ഖബറിൽനിന്ന് ഷഹബാസ് പറയുന്നു, സുഹൈലയുടെ പേനയിലൂടെ
text_fieldsഫാത്തിമത്തുൽ സുഹൈലയുടെ പുസ്തകങ്ങൾ, ഫാത്തിമത്തുൽ സുഹൈല
വൈത്തിരി: സഹപാഠികളുടെ ക്രൂരമായ മർദനത്തിൽ കൊല്ലപ്പെട്ട താമരശ്ശേരിക്കാരൻ ഷഹബാസ് ഇന്ന് എല്ലാ മനുഷ്യരുടെയും വേദനയാണ്.വൈത്തിരിയിലെ യുവ എഴുത്തുകാരി ഫാത്തിമത്തുൽ സുഹൈലയുടെ പുതിയ കഥ ഷഹബാസിനെ കുറിച്ചുള്ളതാണ്. കബറിൽവെച്ച് തന്റെ വർത്തമാനങ്ങൾ ഷഹബാസ് പറയുന്ന ഹൃദയസ്പർശിയായ കഥ. സുഹൈലയുടെ ഈ കൃതി ഉടൻ പുറത്തിറങ്ങും.
വൈത്തിരിക്കടുത്ത ഉൾനാടൻ ഗ്രാമപ്രദേശമായ മുള്ളൻപാറയിൽ നിന്നും നോവലുകളും കഥകളും കവിതകളുമായി സജീവമായി എഴുത്തിന്റെ ലോകത്തിലുള്ള സുഹൈലയെന്ന എഴുത്തുകാരി ഇപ്പോൾ നാട്ടുകാരുടെ പ്രിയങ്കരിയാണ്. സുഹൈലയുടെ രണ്ടു പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു.
കല്യാണ സൗഗന്ധികം (നോവൽ), എത്രയും പ്രിയമുള്ള എന്നോട്, ഒടുവിൽ അവനോടും (നോവലെറ്റ്) എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. ജാതകം(നോവൽ) ഇപ്പോൾ പണിപ്പുരയിലാണ്. പ്രണയ സൗകുമാര്യങ്ങളുടെ ഹൃദ്യമായ പ്രതിഫലനങ്ങളാണ് സുഹൈലയുടെ നോവലുകളുടെ ഇതിവൃത്തം. മഞ്ജരി സാഹിത്യ അവാർഡ് നേടിയിട്ടുണ്ട്. ‘പെൻ ഡ്രൈവ്’ എന്ന എഴുത്തുകാരുടെ വിവരങ്ങളുള്ള രേഖയിൽലുൾപ്പെട്ട ഏക വായനാട്ടുകാരിയാണ് സുഹൈല. ഇതുകൊണ്ടു തന്നെ ഇവരുടെ പേര് ലണ്ടൻ വേൾഡ് റെക്കോർഡ് ബുക്കിലും, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും കേരള ബുക് ഓഫ് റെക്കോർഡ്സിലും രേഖപ്പെടുത്തിയിട്ടുണ്ട്. വൈത്തിരിയിലെ ഫ്രോസൺ ഫുഡ് കമ്പനിയുടെ മാർക്കറ്റിങ് സ്റ്റാഫ് ആയ സുഹൈല പൊതുപ്രവർത്തകനായ അഷ്റഫ് പൂലാടന്റെയും നസീമയുടെയും മകളാണ്.
വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ സോഷ്യൽ വർകിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നുണ്ട്. ഏകമകൾ ഇസ മഹ്ഫൂസ് കൽപറ്റ എം.സി.എഫ് സ്കൂളിൽ പഠിക്കുന്നു.