ജോലി ഭാരമല്ല, 95ലും വിയർപ്പൊഴുക്കി കത്രീന
text_fieldsപെരുമ്പിലാവ് അൻസാർ സ്കൂളിൽ കോൺക്രീറ്റ് ജോലിക്ക് എത്തിയ തൃശൂർ പൂങ്കുന്നം
സ്വദേശിനി കത്രീന
പെരുമ്പിലാവ്: കഠിന ജോലിക്കും പ്രായം പ്രശ്നമല്ലെന്നാണ് കത്രീനയുടെ മറുപടി. 95ലും വിയർപ്പൊഴുക്കി പ്രയത്നിക്കുകയാണ് പൂങ്കുന്നം സ്വദേശിനി കത്രീന. അൻസാർ സ്കൂളിന്റെ പ്രധാന കവാടത്തിന്റെ ഫില്ലറും അനുബന്ധ റോഡിന്റെ കോൺക്രീറ്റ് ജോലികൾക്കുമായാണ് ഇവർ പ്രായത്തെ മറന്ന് പെരുമ്പിലാവിലെത്തിയത്. കെട്ടിട നിർമാണ ജോലി ഇവർക്കെന്നും ഹരമാണ്. ഒറ്റപ്പിലാവ് സ്വദേശിയും കോൺട്രാക്ടറുമായ കുഞ്ഞിപ്പാലുവിന്റെ കരാർ ജോലിക്കായാണ് പത്തോളം തൊഴിലാളികൾക്കൊപ്പം ഇവർ സ്കൂളിൽ എത്തിയത്.
അഞ്ചര പതിറ്റാണ്ടായി കത്രീന കെട്ടിട നിർമാണ ജോലിയാണ് ചെയ്തു വരുന്നത്. നാലുമക്കളിൽ ഒരാൾ മരിച്ചെങ്കിലും മറ്റുള്ളവർ അമ്മ ജോലിക്കു പോകേണ്ടതില്ലെന്ന നിലപ്പാടിലാണ്. എന്നാൽ ഈ വാക്കുകൾക്ക് മുന്നിൽ കൂട്ടാക്കാതെയാണ് 95ലും ഇവരുടെ പോരാട്ടം. ജോലിക്ക് ഒരു ദിവസം പോകാതിരുന്നാൽ ക്ഷീണമെന്നാണ് കത്രീനയുടെ അഭിപ്രായം. ഇതോടെ മക്കൾ അമ്മയെ സ്വന്തമിഷ്ടത്തിനു വിട്ടു.
ദിവസവും വെളുപ്പിന് വാർക്ക പണികൾക്കായി പോകും. കോൺക്രീറ്റ് മിക്സിങ്ങാണ് പണി. ഭർത്താവ് ബേബി 27 വർഷം മുമ്പ് മരിച്ചിരുന്നു. മക്കളെ വളർത്താനായിരുന്നു ജോലിക്ക് പോയത്. പിന്നെ അത് നിർത്താതെ പോയി. മുൻ മുഖ്യമന്ത്രി കരുണാകരൻ, നടൻ മമ്മൂട്ടി തുടങ്ങിയവരിൽ നിന്നും ആദരം ഏറ്റുവാങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അമ്മൂമ്മ വൈറലാണ്
മക്കളിൽ മൂത്ത മകന് 60 വയസ്സായെങ്കിലും അവർക്കില്ലാത്തത്ര ആരോഗ്യം കത്രീനക്കുണ്ട്. കനത്ത ചൂടും മഴയും ഇവർക്ക് പ്രശ്നമേയല്ല. മരണം വരെ ജോലിക്ക് പോകണമെന്നാണ് ആഗ്രഹം. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഇപ്പോഴും ഈ വയോധിക.