ലോക ദുരന്ത നിവാരണ ദിനം; കാരുണ്യ മുഖമായി ജില്ല ട്രോമാ കെയർ
text_fieldsജില്ല ട്രോമ കെയർ സേവന വളന്റിയർമാർ
പരപ്പനങ്ങാടി: ദുരന്തമുഖങ്ങളിൽ നാടിന്റെ അമൂല്യ നിധിയാണ് ജില്ല ട്രോമാ കെയർ യൂനിറ്റിലെ വനിതകൾ ഉൾപ്പെടെയുള്ള ആയിരം വളന്റിയർമാർ. ദുരന്ത വാർത്തകളുടെ അപായ സൈറൺ മുഴങ്ങുന്ന നിമിഷം പറന്നെത്തുന്ന ഇവർ നാടിനെ പിടിച്ചു കുലുക്കിയ ചെറുതും വലുതുമായ ദുരന്ത ഭൂമികളിൽ പ്രതിഫലേഛയില്ലാതെ സേവനം ചെയ്തു.
1992 ൽ മലപ്പുറം-മഞ്ചേരി റൂട്ടിൽ പാണായിയിൽ ജീപ്പും ബസും കൂട്ടിയിടിച്ചു ആറു പേരുടെ മരണത്തിനിയിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വിദ്യാർഥി കെ.പി. പ്രതീഷ് എന്ന സാമൂഹ്യ പ്രവർത്തകന്റെ ചിന്തയിൽ നിന്നാണ് ജില്ല ട്രോമാ കെയർ എന്ന സംഘടനയുടെ ഉദ്ഭവം. ഡോ. അബ്ദുൽ ജലീൽ, അഡ്വ. സി.എം. നാസർ എന്നിവരുടെ പങ്കാളിത്തത്തിൽ അന്നത്തെ ജില്ല കലക്ടർ ശിവശങ്കറിന്റെ സഹകരണം കൂടിയായപ്പോൾ 2005ൽ ദുരന്ത നിവാരണ സേവന സംഘം പിറവി കൊണ്ടു. പെെട്ടന്ന് രക്ഷപ്രവർത്തനം നടത്താൻ പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം പേർക്ക് ട്രോമാകെയർ ഇതിനകം പരിശീലനം നൽകി കഴിഞ്ഞു.
കേന്ദ്രസർക്കാറിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ ‘നഷാ മുക്ത അഭിയാ’നിന്റെ ജില്ല നോഡൽ ഏജൻസി അംഗീകാരം ട്രോമാ കെയറിന് നേടാനായി. ജില്ല ഭരണകൂടവും ജില്ല സാമൂഹ്യ വകുപ്പ് ട്രോമാകെയറും സംയുക്തമായി ‘കെയർ’പദ്ധതി ആരംഭിച്ചു. മുന്നൂറോളം വനിത വളന്റിയർമാരും എഴുന്നൂറിലധികം സജീവ പുരുഷ വളന്റിയർമാരും വിവിധ യൂനിറ്റുകൾക്ക് കീഴിലായി കൂടെയുണ്ടെന്ന് സേവന രംഗത്ത് മുൻനിരയിലുള്ള സ്റ്റാർ മുനീർ പറഞ്ഞു.
ഡോ. നജീബ്, കെ.പി. പ്രതീഷ് എന്നിവരാണ് സേനയെ ഇപ്പോൾ നയിക്കുന്നത്. 2017ലെ അട്ടപ്പാടി ഉരുൾപൊട്ടൽ, താമരശ്ശേരി കട്ടുപാറ ഉരുൾപൊട്ടൽ, 2018 ലെ പ്രളയം, കവളപ്പാറ ദുരന്തം, കരിപ്പൂർ വിമാന ദുരന്തം, കോവിഡ് സേവനം, നിപ ബാധിത മേഖലകളിലെ മൃതദേഹ സംസ്കരണം തുടങ്ങിയ ദുരന്ത മുഖങ്ങളിലും ജില്ല ട്രോമ കെയറിന്റെ തണൽ നാട് അനുഭവച്ചറിഞ്ഞു.


