70ാം വയസ്സിൽ പത്താം ക്ലാസ് വിജയത്തിളക്കവുമായി സുബൈദ മജീദ്
text_fields70ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച സുബൈദയെ മതിലകം പഞ്ചായത്ത് പ്രസിഡൻറ് സുമതി സുന്ദരന്റെ നേതൃത്വത്തിൽ പൊന്നാടണിയിച്ച് അനുമോദിക്കുന്നു
മതിലകം: 70ാം വയസ്സിൽ 70 ശതമാനം മാർക്കോടെ പത്താം ക്ലാസ് തുല്യത പരീക്ഷയുടെ വിജയ തിളക്കവുമായി മതിലകത്ത് നിന്നൊരു വീട്ടമ്മ. മതിലകം സ്വരുമ റസിഡൻറ്സ് ഏരിയയിൽ കുഴികണ്ടത്തിൽ പരേതനായ മജീദിന്റെ ഭാര്യയായ സുബൈദയാണ് ഇച്ഛാശക്തി ഉണ്ടെങ്കിൽ പ്രായം വിദ്യാഭ്യാസത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നത്.
മക്കളെല്ലാം വളർന്ന് സ്വന്തം നിലയിൽ എത്തിയതോടെയാണ് പ്രാഥമിക വിദ്യാഭ്യാസം പോലും വേണ്ടത്ര ലഭിച്ചിട്ടില്ലാത്ത സുബൈദക്ക് മനസ്സിൽ പഠന മോഹം ഉദിച്ചത്. മൂന്നാം ക്ലാസുക്കാരിയായ ഇവർ തുടർസാക്ഷരത തുല്യത ക്ലാസിൽ ചേർന്ന് ആദ്യം നാലാം ക്ലാസും തുടർന്ന് ഏഴാം ക്ലാസും പാസായി.
പിന്നീടാണ് ചിട്ടയായ പഠനത്തിലൂടെ പത്താം ക്ലാസ് വിജയവും സ്വന്തമാക്കിയിരിക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ നടക്കുന്ന പത്താം ക്ലാസ് തുടർ വിദ്യാഭ്യാസ ക്ലാസിൽ മുടങ്ങാതെ പങ്കെടുത്താണ് ഈ മികച്ച വിജയം നേടിയത്. ഈ സെൻററിൽ പരീക്ഷ എഴുതിയ 83 പഠിതാക്കളും പാസായി.
ഷിഹാബ്, ഷിയാസ്, ഷിംബാത്, ഷിനാസ്, ഷിൻസിയ എന്നീ മക്കളും മരുമക്കളും 19 വയസ്സുവരെയുള്ള 12 പേരക്കുട്ടികളും ഉൾപ്പെടുന്നതാണ് ഈ പത്താം ക്ലാസുകാരിയുടെ കുടുംബം. തുടർന്ന് പഠിച്ച് പ്ലസ് ടുവും ഡിഗ്രിയും നേടാനുള്ള ആഗ്രഹത്തിലാണ് സുബൈദ. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, വൈസ് പ്രസിഡന്റ് പി.എം. ആൽഫ, േബ്ലാക്ക് മെംബർ പി.എച്ച് നിയാസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബിനീഷ്, ഹസീന റഷീദ്, സജിത എന്നിവർ വീട്ടിലെത്തി അനുമോദിച്ചു.


