ഇനി ലോകമലയാളി അടയാളപ്പെടുത്തും, മനസ്സിൽ നിന്നും പടിയിറങ്ങാത്ത കഥാപാത്രങ്ങൾ
text_fieldsമാധ്യമം.കോം ഒരുക്കുന്ന മെഗാ ഡിജിറ്റൽ ഇവന്‍റ് ‘മറക്കില്ലൊരിക്കലും’ ലോഗോ കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകരായ സിദ്ദീഖും ബ്ലെസ്സിയും ചേർന്ന് അവതരിപ്പിക്കുന്നു. സ്വയംവര സിൽക്സ് റിലേഷൻസ് മീഡിയ മാനേജിങ് ഡയറക്ടർ നിഖിൽ, എലേരിയ ഗ്രേഡ് വൺ സോപ് മാനേജിങ് ഡയറക്ടർ കെ.സി ജാബിർ, മൈജി ഡിജിറ്റൽ ഹബ് ബിസിനസ് ഡവലപ്മെന്റ് മാനേജർ മുഹമ്മദ് റബിൻ, മാധ്യമം സി.ഇ.ഒ പി.എം സാലിഹ് എന്നിവർ സമീപം
കൊച്ചി: സ്വന്തം കഥാപാത്രം തിരശ്ശീലയിൽ തെളിയുന്നതു കാണാൻ ഭാഗ്യമില്ലാതെ ജീവനും വാരിപ്പിടിച്ചോടിയ നഷ്ടനായികയായ പി.കെ റോസിയുടെ കാൽപാടുകളിൽ നിന്ന് 93 വർഷം പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയ കഥാപാത്രങ്ങൾ തേടി മാധ്യമം.കോമിന്‍റെ യാത്രക്ക് തുടക്കമായി. നൂറ്റാണ്ടോടടുക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 10 കഥാപാത്രങ്ങളെ കണ്ടെത്തുന്ന ആദ്യത്തെ ആഗോള മൊഗാ ഡിജിറ്റൽ ഇവന്‍റ് 'മറക്കില്ലൊരിക്കലും' ലോഗോ കൊച്ചിയിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽ സംവിധായകരായ സിദ്ദീഖും ബ്ലെസ്സിയും ചേർന്ന് അവതരിപ്പിച്ചു. ലോക മലയാളികളെ മുഴുവൻ പങ്കെടുപ്പിച്ച് നടത്തുന്ന ഈ മെഗാ ഇവൻറിൽ മനസ്സിൽ നിന്നും പടിയിറങ്ങാത്ത പത്ത് കഥാപാത്രങ്ങളെ പ്രേക്ഷകലോകം തെരഞ്ഞെടുക്കും.
20 ലക്ഷത്തോളം പ്രേക്ഷകർ പങ്കെടുക്കുന്ന, മൂന്ന് മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ മത്സരമാണ് 'മറക്കില്ലൊരിക്കലും' പദ്ധതിയുടെ മുഖ്യ ആകർഷണം. സാഹിത്യം, സാംസ്കാരികം, രാഷ്്ട്രീയം, മാധ്യമം, കായികം, പരിസ്ഥിതി, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ ഇഷ്ടകഥാപാത്രങ്ങളിൽനിന്ന് പ്രേക്ഷകരുടെ പ്രിയകഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുന്ന ദീർഘമായ പ്രക്രിയയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ പ്രേക്ഷകർ വോട്ടിങ്ങിലൂടെ ഏറ്റവും പ്രിയ കഥാപാത്രങ്ങളെ കണ്ടെത്തും.
93 വർഷത്തെ ലക്ഷക്കണക്കിന് കഥാപാത്രങ്ങളിൽ നിന്ന് പത്തെണ്ണം തെരഞ്ഞെടുക്കുന്ന സാഹസികമായ ഡിജിറ്റൽ ഇവൻറാണ് മറക്കില്ലൊരിക്കലുമെന്ന് മാധ്യമം സി.ഇ. പി.എം. സ്വാലിഹ് വ്യക്തമാക്കി.
വ്യത്യസ്തമായ ആശയമാണ് 'മാധ്യമം' തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സംവിധാകയൻ സിദ്ദീഖ് പറഞ്ഞു. അതിഗംഭീരമായ കഥാപാത്രങ്ങളുടെ നീണ്ട നിരയിൽ നിന്ന് 10 കഥാപാത്രങ്ങളെ കണ്ടെത്തുമ്പോൾ ഇന്നലെകളിൽ പ്രേക്ഷകഹൃദയങ്ങൾ കവർന്ന കഥാപാത്രങ്ങളെക്കൂടി ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുരുഷ കേന്ദ്രിതമായ കഥാപാത്രങ്ങളിൽ മാത്രമായി തെരഞ്ഞെടുപ്പ് ചുരുങ്ങിപ്പോകരുതെന്നും കരുത്തുറ്റ നിരവധി സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ടെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു.
തുടർന്നു നടന്ന ചലച്ചിത്ര സംവാദത്തിൽ മൈജി ബിസിനസ് ഡെവപല്മെൻറ് മാനേജർ മുഹമ്മദ് റബീഹ്, എലേരിയ ഗ്രേഡ് വൺ സോപ്പ് എം.ഡി കെ.സി. ജാബിർ, സ്വയംവര സിൽക്ക്സ് മീഡിയ വിഭാഗം തലവൻ നിഖിൽ, മാധ്യമം സീനിയർ സബ് എഡിറ്റർ കെ.എ. സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. പ്രമുഖ ടി.വി താരങ്ങളായ കല്ലുവും മാത്തുവും പരിപാടിയുടെ അവതാരകരായി.