കാൽപന്തിലെ കനലോർമകൾ ബാക്കി; ചേന്ദമംഗലൂരിെൻറ താരം യാത്രയായി
text_fieldsമുക്കം: കാൽപന്തുകളിൽ കനലായി തിളങ്ങിയ മുൻ സന്തോഷ് ട്രോഫി താരം ചേന്ദമംഗലൂർ പുതിയോട്ടിൽ അബ്ദുസ്സലാമിന് ജന്മനാട് വിട നൽകി. മാസങ്ങളായി പ്രമേഹരോഗത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്ന സലാം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ടൂർണമെൻറുകളിൽ കളിച്ചു. 1979 കാലഘട്ടം മുതലായിരുന്നു മുന്നേറ്റം. ചേന്ദമംഗലൂരിലെ യുവജന ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിലുള്ള ടീമംഗമായാണ് സെവൻസ് ഫുട്ബാളിലൂടെ സലാം കടന്നുവന്നത്. കേരള ജൂനിയർ ടീമംഗമായി കൊച്ചിയിൽ ടോപ് സ്േകാററായി ഇന്ത്യൻ ക്യാമ്പിലെത്തി. മധുര കോഡ്സിെൻറ മുന്നേറ്റ നിരയിൽ തിളങ്ങിയ ഇദ്ദേഹം കർണാടകക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞത്. ചേന്ദമംഗലൂർ ഫുട്ബാൾ അസോസിയേഷൻ നേതൃത്വത്തിൽ മംഗലശ്ശേരി തോട്ടത്തിൽ ’79ൽ ആദ്യ സെവൻസ് ടൂർണമെൻറിലായിരുന്നു അരങ്ങേറ്റം. ചേന്ദമംഗലൂർ യുവജന ഗ്രന്ഥാലയ ടീമംഗമായിരുന്നു ഇദ്ദേഹം.1980ൽ കൊടുവള്ളി കൊയപ്പ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ. വളരെ കാലം കാരന്തൂർ ഫിനിക്സ് ക്ലബിനുവേണ്ടി സലാം ബൂട്ടണിഞ്ഞ് മികച്ച താരമായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.
സലാമിെൻറ കളിമിടുക്കിൽ കോഴിക്കോട് ജില്ല ഫുട്ബാൾ ടീമിനും വേണ്ടി കളിച്ചിരുന്നു. ജില്ലയിലെ നിരവധി ടീമുകളിൽ സലാം ജഴ്സിയണിഞ്ഞിട്ടുണ്ട്. മധുര കോട്സ് ടീമിലേക്ക് തിരഞ്ഞടുക്കപ്പെട്ടതോടെ ’82 മുതൽ ’89വരെ അഖിലേന്ത്യ തലത്തിൽ കളിച്ചു. 1990ൽ ബ്രസീൽ ചേന്ദമംഗലൂർ ടീം തുടങ്ങിയത് സലാമിെൻറ പരിശ്രമത്തിലൂടെയാണ്. പേരുതന്നെ സലാമാണ് നിർദേശിച്ചത്. ബ്രസീൽ ചേന്ദമംഗലൂർ ടീം സലാമിെൻറ നേതൃത്വത്തിൽ കേരളത്തിെൻറ എല്ലാ ഭാഗങ്ങളിലും മത്സരം നടത്തി ജനശ്രദ്ധ പിടിച്ചുപറ്റി. അബ്ദുസ്സലാമിനോടൊപ്പം മുഹമ്മദ് അബ്ദുറഹിമാൻ (കുഞ്ഞുട്ടി മാൻ), ഉമർ ഖാൻ, കെ.സി.അബ്ദുറഹിമാൻ, സി.ടി. അബ്ദുൽ ഖാദർ, ഗോളി റഫീഖ് നാഗേരി എന്നിവരടങ്ങുന്ന കരുത്തരുടെ ടീമായിരുന്നു ബ്രസീലിേൻറത്. ടൂർണമെൻറ് സംഘടിപ്പിക്കുന്നതിലും സലാമിെൻറ മികവ് വേറിട്ടതായിരുന്നു.
അക്കാലത്തെ പ്രശസ്ത ഫുട്ബാൾ ടീമുകളായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, മെഡിഗാർഡ്, നോവ വയനാട്, ജിംഖാന തൃശൂർ, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് തുടങ്ങി ഒട്ടേറെ ടീമുമായുള്ള ബന്ധം നാട്ടിലെ ടൂർണമെൻറുകെള കൊഴുപ്പിച്ചു. അബ്ദുസ്സലാമിെൻറ നിര്യാണത്തിൽ ബ്രസീൽ ചേന്ദമംഗലൂർ പ്രസിഡൻറ് ബന്ന ചേന്ദമംഗലൂർ അനുശോചിച്ചു.