മരണത്തിലും ജീവിതത്തെ വായിച്ച കഥ
text_fieldsമരണത്തിലും ജീവിതത്തെ വായിച്ച കഥയാണ് 'ഈ.മ.യൗ'വിേൻറത്. മരണത്തിലൂടെ ജീവിതം നോക്കിക്കാണുന്ന സിനിമ. മലയാളത്തിൽ മാജിക്കൽ റിയലിസത്തിെൻറ പുതുസാധ്യതകളും അനുഭവങ്ങളും തേടുകയാണ് സിനിമയുടെ അണിയറക്കാർ. പശ്ചിമ കൊച്ചിയുടെ തീരപ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കൻ ജീവിതത്തെ പച്ചയായി പകർത്തിയിടുകയാണ് തിരക്കഥാകൃത്ത്. ഇക്കാര്യത്തിൽ അദ്ദേഹത്തോളം പ്രാപ്തനായ മറ്റൊരു എഴുത്തുകാരൻ മലയാളത്തിൽ ഇല്ല. 'കുട്ടിസ്രാങ്കി'െൻറ സ്ക്രിപ്റ്റിന് ദേശീയ അവാർഡ് ലഭിച്ച പി.എഫ്. മാത്യൂസിെൻറ കൈയൊപ്പു പതിഞ്ഞ മറ്റൊരു തിരക്കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ.' സന്ധ്യ മയങ്ങിയശേഷം നടക്കുന്ന ഒരു മരണവും അതിനെ തുടർന്നുള്ള ഒരു രാത്രിയും പിറ്റേ ദിവസത്തെ പുലർകാലവും മാത്രമാണ് സിനിമയുടെ പശ്ചാത്തലം. ആ മരണം കുടുംബാംഗങ്ങളിലും അയൽക്കാരിലും തുറയിലെ മറ്റ് ആളുകളിലും ഉണ്ടാക്കുന്ന ആ രാത്രിയിലെ പ്രതികരണങ്ങളാണ് മറ്റൊരു വശം. തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.എഫ്. മാത്യൂസിെൻറ സിനിമക്കുശേഷമുള്ള അനുഭവത്തിലേക്ക്.
ഈ.മ.യൗ ഏറെ കാത്തിരിപ്പിനുശേഷം റിലീസ് ചെയ്തു നിറഞ്ഞ സദസ്സിൽ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ ഇതിെൻറ തിരക്കഥാകൃത്തെന്ന നിലക്ക് എന്തു തോന്നുന്നു?
●ഇതൊരു ജനപ്രിയ ചിത്രമാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. പക്ഷേ, ഇതൊരു മികച്ച സിനിമയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആവണമെന്ന് ആത്മാർഥമായി പരിശ്രമിച്ച് ചെയ്തതാണ്. ആ പരിശ്രമത്തെ ജനം ഇരും കൈയും നീട്ടി സ്വീകരിെച്ചന്ന് അറിയുമ്പോൾ ഒരു കലാകാരൻ എന്ന നിലക്ക് വളരെ സന്തോഷം തോന്നുന്നു. സിനിമയിൽ ഒരു മായക്കാഴ്ചയും ചെയ്തുവെച്ചിട്ടില്ല. ലത്തീൻ കാത്തോലിക്കൻ ജീവിത യാഥാർഥ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചത്. അത് ജനം സ്വീകരിച്ചപ്പോൾ നല്ല സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും തോന്നുന്നുണ്ട്. മറിച്ച് ഇതേ സിനിമ ജനങ്ങൾക്കുവേണ്ടി ഒരുപാട് ഫോർമുലകൾ ഉൽക്കൊള്ളിച്ചാണ് ചെയ്യുന്നതെങ്കിൽ സന്തോഷത്തിന് ഒരിക്കലും അവകാശമില്ല. അത്തരം സിനിമകൾ മായയാണ്. എന്നാൽ, ഈ.മ.യൗ വ്യത്യസ്തമായൊരു ശൈലിയിൽ ചെയ്തു. അത് വിജയകരവുമായി
തിരക്കഥ എഴുതുന്ന സമയത്ത് ഒരു പ്രത്യേക വിഭാഗം ഓഡിയൻസിനെയോ പ്രത്യേക രീതിയോ മനസ്സിൽ കണ്ടിരുന്നോ?
●ഇല്ല. ഞാൻ തിരക്കഥയോ കഥയോ എഴുതുമ്പോൾ അത് കാണുകയോ വായിക്കുകയോ ചെയ്യുന്ന ആൾ ആത്മാർഥമായി ബോധവാന്മാരായാണ് അതിനെ സമീപിക്കുക എന്ന ഉത്തമബോധ്യം എനിക്കുണ്ട്. അത് ഏത് വിഭാഗം ആളുകളുമാവാം. അവർ പലതും ആഗ്രഹിക്കുന്നുമുണ്ട്. വളരെ സെൻസിബിൾ ആയിട്ടുള്ളവരാണ് ഇപ്പോഴത്തെ കാണികൾ. അവർ ഈ സിനിമ കാണുമെന്ന് നല്ല വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഫിലിം ഫെസ്റ്റിവലിനും നല്ല സിനിമക്കും കാണികളുണ്ടാവുന്നത്. സാഹിത്യകൃതികൾ നന്നായിട്ട് വിറ്റ് പോവുന്നുണ്ട്. അതിലൊക്കെ വളരെ ശുഭാപ്തി വിശ്വാസമുള്ളയാളാണ് ഞാൻ.
ഈ തിരക്കഥക്ക് പ്രചോദനം ആരാണ്?
●സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'ചാവുനിലം' എന്ന എെൻറ നോവൽ തീരദേശ പശ്ചാത്തലത്തിലുള്ളതാണ്. അത് തുടങ്ങുന്നത് തന്നെ മരണത്തിലാണ്. അതിന് പുറമെ അസംഖ്യം മരണങ്ങളും അതിലുണ്ട്. മരണം, സംസ്കാരം, കോരിച്ചൊരിയുന്ന മഴയിലും കാറ്റിലും പന്തൽ ഇടിഞ്ഞുവീഴുന്നത്, സംസ്കാരം അലങ്കോലപ്പെടുന്നത് തുടങ്ങിയ സിനിമയിലെപ്പോലെ അതേ രംഗംതന്നെ ഈ പുസ്തകത്തിലുമുണ്ട്. എന്നാൽ, സിനിമ എന്ന ആശയത്തിെൻറ തുടക്കം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയിൽനിന്നാണ്. അദ്ദേഹം ചാവുനിലം വായിച്ചശേഷം അത് അടിസ്ഥാനമാക്കി നമുക്ക് സിനിമചെയ്യാൻ പറ്റിയ ആശയമുണ്ടെന്നും എന്നോട് എഴുതണമെന്നും പറഞ്ഞു. ലിജോ തന്നെ രണ്ടു മൂന്ന് വാചകത്തിൽ ആശയം പറഞ്ഞു തന്നു. ബാക്കി എന്നോട് എഴുതിയിട്ട് നമ്മൾക്ക് ശരിയാക്കാമെന്നും പറഞ്ഞു. ലിജോക്ക് ഉറപ്പായിരുന്നു എനിക്ക് അതിന് സാധിക്കുമെന്ന്. ഞങ്ങൾ തമ്മിൽ കാലങ്ങളായി നല്ല ബന്ധമാണ്. എതാണ്ട് രണ്ടുമാസംകൊണ്ട് തിരക്കഥ പൂർത്തീകരിച്ചു.
തിരക്കഥ എഴുതുമ്പോൾ എന്തെങ്കിലും വെല്ലുവിളിയോ കൺഫ്യൂഷനോ ഉണ്ടായിരുന്നോ?
●ലിജോക്കുവേണ്ടിയാണ് എഴുതുന്നത് എന്നത് നല്ല ബോധ്യമുള്ളതുകൊണ്ട് അത്തരം കൺഫ്യൂഷനൊന്നും ഉണ്ടായിരുന്നില്ല. മറ്റേതെങ്കിലും സംവിധായകനുവേണ്ടിയായിരുന്നു തിരക്കഥയെങ്കിൽ കൺഫ്യൂഷനുണ്ടായേനേ. കാരണം, അങ്ങനെയൊരു തീം ആണല്ലോ ഈ.മ.യൗ
പിന്നെ പ്രേക്ഷകർ എന്താണ് സ്വീകരിക്കുക സ്വീകരിക്കാതിരിക്കുക എന്നത് ആർക്കും മുൻകൂട്ടി കാണാൻ കഴിയില്ല. നല്ല ആശയങ്ങൾ സിനിമ ആക്കിയാൽ പ്രേക്ഷകർ സ്വീകരിക്കുകതന്നെ ചെയ്യും. ലിജോ എന്ന സംവിധായകനിൽനിന്ന് അവർ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട്.
ലത്തീൻ കത്തോലിക്കൻ വിഭാഗത്തിലെ ഒരു ആചാരത്തെ മുൻനിർത്തിയാണ് സിനിമ. അത് ഏതെങ്കിലും കോണിൽനിന്ന് വിമർശനത്തിനിടയാക്കിയിട്ടുണ്ടോ?
●ഇതുവരെ എതിർപ്പ് ഉണ്ടായിട്ടില്ല. അവർ വളരെ ഉത്സാഹത്തോടെ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. പഴയകാലത്തിൽനിന്നൊക്കെ ആളുകൾ മാറി. അവർ കാര്യങ്ങൾ മനസ്സിലാക്കാനും വിമർശനങ്ങൾ ഉൾക്കൊള്ളാനും ഇന്ന് തയാറാണ്. കാരണം, അവർക്കും വേണ്ടത് ഇരുട്ടറയിൽനിന്ന് പുറത്തുകടക്കുകയാണ്. ചെല്ലാനം എന്ന സ്ഥലത്തെ ലത്തീൻ കത്തോലിക്ക വിഭാഗത്തിെൻറ ജീവിതത്തോട് അടുത്തുനില്ക്കുന്ന സിനിമയാണ്. അവരുടെ രീതികള്‍, ആചാരങ്ങൾ എല്ലാമുള്ള സിനിമയാണിത്. അവിടത്തെ നിലവിലുള്ള പച്ചയായ ജീവിതത്തെയാണ് സിനിമയാക്കിയിരിക്കുന്നത്.
സാഹിത്യവും സിനിമയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലക്ക് ഇവ രണ്ടിലും പരസ്പരം നീതിപുലർത്തി മുന്നോട്ടുപോവാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?
●അങ്ങനയില്ല, രണ്ടും രണ്ടാണ്. എഴുത്തുകാരൻ ആവാൻ ഒരാൾ സാഹിത്യകാരനാവണമെന്നില്ല. അങ്ങനെ ആവാതിരിക്കുന്നതാണ് നല്ലത്. രണ്ടും ഗൗരവത്തിൽ കാണുന്നതിനാൽ എനിക്ക് പ്രയാസം തോന്നിയിട്ടില്ല. എന്നാലും നോവൽ ആയാൽ അതിെൻറ മുഴുവൻ ഉത്തരവാദിത്തവും എനിക്കാണ്. എന്നാൽ, സിനിമ ആയാൽ അതിൽ സംവിധായകനും കൂട്ടായ പ്രയത്നങ്ങളുമുണ്ട് പിന്നിൽ. സിനിമ ഒരു കൂട്ടുത്തരവാദിത്തമാണ്. എഴുത്തുകാരന് കൂടുതൽ സ്വതന്ത്രവും തിരക്കഥ എഴുതുന്നതിൽ ഉണ്ട്.
കൊച്ചിക്കാരനല്ലാത്ത സംവിധായകൻ ലിജോക്ക് താങ്കളുടെ തിരക്കഥ കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ?
●ലിജോയുടെ സംവിധായക പാടവം സിനിമയിൽ കൃത്യമാണല്ലോ. വളരെ പാഷനേറ്റഡ് സംവിധായകനാണ്. ഞാന്‍ കണ്ടത് എന്താണോ അത് കൃത്യമായി തന്നെ ലിജോ സിനിമയാക്കിയപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. സിനിമക്കുവേണ്ട ഒരു ബ്ലൂപ്രിൻറ് മാത്രമാണല്ലോ തിരക്കഥ. ഒരുപാട് ഭാവനയുള്ള സംവിധായകനാണ് അദ്ദേഹം. ഇവിടെ ഞാൻ വാക്കുകള്‍കൊണ്ട് എന്ത് ഉദ്ദേശിച്ചോ അത് സിനിമയില്‍ കൃത്യമായുണ്ട്. അതിെൻറ ഒരു നരേറ്റീവ് സ്െറ്റെല്‍ ഉള്‍ക്കൊണ്ടാണ് ലിജോ സിനിമ ആവിഷ്കരിച്ചിട്ടുള്ളത്. സിനിമയുടെ പെർഫക്ഷനായി അദ്ദേഹം ഏതറ്റം വരെയും പോവാനും തയാറുമാണ്.
ഇരുട്ടില്‍ ഒരു പുണ്യാളന്, ചാവുനിലം, ഇപ്പോള്‍ ഈ.മ.യൗ, കൊച്ചിയാണ് എല്ലാത്തിെൻറയും പരിസരം, താങ്കൾ ജനിച്ചു വളർന്നതും കൊച്ചിയിലാണ്. ജനിച്ച ഇൗയിടം വിട്ടൊരു മാറ്റം വേണമെന്ന് തോന്നിയിട്ടില്ലേ?
●തീർച്ചയായും കൊച്ചി വിട്ട് മറ്റൊരിടം കേന്ദ്രീകരിച്ച് എഴുതാൻ താൽപര്യമുണ്ട്. അടുത്തവർഷം മിക്കവാറും അങ്ങനെയൊരു മാറ്റത്തിന് സാധ്യതയുണ്ട്. എന്നാൽ, കൊച്ചിയുടെ ഓരങ്ങൾതന്നെ എഴുത്തിന് തിരഞ്ഞെടുക്കുന്നത് അത്ര വലിയ മോശം കാര്യമാണെന്ന് തോന്നുന്നില്ല. ജെയിംസ് ജോയ്സ്എഴുതിയത് മുഴുവന്‍ ഡബ്ലിൻ പശ്ചാത്തലത്തിലല്ലേ. സ്ഥലം ഏതാണ് എന്നതല്ല മറിച്ച് കഥയില്‍ ആത്മാവുണ്ടോ എന്നതിലല്ലേ കാര്യം.
താങ്കളുടെ സാഹിത്യത്തിലും തിരക്കഥയിലും പലപ്പോഴും മരണത്തിെൻറ ടച്ച് കാണാം...?
●മരണമില്ലാത്ത ജീവിതമില്ല. എല്ലാത്തിനും ഒരു അവസാനമുണ്ട്. അതിനുശേഷം എന്ത് എന്നത് പലപ്പോഴും ചോദ്യചിഹ്നമാണ്. അന്ത്യം സംഭവിച്ചാലേ ജീവിതത്തെ മൊത്തത്തിൽ കാണാൻ സാധിക്കൂ. ഒരു മനുഷ്യെൻറ ജീവിതം മരണത്തോടെയാണല്ലോ പൂര്‍ത്തിയാവുന്നത്. അതുകൊണ്ട് തന്നെ ആ ജീവിതം വിലയിരുത്തണമെങ്കില്‍ അവസാനത്തില്‍ നിന്നല്ലേ നമുക്ക് വിലയിരുത്താന്‍ കഴിയൂ. സമഗ്രമായി ജീവിതത്തെ കാണണമെങ്കില്‍ മരണത്തിലൂടെതന്നെ കാണണമെന്നതാണ് എെൻറ ഒരു കാഴ്ചപ്പാട്. അതുകൊണ്ട് മരണത്തിലൂടെ ജീവിതത്തെതന്നെയാണ് ഞാന്‍ എഴുതുന്നത്.
സിനിമയിലെ കഥാപാത്രങ്ങളിലും സിനിമയുടെ ഓരോ ഫ്രെയിമിലും കറുപ്പിെൻറ കനത്ത ആധിപത്യം വളരെ വ്യക്തമാണ്? ഇത് മനപ്പൂർവം ഉൾക്കൊള്ളിച്ചതാണോ? എന്താണ് അഭിപ്രായം?
●അതെ. മനപ്പൂർവമാണ്. മലയാള സിനിമ പരിശോധിച്ചാൽ ഭൂരിഭാഗം നമ്മുടെ നായകന്മാരും വെളുത്ത് തുടുത്ത സുന്ദരക്കുട്ടപ്പന്മാരാണ്. മാത്രമല്ല, അവർ സവർണരുമായിരിക്കും. അതിൽ ഈഴവൻ മുതൽ താഴേക്ക് ഒരു ജാതിയും വരില്ല. എന്തുകൊണ്ട് കറുത്തവരുടെ കഥ പറഞ്ഞുകൂടാ. അവർക്കുമില്ലേ ജീവിതവും മഹത്തായ പുരാണങ്ങളും. അവരുടെ കഥകളും പറയപ്പെടേണ്ടതല്ലേ. അവരുടെ കലയും ആഘോഷിക്കപ്പെടേണ്ടതാണ്. അതാണ് ഈ.മ.യൗവിലും പറയുന്നത്.
സിനിമയിൽ നിലനിൽക്കുന്ന സ്റ്റാർഡം സമ്പ്രദായത്തെ പൊളിച്ചെഴുതി സിനിമയെടുക്കുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്?
●പ്രേക്ഷകർക്ക് എപ്പോഴും വ്യത്യസ്തത ആവശ്യമാണ്. നല്ല ഔട്പുട്ട് അവർക്ക് കൊടുത്തുകഴിഞ്ഞാൽ അവർ ഇരു കൈയും നീട്ടി സ്വീകരിക്കും എന്നതിന് ഉദാഹരണമാണ് ഈ.മ.യൗ. പുതിയ തലമുറ തീർച്ചയായും മാറിച്ചിന്തിക്കുന്നുണ്ട്. ബോധവാൻമാരായ പ്രേക്ഷകർ താരങ്ങളിലേക്കല്ല കഥയുടെ സത്തിലേക്കാണ് നോക്കുക.
താങ്കൾ സിനിമയിലൂടെ സവർണ ബിംബങ്ങളെ പൊളിച്ചെഴുതാൻ ശ്രമിച്ചു എന്ന വിലയിരുത്തൽ, അത് എത്രത്തോളമുണ്ട്? അത്തരം പൊളിച്ചെഴുത്തുകൾ മലയാള സിനിമയിൽ ഭാവിയിൽ മാറ്റത്തിന് വഴിവെക്കുമോ?
●അങ്ങനെ ഒരു സിനിമയിലൂടെ പെട്ടെന്ന് പൊളിച്ചെഴുതാൻ പറ്റുന്നതല്ല അത്. നമുക്ക് സിനിമ ചെയ്യാം. സിനിമയിലായാലും ജീവിതത്തിലായാലും പലരും മനപ്പൂർവം തിരസ്കരിക്കപ്പെടുന്നവർക്കും കഥയുണ്ട്. അവരെയും നമ്മൾ കേൾക്കണം. തമ്പുരാക്കൻമാർക്ക് മാത്രമല്ല, അവർക്കും കഥയും ജീവിതവുമുണ്ട്. അവർക്കും ദാരിദ്ര്യവും കഷ്ടതയുമുണ്ട്. അവരുടെ അരികുജീവിതം നമ്മൾ കാണണം. പലരും ജാതിയില്ല എന്ന് പറയുന്നതുപോലെ ചില യാഥാർഥ്യങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്നു. താഴ്ന്ന ജാതിക്കാരൻ മൊബൈൽ ഉപയോഗിക്കുന്നതുകൊണ്ട് അവെൻറ ജീവിതം മെച്ചപ്പെട്ടുവെന്ന് വിലയിരുത്തുന്നത് മണ്ടത്തമാണ്. സമൂഹത്തിൽ ഇപ്പോഴും ജാതിയത നിലനിൽക്കുന്നുണ്ട്, വർണ വിവേചനം നിലനിൽക്കുന്നുണ്ട്. അതൊക്കെ നിലനിൽക്കുമ്പോഴും സമൂഹത്തിൽ അതിെല്ലന്ന് പറഞ്ഞ് പുറംമോടി ധരിപ്പിക്കുക എന്നത് ശുദ്ധ അസംബന്ധമാണ്. ഈ.മ.യൗവും പക്കാ അത്തരം വിഭാഗത്തിെൻറ ജീവിതം മുറിച്ചുവെച്ച സിനിമയാണ്.
സിനിമയിലെ ഒരു പ്രയോഗം സ്ത്രീവിരുദ്ധമായി എന്നു ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നല്ലോ?
●ആ പ്രയോഗത്തെ തെറ്റായി കണ്ടവർ മാത്രമേ അതിനെ വിമർശിക്കുകയുള്ളൂ. അത് ശരിക്കും പറഞ്ഞാൽ ഒരു സ്ത്രീ ആണിന് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ അവളെ ആദ്യം അവൻ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുക. സിനിമയിൽതന്നെ സാറാമ്മ സിസ്റ്റർ തെൻറ ബൈക്കിെൻറ പിറകിൽ കയറാത്തതാണ് ഇവിടെ അയാളെ ചൊടിപ്പിച്ചത്. ഒരു സ്ത്രീ സമാർട്ടായാൽ അവളെ പുരുഷൻ അവഹേളിക്കുന്നത് ഇത്തരം വാക്കുകൾ ഉപയോഗിച്ചാണ്. ആ പ്രയോഗം ശരിക്കും അത്തരം പുരുഷന്മാർക്കെതിരെയുള്ള അക്രമമാണ്. അതിലൂടെ അത്തരക്കാരുടെ സ്വഭാവത്തെയാണ് തുറന്നുകാട്ടാൻ ശ്രമിച്ചത്. ആ പ്രയോഗം തെറ്റായി വ്യാഖ്യാനിക്കുമെന്ന ചിന്ത എനിക്ക് നേരത്തേ ഉണ്ടായിരുന്നു. പക്ഷേ, ആ പ്രയോഗത്തിലൂടെ പുരുഷന്മാർ അവനവനിലേക്കാണ് ചിന്തിക്കേണ്ടത്. സ്വയം ചിന്തിച്ചാൽ അത് ആർക്കുള്ള അടിയാണെന്ന് വ്യക്തമാവും.
കുടുംബം?
●ഭാര്യ ശോഭ. രണ്ടു മക്കൾ ഉണ്ണി, ആനന്ദ്.