ചൊക്ലിയുടെ വനിതാരവം ഇനി കേരളം മുഴുവൻ
text_fieldsചൊക്ലി മേനപ്രത്തെ ആരവം വനിതാ ശിങ്കാരിമേളം ടീം
ചൊക്ലി: ചെണ്ടയുടെ താളം, ചുവടുകളുടെ ഭംഗി ഫ്യൂഷൻ നൃത്തത്തിന്റെ ചടുലത ചൊക്ലി പഞ്ചായത്ത് ‘ആരവം’ വനിത ശിങ്കാരിമേളത്തിന്റെ ആരവം വേറെ ലെവലാണ്. ചൊക്ലി പഞ്ചായത്ത് 2023-2024 വർഷ വാർഷിക പദ്ധതിയിൽ ആരംഭിച്ച മേനപ്രത്തെ ശിങ്കാരി മേളം ടീം കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഇതിനകം തന്നെ 25 വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം ആറ്റിങ്ങൽ മാടൻ തമ്പുരാൻ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഘോഷയാത്രയിലും ടീം മേളം അവതരിപ്പിക്കും. ഇതിനായി ടീം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഈ യാത്രയുടെ ഫ്ലാഗ് ഓഫ് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ നിർവഹിച്ചു. ടീമിൽ 63 വയസ്സുള്ള വീട്ടമ്മമാർ മുതൽ 13 വയസ്സുള്ള വിദ്യാർഥിനികൾ വരെയുണ്ട്. അഞ്ചരക്കണ്ടിയിലെ ദ്വിജിനാണ് പരിശീലകൻ. 2,93,770 രൂപ വായ്പയെടുത്താണ് ടീം പരിശീലനം തുടങ്ങിയത്. 1,93,770 രൂപ പഞ്ചായത്ത് വനിത സ്വയംപര്യാപ്ത പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി ലഭിക്കും. ഈ മാസം തന്നെ തൃശൂരും, പാലക്കാട്ടും ശിങ്കാരിമേളം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.