ഒരു നാടിന്റെ കണ്ണ്
text_fieldsഫോട്ടോ: പി. അഭിജിത്ത്
ഒരു നാടിന്റെ കണ്ണ്’ -സതി ആർ.വി. എന്ന സതിച്ചേച്ചിയെ കോഴിക്കോട്ടുകാർ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. കോഴിക്കോട് നഗരത്തിന് സുപരിചിതയായ ഫോട്ടോഗ്രാഫറാണ് സതി. നഗരത്തിലെ എല്ലാ സാംസ്കാരിക പരിപാടികളിലും കാമറയുമായി സതിച്ചേച്ചി മുന്നിലുണ്ടാകും. പക്ഷേ, ഇതൊന്നും ഏതെങ്കിലും മാധ്യമ സ്ഥാപനത്തിനു വേണ്ടിയോ സംഘാടകർ പണം കൊടുത്ത് ഏൽപിക്കുന്നതോ അല്ല. സ്വന്തം ഇഷ്ടപ്രകാരം ഫോട്ടോകളെടുക്കുന്നു, അത് സ്നേഹത്തോടെ കൈമാറുന്നു. 20 വർഷത്തിലധികമായി സതിച്ചേച്ചി തന്റെ കാമറയുമായി നഗരം ചുറ്റുന്നു. അവർ പറയുന്നു...
ഫോട്ടോഗ്രഫിയിലേക്ക്
ചെറുപ്പം മുതൽ ഫോട്ടോഗ്രഫി ഇഷ്ടമാണ്. ജീവിക്കുന്നുണ്ടെന്ന് സ്വയം തോന്നിപ്പിക്കാനാണ് ഞാനിത് ചെയ്യുന്നത്. ഫോട്ടോഗ്രഫി പഠിച്ചിട്ടൊന്നുമില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരി അവളുടെ അച്ഛനെടുത്ത ഫോട്ടോകൾ കാണിച്ചു തരുമായിരുന്നു. അന്ന് അതെനിക്ക് അത്ഭുതമായിരുന്നു. അവളുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി കാമറ കാണുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസിലുള്ള കുറച്ച് പേരുടെ കൈയിൽ കാമറ ഉണ്ടായിരുന്നു. അന്ന് അതൊക്കെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്.
ജോലി കിട്ടിയപ്പോഴാണ് ആദ്യത്തെ കാമറ വാങ്ങുന്നത്, കൊടാകിന്റേതായിരുന്നു. അതുകൊണ്ട് ഫോട്ടോ എടുക്കാൻ തുടങ്ങി. വീട്ടുകാരും പൂക്കളുമൊക്കെയായിരുന്നു താരങ്ങൾ. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലായിരുന്നു കാമറയുമെടുത്ത് ഇറങ്ങിയിരുന്നത്. മകൾ ജനിച്ച സമയത്താണ് യാഷികയുടെ കാമറ വാങ്ങുന്നത്. പിന്നീട് പാനസോണികിന്റെ ഡിജിറ്റൽ കാമറ വാങ്ങി. ഞാൻ അനിയനെപ്പോലെ കാണുന്ന, ഉറ്റ സുഹൃത്ത് പ്രവീൺ കുമാറാണ് കാമറയുടെ കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചതും ഡി.എസ്.എൽ.ആർ കാമറ വാങ്ങാൻ പ്രോത്സാഹിപ്പിച്ചതും. 2015ൽ ഒരു പ്ര ഫഷനൽ കാമറ വാങ്ങിയതും ഫോട്ടോഗ്രഫി സീരിയസ് ആയി എടുത്തതും പ്രവീണിന്റെ പ്രോത്സാഹനം കൊണ്ടാണ്. രണ്ടു വർഷം മുമ്പ് അവൻ ലോകത്തോട് വിട പറഞ്ഞുപോയി.
സാംസ്കാരിക ചടങ്ങുകളോട് പ്രിയം
കോഴിക്കോട് വന്ന ശേഷമാണ് കൂടുതൽ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ജീവിത പങ്കാളി അജയനും സുഹൃത്ത് മജീദുമാണ് കോഴിക്കോട് സാംസ്കാരിക മേഖല പരിചയപ്പെടുത്തി തന്നത്. പിന്നീടങ്ങോട്ട് കോഴിക്കോട് നഗരത്തിന്റെ മിക്ക പരിപാടികളിലും പങ്കെടുത്ത് തുടങ്ങി. പങ്കെടുക്കുന്ന മിക്ക പരിപാടികളുടെയും അവസാനം വരെ ഞാനവിടെ ഉണ്ടാകും. എടുക്കുന്ന ഫോട്ടോകളെല്ലാം സൂക്ഷിച്ചുവെക്കും. ആവശ്യപ്പെട്ടാൽ അയച്ചുകൊടുക്കും. സ്വാഗതപ്രസംഗം തൊട്ട് നന്ദി പറയുന്നത് വരെ ഞാൻ കവർ ചെയ്യും. പങ്കെടുത്തവരുടെ ഫോട്ടോകൾ അവർക്ക് അയച്ചു കൊടുക്കുകയും ചെയ്യും. സ്വന്തം ഫോട്ടോകൾ ലഭിക്കുമ്പോൾ അവർക്കും സന്തോഷമാണ്. ഇപ്പോൾ ബേഡ് ഫോട്ടോഗ്രഫിയും ചെയ്യുന്നുണ്ട്.
കോഴിക്കോടും കുടുംബവും
ജനിച്ചതും വളർന്നതുമൊക്കെ മലപ്പുറം ജില്ലയിലെ കാടാഞ്ചേരിയിലാണ്. ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ തന്നെ പോസ്റ്റ് ഓഫിസിൽ ജോലി കിട്ടി. ഞാൻ ഏക മകളാണ്. എനിക്ക് ആറു മാസം പ്രായമുള്ളപ്പോൾ അച്ചൻ മരിച്ചു. ചിറ്റ ജാനകിയായിരുന്നു (അമ്മയുടെ അനിയത്തി) എനിക്കും അമ്മക്കും എല്ലാ സഹായങ്ങളും ചെയ്ത് തന്നത്. ഞങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അവർ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ, നിയന്ത്രണങ്ങളുമില്ലാതെയാണ് വളർന്നത്. വിവാഹക്കാര്യത്തിലുമങ്ങനെ തന്നെയായിരുന്നു.
ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ചികിത്സയുടെ ആവശ്യത്തിനാണ് കോഴിക്കോട്ടേക്ക് താമസം മാറിയത്. രണ്ടുപേരും ട്രാൻസ്ഫർ വാങ്ങി ഇങ്ങോട്ട് വന്നു. ഇപ്പോൾ 32 വർഷമായി കോഴിക്കോട് സ്ഥിരതാമസമാക്കിയിട്ട്. അമ്മ കാളിക്കുട്ടിയും പങ്കാളി അജയനും മകൾ മേധയുമടങ്ങുന്നതാണ് കുടുംബം. ചിറ്റ എട്ട് വർഷം മുമ്പ് മരിച്ചു. ജീവിത പങ്കാളി അജയൻ ജനറൽ ഇൻഷുറൻസിൽനിന്ന് റിട്ടയർ ചെയ്തു. മകൾ മേധ ഹൈദരാബാദ് സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് സോഷ്യൽ സ്റ്റഡീസിൽ ഗവേഷക വിദ്യാർഥിയാണ്.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ പരിചയപ്പെടാനും അവരുടെ ഫോട്ടോകൾ എടുക്കാനും കഴിഞ്ഞത് വലിയ കാര്യമാണ്. അതിനിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ടായി. എൻ.എസ്. മാധവൻ, എം. മുകുന്ദൻ, സാറാ ജോസഫ്, കെ. സച്ചിദാനന്ദൻ അങ്ങനെ നീളുന്നു ലിസ്റ്റ്. പുസ്തകങ്ങളിലൂടെ മാത്രം പരിചയമുണ്ടായിരുന്നവരുമായി നല്ല സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞു.
പാഷനു പിന്നാലെ
നമുക്കിഷ്ടമുള്ള കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം. എന്താണോ ഇഷ്ടം അതിനോടൊരു കമ്മിറ്റ്മെന്റ് വേണം. മറ്റുള്ളവർ എന്ത് പറയും എന്നാലോചിച്ച് നിൽക്കാതെ നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക, അതു പക്ഷേ അർക്കും ഉപദ്രവം ഉണ്ടാക്കുന്നതാവരുതെന്നു മാത്രം. ആണായാലും പെണ്ണായാലും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാവണം. എന്നിട്ട് എന്താണോ നമ്മുടെ പാഷൻ അത് മുന്നോട്ടു കൊണ്ടുപോവുക. ഭൂരിഭാഗം സ്ത്രീകളും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയാതെ ജീവിതം തീർന്നു പോകുന്നവരാണ്. കാലം മാറി. ഫോട്ടോഗ്രഫി ആർക്കും എവിടെനിന്നും പഠിക്കാം. കാമറതന്നെ വേണമെന്നില്ല, മൊബൈൽ ഫോൺ കൊണ്ടും നല്ല ഫോട്ടോയെടുക്കാൻ കഴിയും. ഞങ്ങളുടെ കാലം പോലെയല്ല. എല്ലാത്തിനും അതിന്റേതായ സൗകര്യങ്ങളുണ്ട്.
മൂന്നു വർഷമായി സർവിസിൽനിന്ന് റിട്ടയർ ചെയ്തിട്ട്. ഇപ്പോൾ കൂടുതൽ സമയം ഫോട്ടോഗ്രഫിക്ക് കിട്ടുന്നുണ്ട്. പറ്റുന്നിടത്തോളം കാലം ഫോട്ടോഗ്രഫിയുമായി മുന്നോട്ടുപോകും. ഒരു അപകടത്തിൽ കാലിന് പരിക്ക് പറ്റിയതുകൊണ്ട് നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. അത് ശരിയായാലേ കൂടുതൽ ഇൻവോൾവ് ചെയ്യാൻ കഴിയൂ.