പടിയിറങ്ങുന്നത് പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്
text_fieldsകോന്നി: അരുവാപ്പുലം പഞ്ചായത്തിനെ രണ്ടുതവണ മികച്ച പഞ്ചായത്താക്കി മാറ്റിയ പ്രായം കുറഞ്ഞ പ്രസിഡന്‍റ് എന്ന ചരിത്രം കുറിച്ചാണ് രേഷ്മ മറിയം റോയ് പടിയിറങ്ങുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 21 വയസ്സായിരുന്നു പ്രായം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്‍റെ തലേ ദിവസമാണ് 21 വയസ്സ് പൂർത്തിയായത്.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയതോടെ പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിൽ രേഷ്മ അറിയപ്പെട്ടു. തെരഞ്ഞെടുപ്പിൽ 70 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വാർഡ് പിടിച്ചെടുത്ത് രേഷ്മ ചരിത്രം കുറിച്ചു. വർഷങ്ങൾക്ക് ശേഷം യു.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തപ്പോൾ ഭരണ സമിതിയുടെ തലപ്പത്ത് പ്രായം കുറഞ്ഞ അംഗത്തെ തന്നെ നിയോഗിച്ച് സി.പി.എം ഏവരെയും ഞെട്ടിച്ചു. നിലവില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവുമാണ്.
പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെയായിരുന്നു വിവാഹം. ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ വര്‍ഗീസ് ബേബിയാണ് ഭര്‍ത്താവ്. രണ്ടരവയസ്സുള്ള ഡേവിഡ് വര്‍ഗീസ് പാര്‍ലി, നാലുമാസമായ ഡെറിക് വർഗീസ് പാർലി എന്നിവരാണ് മക്കൾ.


