അനുമതിയില്ലാതെ ട്രക്കിങ്; മുദിഗരെയിൽ 103 പേർ പിടിയിൽ
text_fieldsബംഗളൂരു: ചിക്കമഗളൂരു മുദിഗരെയിൽ പശ്ചിമഘട്ട മലനിരയിലെ ബാംബൂ വാലി മേഖലയിൽ അനുമതിയില്ലാതെ ട്രക്കിങ് നടത്തിയ 103 പേരെ പൊലീസ് പിടികൂടി. മുദിഗരെ താലൂക്കിൽ ഉൾപ്പെടുന്ന ചർമാടി ചുരം വനമേഖലയിലാണ് സംഭവം. കർണാടകയിലെ പ്രധാന ട്രക്കിങ് കേന്ദ്രങ്ങളിലെല്ലാം പ്രവേശനം ഓൺലൈൻ അപേക്ഷ വഴി മാത്രമാക്കി വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടൂറിസ്റ്റുകൾ അനധികൃതമായി ട്രക്കിങ് നടത്തുന്നതായ വിവരത്തെ തുടർന്ന് ബനാകൽ, ബലെഹൊന്നൂർ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള അംഗങ്ങൾ എത്തി സഞ്ചാരികളെ കസ്റ്റഡിയലെടുക്കുകയായിരുന്നു. പിടിയിലായവരിൽ മിക്കവരും ബംഗളൂരുവിൽനിന്നുള്ളവരാണ്. രണ്ട് ടൂറിസ്റ്റ് ബസുകളും രണ്ട് പിക്-അപ് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
പ്രദേശത്തെ ഒരാളാണ് ഇവരെ ട്രക്കിങ്ങിനായി നിരോധിത മേഖലയിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. വനംവകുപ്പിന്റെ അനുമതിയില്ലാതെ വനമേഖലയുടെ പരിധിയിൽ പ്രവേശിക്കുന്നത് വനം നിയമപ്രകാരം കുറ്റകരമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.