ജനറൽ വാർഡിൽ മിന്നും വിജയം കൈവരിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർഥി മുനീറ നാസർ
text_fieldsമുനീറ നാസർ
എടപ്പാൾ: ജനറൽ വാർഡിൽ പുരുഷ സ്ഥാനാർഥികളോട് കട്ടക്ക് നിന്ന് പോരാടി മിന്നും വിജയം കൈവരിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർഥി മുനീറ നാസർ. എടപ്പാൾ പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടപ്പാൾ അങ്ങാടിയിലാണ് 193 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തിയത്. യു.ഡി.എഫിന് ആധിപത്യമുള്ള എടപ്പാൾ അങ്ങാടി വാർഡ് ജനകീയ ആസൂത്രണത്തിന് ശേഷം 2020 വരെ ലീഗിന്റെ കോട്ടയായിരുന്നു. 2020ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മുനീറ നാസർ ആദ്യമായി വെൽഫെയർ പാർട്ടിക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നത്.
അന്ന് വനിത വാർഡ് ആയിരുന്ന എടപ്പാൾ അങ്ങാടിയിൽനിന്ന് 296 വോട്ടുകളോടെയാണ് ലീഗ് സ്ഥാനാർഥി റംലയെ പരാജയപ്പെടുത്തി വാർഡ് യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുന്നത്. തുടർന്ന് അഞ്ചു വർഷത്തിനിടയിൽ വാർഡിൽ നിരവധി ജനസേവനങ്ങളും മുന്നേറ്റങ്ങളും പദ്ധതികളും മുനീറ നാസറിന് നിർവഹിക്കാൻ കഴിഞ്ഞു. പ്രതീക്ഷയിൽ കവിഞ്ഞ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 962 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ അതിൽ അമ്പത് ശതമാനത്തിലേറെ 521 വോട്ടുകൾ നേടി ചരിത്ര വിജയം സൃഷ്ടിക്കുകയാണ്.
ഇത്തവണ ജനറൽ വാർഡ് ആയ ഇവിടെ രണ്ട് പുരുഷ സ്ഥാനാർഥികളോട് കട്ടക്ക് നിന്ന് പോരാടി 193 വോട്ടുകളുടെ ലീഡ് വെൽഫെയർ പാർട്ടിക്ക് സ്വന്തമായി നേടാനായത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ സുലൈമാന് 113 വോട്ടുകൾ മാത്രമാണ് നേടാനായത്. ലീഗ് സ്ഥാനാർഥി മുഹമ്മദ് കുട്ടിക്ക് 328 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. പുതിയ പഞ്ചായത്ത് ഭരണസമിതിയിൽ വെൽഫെയർ പാർട്ടിക്ക് എടപ്പാളിൽ നിർണായക പങ്കാണുള്ളത്. നിലവിൽ എൽ.ഡി.എഫിന് ഏഴ് സീറ്റും യു.ഡി.എഫിന് എട്ട് സീറ്റും, ബി.ജെ.പിക്ക് അഞ്ച് സീറ്റുമാണ് എടപ്പാളിൽ പഞ്ചായത്തിലുള്ളത്.


