മുടിയിൽ എണ്ണയിടാം, എണ്ണയിൽ മുടിയിട്ടാലോ !
text_fieldsനമ്മുടെ തലയിൽനിന്ന് കൊഴിഞ്ഞുപോകുന്നതും മുറിച്ചു കളയുന്നതുമായ മുടി അത്ര നിസ്സാരക്കാരൻ അെല്ലന്നറിയാമോ? എണ്ണച്ചോർച്ച തടയാനും പരിസ്ഥിതി മലിനീകരണം കുറക്കാനുമൊക്കെ മുടി ഉപയോഗിക്കാം. മനുഷ്യരുടെയും മൃഗങ്ങളുടെയും മുടി ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കാൻ കഴിയുന്ന മാറ്റുകളും ബൂമുകളുമൊക്കെ ഉണ്ടാക്കിയാണ് ഇത് സാധ്യമാകുന്നത്. അര കിലോ മുടി ഉണ്ടെങ്കിൽ രണ്ടടി ചതുരവും ഒരിഞ്ച് കനവുമുള്ള ഒരു മാറ്റ് ഉണ്ടാക്കാം. ഈ മാറ്റ് ഉപയോഗിച്ചു 1.5 ഗാലൺ അഥവാ 5.6 ലിറ്റർ എണ്ണ വരെ വലിച്ചെടുക്കാൻ സാധിക്കും.
മുടിക്ക് അതിന്റെ ഭാരത്തിന്റെ അഞ്ച് ഇരട്ടി എണ്ണ വലിച്ചെടുക്കാൻ കഴിവുണ്ട് എന്നാണ് പറയുന്നത്. സാധാരണയായി എണ്ണച്ചോർച്ച വൃത്തിയാക്കാൻ ഉപയോഗിക്കുന്ന പോളിപ്രൊപ്പലീൻ ബൂമുകളേക്കാൾ വേഗത്തിൽ മുടിമാറ്റുകൾക്ക് എണ്ണ വലിച്ചെടുക്കാൻ കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. സലൂണുകളിൽനിന്നും പെറ്റ് ഗ്രൂമർമാരിൽനിന്നും വ്യക്തികളിൽനിന്നുമെല്ലാം ശേഖരിക്കുന്ന മുടി മാലിന്യങ്ങളില്ലാതെ വേർതിരിച്ചെടുത്ത്, ഒരു ഫ്രെയിമിൽ പരത്തി, പ്രത്യേകമായി നിർമിച്ച ഫെൽറ്റിങ് മെഷീനിലൂടെ കടത്തിവിട്ടാണ് മാറ്റുകൾ ഉണ്ടാക്കുന്നത്.
1998ൽ ലിസയും പാട്രിസ് ഗോത്തിയറും ചേർന്ന് സ്ഥാപിച്ച മാറ്റർ ഓഫ് ട്രസ്റ്റ് എന്ന നോൺ പ്രോഫിറ്റ് പരിസ്ഥിതി സംഘടനയാണ് ഈ ഐഡിയക്കു പിന്നിൽ. 2001ൽ ഗാലപ്പഗോസ് ദ്വീപുകളിലൊന്നിൽ ഒരു എണ്ണ ടാങ്കർ മണ്ണിൽ ഉറച്ചുപോയപ്പോൾ, ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ എത്തിയ ഇവർക്കൊപ്പം ഫിലിപ്പ് മക്രോറി എന്ന ഹെയർ സ്റ്റൈലിസ്റ്റുമുണ്ടായിരുന്നു. 1989ൽ മക്രോറി വികസിപ്പിച്ചെടുത്ത, മുടി ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കുന്ന ഒരു ഉപകരണം ഏറെ സഹായകമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മാറ്റർ ഓഫ് ട്രസ്റ്റും മക്രോറിയും ചേർന്ന് മുടി ഉപയോഗിച്ച് ബൂമുകളും മാറ്റുകളും ഉണ്ടാക്കിയത്.
വെള്ളത്തിൽ കലർന്ന എണ്ണ നീക്കം ചെയ്യാൻ ഹെയർ മാറ്റുകൾ ഉപയോഗിക്കുമ്പോൾ അവ വേഗത്തിൽ എടുത്തുമാറ്റാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പ്ലാസ്റ്റിക് ഇല്ലാത്തതുകൊണ്ട് ഇവക്ക് അധികനേരം പൊങ്ങിക്കിടക്കാൻ കഴിയില്ല. ഒരു ലിറ്റർ എണ്ണ വെള്ളത്തിൽ കലർന്നാൽ 10 ലക്ഷം ഗാലൻ വെള്ളം മലിനമാകുമെന്നാണ് കണക്ക്. സൂര്യപ്രകാശം തടസ്സപ്പെടുന്നത് കടൽജീവികൾക്കും ഭീഷണിയാകും.
സമുദ്ര ആവാസ വ്യവസ്ഥയെയും തീരപ്രദേശത്തെ ജനങ്ങളുടെ ഉപജീവനത്തെയുമൊക്കെ ഇത് കാലങ്ങളോളം ദോഷകരമായി ബാധിക്കും. കൊച്ചിയിൽ അടു ത്തിടെ മുങ്ങിയ MSC ELSA 3 എന്ന ചരക്കു കപ്പലിലെ ഗാലൺ കണക്കിന് എണ്ണ ചോർന്നാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. എണ്ണച്ചോർച്ച തടയാനുള്ള ശ്രമങ്ങൾ അതീവ ജാഗ്രതയോടെ പുരോഗമിക്കുമ്പോൾ ഹെയർ മാറ്റ് പോലുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്.