വനിത ദിനത്തിൽ താരമായി രേഷ്മ മറിയം റോയി
text_fieldsന്യൂഡൽഹിയിൽ പഞ്ചായത്ത് മന്ത്രാലയം സംഘടിപ്പിച്ച ദേശീയ സമ്മിറ്റിൽ സംസാരിക്കുന്ന രേഷ്മ മറിയം റോയി
കോന്നി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ പഞ്ചായത്ത് മന്ത്രാലയം സംഘടിപ്പിച്ച ദേശീയ സമ്മിറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയിൽ നിന്ന് അരുവാപുലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പങ്കെടുത്തു. രാജ്യത്ത് സ്ത്രീ സൗഹൃദ ഗ്രാമപ്പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മാതൃകാപരമായി പദ്ധതികൾ ഏറ്റെടുക്കുന്നതിനും പഞ്ചായത്തുകളെ ശിശു സൗഹൃദമാക്കുന്നതിന് വേണ്ടിയുമാണ് നാഷനൽ സമ്മിറ്റ് സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരാണ് സമ്മിറ്റിൽ പങ്കെടുത്തത്. മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ പ്രസിഡന്റ് എന്ന നിലയിലാണ് അന്താരാഷ്ട്ര സമ്മിറ്റിൽ പങ്കെടുക്കാനുള്ള അവസരം രേഷ്മക്ക് ലഭിച്ചത്. ഡൽഹി വിജ്ഞാൻ ഭവനിൽ രണ്ട് ദിവസമായിരുന്നു സമ്മിറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ അനുഭവങ്ങൾ കേൾക്കുന്നതിനും ഒപ്പം ഗ്രാമപ്പഞ്ചായത്തിനെ സ്ത്രീ സൗഹൃദമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ദേശീയതലത്തിൽ നടന്ന സമ്മിറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും സ്ത്രീ സൗഹൃദ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആദ്യപടിയായി വനിതാദിനത്തിൽ പ്രത്യേക മഹിളാസഭ അരുവാപ്പുലത്ത് വിളിച്ചു ചേർക്കുന്നുണ്ടെന്നും രേഷ്മ മറിയം റോയ് പറഞ്ഞു.