകളിൽ ഭദ്രം. ഈ വനിത ദിനം കൂടി പിന്നിടുമ്പോൾ തുടർച്ചയായി 3359 ദിവസമാണ് വി.എം. സുബൈദ നഗരമാതാവായത്.
ഈ ഭരണസമിതിയുടെ കാലാവധി ഡിസംബർ വരെ ഉള്ളതിനാൽ ഈ റെക്കോഡ് തകരാൻ സാധ്യത കുറവ്. 2005ലാണ് ആദ്യ വനിത ചെയർപേഴ്സൻ മഞ്ചേരിക്കുണ്ടാകുന്നത്. 2005 മുതൽ 2010 വരെ സഫർ ശാന്ത ചെയർപേഴ്സനായി. 2015ലാണ് 12ാം ചെയർപേഴ്സനായി വി.എം. സുബൈദ അധികാരത്തിലെത്തിയത്. 2010ൽ ആദ്യമായി നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെ തേടിയെത്തിയത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ.
2015ൽ വട്ടപ്പാറ വാർഡിൽ ജയിച്ചതോടെ എത്തിയത് ചെയർപേഴ്സൻ കസേരയിലേക്ക്. അഞ്ച് വർഷക്കാലം മഞ്ചേരിയെ നയിച്ചു. 2020ൽ ചുള്ളക്കാട് വാർഡിൽനിന്ന് വീണ്ടും കൗൺസിലറായി. ഭരണമികവും അനുഭവസമ്പത്തും കൈമുതലാക്കി വി.എം. സുബൈദ വീണ്ടും നഗരസഭ ചെയർപേഴ്സനായി. നഗരസഭയുടെ ഓഫിസ് കം ഷോപ്പിങ് കോപ്ലംക്സ് കെട്ടിടം പൂർത്തിയാക്കി ഈ ഭരണസമിതിയുടെ കാലത്താണ്. വനിതകൾക്കായി കുടുംബശ്രീ മുഖേനയും വ്യവസായ വകുപ്പ് മുഖേനയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മിഷൻ 100, മിഷൻ -500 എന്ന പേരുകളിൽ വനിതകൾക്കായി സംരഭങ്ങൾ ആരംഭിക്കാൻ നഗരസഭ സബ്സിഡി നൽകി പിന്തുണയുമായി ഒപ്പം നിന്നു.
കരുവമ്പ്രത്തെ വ്യവസായ പാർക്കിലൂടെയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. നഗരസഭയിലെ ഹരിതകർമ സേനയുടെ വിപുലപ്പെടുത്തിയതോടെ ഈ മേഖലയിലും നിരവധി പേർക്ക് ജോലി ലഭിച്ചു. സംസ്ഥാനത്ത് തന്നെ പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വീടുകൾ അനുവദിച്ചു.
നഗരത്തിലെ ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം, ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിടം, വിവിധ സ്കൂളുകളുടെ നവീകരണം, ഓപൺ ജിം, ആറ് ജനകീയ ആരോഗ്യ (വെൽനസ് സെന്റർ) കേന്ദ്രങ്ങൾ, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 23 കോടി രൂപയുടെ കുടിവെള്ള പദ്ധതി, നഗരസഭയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് പൊതുകുളങ്ങൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം, ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിടം, ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ അംഗൻവാടികളുള്ള നഗരസഭയിൽ ഭൂരിഭാഗം അംഗൻവാടികളും സ്മാർട്ടാക്കി തുടങ്ങി ഒട്ടേറെ വികസന പദ്ധതികളും ഈ കാലയളവിൽ നടപ്പാക്കി.