സീറോ To ഷീറോ
text_fieldsസ്വന്തം ഇഷ്ടങ്ങളെയും താൽപര്യങ്ങളെയും തിരിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടോ? ആ ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് പറക്കാൻ കൊതിച്ചിട്ടുണ്ടോ? ഒന്നിനും കൊള്ളില്ലെന്നു സ്വയം കരുതിയിരുന്നിടത്തുനിന്ന് അത്ഭുതകരമായ കുതിപ്പാണ് ആ ഇഷ്ടം നിങ്ങൾക്കു സമ്മാനിക്കുക.
രഹന ഷാജഹാന്‍റെ ജീവിതവും വാക്കുകളും നമുക്കുതരുന്ന പ്രതീക്ഷ അതാണ്. കൈവിട്ടുപോയതൊന്നും നമുക്കുള്ളതല്ല. അതിലും നല്ലത് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് രഹനയുടെ വിശ്വാസം. സ്കൂളുകൾ മാറിമാറിയുള്ള പഠനം, എന്നെക്കൊണ്ട് സാധിക്കില്ല എന്ന ചിന്ത, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും താരതമ്യവും...
ഒരു വിദ്യാർഥിയെ നിരാശയുടെ പടുകുഴിയിലാക്കാൻപോന്ന ചുറ്റുപാടുകളെല്ലാം രഹനക്കുമുണ്ടായിരുന്നു. തന്‍റെ ഇഷ്ടങ്ങളോട് 'യെസ്' പറയാൻ ധൈര്യം കാണിച്ചപ്പോഴാണ് ആ പരിസരങ്ങളെയെല്ലാം കുടഞ്ഞെറിയാൻ രഹനക്കു കഴിഞ്ഞത്. 24 മണിക്കൂർ കൊണ്ട് 81 സർട്ടിഫിക്കറ്റുകൾ നേടി ലോക റെക്കോഡിന്‍റെ നേട്ടത്തിലാണ് രഹനയിപ്പോൾ. അതിനേക്കാൾ മാറ്റുണ്ട് ആ നേട്ടത്തിനു പിറകിലുണ്ടായിരുന്ന ആത്മവിശ്വാസത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും കരുത്തിന്.
അവളെ നോക്കി പഠിക്ക്, നീയെന്താ ഇങ്ങനെ?
ബഹ്റൈനിലാണ് രഹന ജനിച്ചുവളർന്നത്. ആറാം ക്ലാസുവരെ അവിെട പഠിച്ചു. അന്ന് ശരാശരിയിൽ താഴെയായിരുന്നു പഠനനിലവാരം. സ്കൂൾടോപ്പേഴ്സ് ലിസ്റ്റിലൊന്നും ഒരിക്കലും വന്നിട്ടില്ല. നാട്ടിലേക്കു പറിച്ചുനട്ടതോടെ ഇവിടത്തെ രീതികളുമായി പൊരുത്തപ്പെടാൻ പറ്റുന്നുണ്ടായിരുന്നില്ല. പഠനത്തിൽ വീണ്ടും പിറകോട്ടായി. ചില വിഷയങ്ങളിൽ തോറ്റു. അനിയത്തി നന്നായി പഠിക്കുമായിരുന്നു. അധ്യാപകരെല്ലാം അവളുമായി താരതമ്യപ്പെടുത്താൻ തുടങ്ങി. 'അവളെ നോക്കി പഠിക്ക്, നീയെന്താ ഇങ്ങനെ' എന്ന മട്ടിലെല്ലാം... എട്ടാംക്ലാസുമുതൽ താമസവും പഠനവും അമ്മയുടെ നാടായ കോട്ടയത്തായിരുന്നു.
അപ്പോഴും പഠനനിലവാരത്തിൽ മാറ്റമില്ല. സയൻസ് വിഷയങ്ങളോട് ഒട്ടും താൽപര്യമില്ലായിരുന്നു. ഗണിതം ആണ് ഇഷ്ടം. പത്താം ക്ലാസ് കഴിഞ്ഞ് കോമേഴ്സിനുപോവണമെന്നു മാതാപിതാക്കളോടു പറഞ്ഞു. എന്നാൽ അവരത് വിലക്കി. അങ്ങനെ സയൻസ് എടുത്തു. ഒരാഴ്ചയായപ്പോഴേക്കും അതുമായി ചേർന്നുപോകാൻ പറ്റില്ലെന്നു മനസ്സിലായി. തുടർന്ന് സ്റ്റേറ്റ് സിലബസിൽ ചേർത്തു. അപ്പോഴും സ്ഥിതി അതുതന്നെ. സയൻസ് പഠിക്കാൻ പറ്റുന്നില്ല. ഒടുവിൽ വീട്ടിൽ പറഞ്ഞു. ''എനിക്കൊരു അവസരം തരൂ. ഇഷ്ടമുള്ള വിഷയം പഠിക്കാൻ'' എന്ന്. അങ്ങനെ സി.ബി.എസ്.ഇയിൽ കോമേഴ്സിനു ചേർത്തു. ശരിക്കും ആ ദിവസമാണ് തന്‍റെ ജീവിതത്തിലെ നാഴികക്കല്ലെന്നു പറയുന്നു രഹന. ആദ്യ പരീക്ഷ കഴിഞ്ഞു ഫലം വന്നപ്പോൾ തന്നെ ടോപ്പേഴ്സിന്‍റെ ലിസ്റ്റിൽ പേരുണ്ട്. നല്ല മാർക്കോടെ പ്ലസ് ടു ജയിച്ചു. ബസേലിയോസ് കോളജിൽനിന്ന് 90 ശതമാനം മാർക്കോടെ ബി.കോം ബിരുദവുമെടുത്തു.
വിമൻ മാനിഫെസ്റ്റോ
അനിയത്തി ലേഡി ശ്രീറാം കോളജിൽ ബി.എസ്.സി മാത്ത്സിനു പഠിക്കാൻ ഡൽഹിയിൽ പോയതോടെ രഹനയും അവിടത്തെ കോളജുകളെ കുറിച്ച് ഇൻറർനെറ്റിൽ തിരഞ്ഞു. അങ്ങനെയാണ് ജാമിഅ മില്ലിയയെക്കുറിച്ച് അറിയുന്നത്. അവിടെ എം.ബി.എക്കു ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും ആത്മവിശ്വാസമില്ലാത്തതിനാൽ എം.കോമിന് ചേരാൻ എൻട്രൻസ് എഴുതി. എൻട്രൻസ് കിട്ടി. ഇനി അഡ്മിഷൻ എടുത്താൽ മതിയെന്നു കരുതി 2018ൽ ഡൽഹിയിലെത്തി. എന്നാൽ, അലോട്ട്മെന്‍റ് വന്നപ്പോഴാണ് അറിഞ്ഞത് വെറും .5 മാർക്കിന്റെ വ്യത്യാസത്തിൽ അഡ്മിഷൻ നഷ്ടമായെന്ന്.
നിരാശപ്പെട്ടിരിക്കുന്ന സമയത്താണ് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന പ്രഫസർ ഹബീബിനെ കാണുന്നത്. അദ്ദേഹം ജാമിഅയിൽ സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്‍റിൽ പ്രഫസറാണ്. റിസർച്ച് അസിസ്റ്റന്‍റിന്‍റെ ഒഴിവുണ്ടെന്നും ഒന്നു ശ്രമിച്ചുനോക്കൂ എന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ. ഗെയിലിന്‍റെ 12 പ്രോജക്ട് ആണ് ചെയ്യുന്നത്. മറ്റുള്ളവരെല്ലാം പിഎച്ച്.ഡി നേടിയവരാണ്. രഹനക്കാവട്ടെ വെറും ഡിഗ്രി മാത്രം. ആദ്യം അതിന്‍റെ കോംപ്ലക്സ് ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഒന്നോ രണ്ടോ പ്രോജക്ട് ചെയ്തിട്ടുപോയെന്നും താൻ നാലു പ്രോജക്ടുകൾ പൂർത്തിയാക്കിയെന്നും അവസാനമാണ് മനസ്സിലായത്.
അന്നാണ് രഹന സ്വയം വിശ്വസിച്ചുതുടങ്ങിയത്, തന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറ്റുമെന്ന്. ജാമിഅയിൽ തന്നെ എം.എസ്.ഡബ്ല്യൂ, പി.ജി. ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിങ് എന്നീ കോഴ്സുകൾക്ക് പ്രൈവറ്റായി രജിസ്റ്റർ ചെയ്തു. 'വിമൻ മാനിഫെസ്റ്റോ' എന്ന സന്നദ്ധസംഘടനക്കൊപ്പം സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കാനും തുടങ്ങി. തൊട്ടടുത്ത വർഷം വീണ്ടും എം.ബി.എക്ക് ജാമിഅയിലും മറ്റു മൂന്ന് യൂനിവേഴ്സിറ്റികളിലും അപേക്ഷിച്ചു. ജാമിഅയിൽ ആദ്യ അലോട്ട്മെൻറിൽ തന്നെ കടന്നു. കേരളത്തിൽനിന്ന് എം.ബി.എ എൻറർപ്രണർഷിപ്പിന് അഡ്മിഷൻ നേടിയ ഒരേയൊരു വിദ്യാർഥിനിയായിരുന്നു രഹന.
ലോക്ഡൗൺ വന്നു വീട്ടിലെത്തിയപ്പോഴാണ് എം.ബി.എ വിദ്യാർഥി എന്ന നിലയിൽ തന്റെ കരിക്കുലം വിറ്റ മെച്ചപ്പെടുത്താൻ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ മൾട്ടി നാഷനൽ കമ്പനികളിൽനിന്ന് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ചേർന്നത്. ഒരുദിവസം വിമൻ മാനിഫെസ്റ്റോ ജനറൽ സെക്രട്ടറി ഷർനാസ് മുത്തു, ഒറ്റദിവസം കൊണ്ട് 75 സർട്ടിഫിക്കറ്റുകൾ നേടി റെക്കോഡ് സ്വന്തമാക്കിയ മഹാരാഷ്ട്ര സ്വദേശിയായ നേഹ ഓജയുടെ വിവരങ്ങൾ വാട്സ്ആപ് ചെയ്തു. 'ഒന്നു ശ്രമിക്കൂ. നിനക്കു കഴിയും' എന്ന കുറിപ്പോടെ.
ഒറ്റദിവസം, 81 സർട്ടിഫിക്കറ്റ്
ഒരുദിവസംകൊണ്ടാണ് 81 കോഴ്സുകളും വിജയിച്ചതെങ്കിലും അതിനുള്ള തയാറെടുപ്പ് രണ്ടുമാസം മുമ്പ് തുടങ്ങിയിരുന്നു. ഏതൊക്കെ മൾട്ടി നാഷനൽ കമ്പനികൾ ഏതൊക്കെ വിഷയങ്ങളിൽ കോഴ്സ് നൽകുന്നുവെന്ന് കുത്തിയിരുന്നു തിരഞ്ഞു. പഠനസാമഗ്രികൾ സൈറ്റിൽ തന്നെ കിട്ടും. ഡിജിറ്റൽ മാർക്കറ്റിങ്, ഫിനാൻസ്, എം.ബി.എ തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് തിരഞ്ഞെടുത്തത്. 70 ശതമാനം മാർക്കുവേണം ജയിക്കാൻ. നവംബർ 24നായിരുന്നു റെക്കോഡിനായുള്ള ശ്രമം. രാവിലെ 7.30നു തുടങ്ങി.10 പരീക്ഷ ഒറ്റയിരിപ്പിന് ചെയ്തു. രാത്രി 10.45 ആയപ്പോൾ സർട്ടിഫിക്കറ്റ് എണ്ണിനോക്കി. 66 എണ്ണമേ ആയിട്ടുള്ളൂ. വീണ്ടും ചെയ്തു. കൃത്യം 12 ന് അവസാനിപ്പിച്ചു. 12.01 ആയാൽ അടുത്ത ദിവസമാകും. എണ്ണിനോക്കിയപ്പോൾ 81.
തിരിഞ്ഞുനോട്ടം
പണ്ടത്തെ അന്തർമുഖിയായിരുന്ന വിദ്യാർഥിനി ഇന്ന് ലോകമറിയുന്ന മോട്ടിവേഷനൽ സ്പീക്കറാണ്. ലോക റെക്കോഡ്, മൂന്നു മാസ്റ്റർ ബിരുദം, ജോലിപരിചയം എന്നിവ സ്വന്തമാക്കി. ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ് കിട്ടിയശേഷം ഇൻറർനാഷനൽ ഇൻസ്പിരേഷൻ വുമൺ അവാർഡ്, വിമൻ മാനിഫെസ്റ്റോ, പെർഫെക്ട് വുമൺ അച്ചീവേഴ്സ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിെയത്തി. കേരള മുസ്‍ലിം സ്ത്രീകളുടെ വിജയഗാഥയുമായി പുറത്തിറങ്ങിയ 'റൈസിങ് ബിയോണ്ട് ദ സീലിങ്: 100 ഇൻസ്പെയറിങ് മുസ്‍ലിം വിമൻ ഓഫ് കേരള' എന്ന ഇ-പുസ്തകത്തിലും ഇടംപിടിച്ചു.
കോട്ടയം വേളൂരിലെ മുൻ പട്ടാളക്കാരനായ ഷാജഹാൻ, മരിയ ഭവൻ സ്കൂൾ അധ്യാപികയായിരുന്ന റസിയത്ത് എന്നിവരുടെ മൂത്ത മകളാണ് രഹന. ബംഗളൂരുവിൽ ഐ.ടി എൻജിനീയറായ ഇബ്രാഹീം റിയാസ് അബ്ദുൽ നാസറാണ് ഭർത്താവ്. അനിയത്തി നഹല ഷാജഹാൻ നോയിഡയിൽ ഡേറ്റ അനലിസ്റ്റാണ്.
സ്വന്തമായി സ്റ്റാർട്ടപ് സംരംഭം തുടങ്ങണമെന്നാണ് രഹനയുടെ ഇനിയുള്ള ആഗ്രഹം. ചിലപ്പോൾ വന്ന വഴികളെകുറിച്ച് പുസ്തകവുമെഴുതിയേക്കാം എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് നിർത്തുന്നു.