വൂമ്പ് വിസ്പർ
text_fields‘വൂമ്പ് വിസ്പർ’ ക്യാമ്പിൽനിന്ന്
വീടുകളിൽ ഒതുങ്ങി കൂടുന്ന അമ്മമാർക്ക് വേണ്ടി, ‘റിട്രീറ്റ്’ എന്ന ആശയത്തിലൂന്നി ‘വൂമ്പ് വിസ്പർ’ എന്ന ഒത്തുചേരൽ ഒരുക്കുകയാണ് ഇവർ
എവിടെ നോക്കിയാലും ക്യാമ്പുകളാണ്. സുഹൃത്തുക്കൾ, ഒരുമിച്ച് ജോലി ചെയ്യുന്നവർ, ഒട്ടും പരിചയമില്ലാത്തവർ അങ്ങനെ ഒരു കൂട്ടം ആളുകൾ പല പ്രദേശങ്ങളിൽ ഒത്തുകൂടുന്നു. പാട്ടും കഥ പറച്ചിലും വർത്തമാനവുമൊക്കെയായി സമയം ചെലവഴിക്കുന്നു. ഒന്നോ രണ്ടോ ദിവസം നീളുന്ന ഇത്തരം കൂട്ടുകൂടലുകൾ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ വഴികളാണ് തുറക്കുന്നത്. യുവ തലമുറയിലെ ഈ ട്രെൻഡ്, പ്രായപരിധി മറികടന്ന് എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളായ മിന ജലീലും ഷൈനി ഐസകും. വീടുകളിൽ ഒതുങ്ങി കൂടുന്ന അമ്മമാർക്ക് വേണ്ടി, അവരുടെ മനോസംഘർഷങ്ങൾ കുറക്കുന്നതിനുവേണ്ടി ‘റിട്രീറ്റ്’ എന്ന ആശയത്തിലൂന്നി ‘വൂമ്പ് വിസ്പർ’ എന്ന ഒത്തുചേരൽ ഒരുക്കുകയാണ് ഇവർ.
ആശ്വാസത്തിന്റെ നിശ്വാസങ്ങൾ
‘ടേക്ക് എ പോസ്’ (Take a pause) എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷമാണ് വൂമ്പ് വിസ്പർ എന്ന ആശയത്തിലേക്ക് മിനയും ഷൈനിയും എത്തുന്നത്. ഇഗ്നൈറ്റ് ഇന്ത്യ ഫൗണ്ടേഷന്റെ കോ സ്ഥാപകരായ നാജി, ജസീൽ, ഇജാസ് എന്നിവരുടെ സഹകരണത്തോടെ മിനയും ഷൈനിയും തിരക്കുപിടിച്ച മനുഷ്യരുടെ ജീവിതത്തിലേക്ക് ഒട്ടും തിരക്കില്ലാത്തതും സമാധാനം നൽകുന്നതുമായ ഒത്തുചേരലുകൾ നടത്താറുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നവരുടെ പ്രായം 25-35 വയസ്സിന് ഇടയിലാണ്. എന്നാൽ, 40 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ പ്രതിനിധ്യം ഇത്തരം ഒത്തുചേരലുകളിൽ കാണാറില്ല. അവർ എവിടെയാണ് എന്നൊരു ചോദ്യത്തിൽനിന്നാണ് ‘വൂമ്പ് വിസ്പർ’ എന്ന ആശയം ഉണ്ടാകുന്നത്.
ഷൈനി ഐസക്, മിന ജലീൽ
‘ഇവരിൽ ചിലരെയെങ്കിലും സംഘടിപ്പിച്ച് ഒരു റിട്രീറ്റ് അല്ലെങ്കിൽ ഒരു സെഷൻ ചെയ്യാമെന്ന പ്ലാനാണ് ഇപ്പോൾ വൂമ്പ് വിസ്പറിൽ എത്തി നിൽക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച് കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കുന്ന ഒരു വാക്കാണ് വൂമ്പ് (ഗർഭാശയം). അതിനാൽ തന്നെ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന ഈയൊരു റിട്രീറ്റിന് എന്തുകൊണ്ടും അനുയോജ്യമാണ് ഈ പേര്. ഓരോ അമ്മമാരും വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന് സ്വതന്ത്രമായി സംസാരിക്കാനുള്ള അവസരമാണ് വൂമ്പ് വിസ്പർ ഒരുക്കുന്നത്’ അവർ പറയുന്നു.
കേട്ടോക്ക്
ചുരുങ്ങിയ സമയംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ‘വൂമ്പ് വിസ്പർ’ റിട്രീറ്റ്. വ്യത്യസ്തമായ ഒരു ആഗ്രഹം സാധിച്ചതിലുള്ള സന്തോഷത്തിലാണ് മലപ്പുറം സ്വദേശി മിനയും സുഹൃത്തായ ഷൈനി ഐസക്കും. കോഴിക്കോട് ഫാറൂഖ് കോളജിൽ ബിരുദം പൂർത്തീകരിച്ച മിന ചെന്നൈയിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഷൈനി ക്ലിനിക്കൽ സൈക്കോളജിയിൽ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കാട്രിയിൽ എം. ഫില്ലും നേടിയിട്ടുണ്ട്.
നിലവിൽ കൊച്ചിയിൽ ജോലിചെയ്യുന്ന മിന ‘കെ ടോക്ക്’ എന്ന പോഡ്കാസ്റ്റ് വഴിയാണ് ജനങ്ങളോട് കൂടുതൽ ഇടപഴകാൻ തുടങ്ങിയത്. ഇംഗ്ലീഷിൽ ‘K Talk' മലയാളത്തിൽ അത് ‘കേട്ടോക്ക്’. K stands for കാര്യം. സമൂഹത്തിൽ അറിയപ്പെടാത്ത, സക്സസ്ഫുൾ ആയ ആളുകൾക്ക് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ പോഡ്കാസ്റ്റ്. മികച്ച പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്. അടുത്ത സുഹൃത്തുക്കളിൽനിന്ന് ലഭിച്ച ഈ പേര് ഏറെ സന്തോഷത്തോടെയാണ് പോഡ്‌കാസ്റ്റിന് ഇട്ടതെന്ന് മിന പറയുന്നു.
ആദ്യം 10 പേർ
വൂമ്പ് വിസ്പറിന്റെ ആദ്യ ഒത്തുകൂടൽ നടക്കുന്നത് വർക്കലയിലാണ്. സാധാരണ ജീവിതം നയിക്കുന്ന സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ റിട്രീറ്റ് സംഘടിപ്പിച്ചത്. ഇതിൽ 10 സ്ത്രീകൾ പങ്കെടുത്തു. അതിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ മുതൽ 70 വയസ്സ് പ്രായമുള്ളവർ വരെ ഉണ്ടായിരുന്നു. അതൊരു പ്രചോദനമായിരുന്നു. വിചാരിച്ചതിനേക്കാൾ മികച്ച പ്രതികരണം ലഭിച്ചപ്പോഴാണ് ഇത് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചത്.
വൂമ്പ് വിസ്പർ എന്നത് കുറെ അനുഭവങ്ങൾ ഉള്ളവരുടെ കഥ പറയാനുള്ള ഇടം മാത്രമല്ല. മറിച്ച് ജീവിതത്തിലെ ചെറിയ ആഗ്രഹങ്ങൾ സാധിക്കാതെ പോയവർക്ക് അവരുടെ സങ്കടങ്ങളും നിരാശകളും മനസ്സ് തുറന്ന് സംസാരിക്കാനുള്ളൊരു ഇടം കൂടിയാണ്. ദുഃഖങ്ങൾ മാത്രമല്ല, സന്തോഷത്തിന്റെ ഓരോ നിമിഷങ്ങളും പങ്കുവെച്ച് മനസ്സിനെ ശാന്തമാക്കാൻ റിട്രീറ്റ് സഹായിക്കുന്നു.
പല ആളുകൾ പല കഥകൾ
40 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പറയാൻ ഒരിടം. ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങിയ ഘട്ടങ്ങളിൽ അവർ ആഗഹിച്ചതും ജീവിതത്തിൽ നടന്നതുമായ സംഭവങ്ങൾ ഓർത്തെടുത്ത് മറ്റുള്ളവരുമായി പങ്കുവെക്കുന്നു. ചിലർക്ക് പല തരത്തിലുള്ള ട്രോമകൾ ഉണ്ടാകാം. അതെല്ലാം കൃത്യമായി മനസ്സിലാക്കി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ വൂമ്പ് വിസ്പർ സഹായിക്കും. റിട്രീറ്റുകൾ എല്ലാം വിവിധ പ്രദേശങ്ങളിലാണ് സംഘടിപ്പിക്കാറ്. വെറുമൊരു കൂടിച്ചേരലിനു പുറമെ, മറ്റ് ആക്ടിവിറ്റികളും റിട്രീറ്റിൽ ഉൾപ്പെടുത്താറുണ്ട്.


