അനധികൃത ജല ഉപയോഗം തടയാൻ എ.ഐ അധിഷ്ഠിത ബ്ലൂഫോഴ്സ് ആരംഭിച്ചു
text_fieldsഅനധികൃത ജല, മലിന ജല കണക്ഷനുകള്‍ തടയുന്നതിന് ആരംഭിച്ച ബ്ലൂ ഫോഴ്സ്
ബംഗളൂരു: നഗരത്തിലുടനീളം അനധികൃത ജല, മലിനജല കണക്ഷനുകള്‍ തടയുന്നതിന് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) റോബോട്ടിക്, എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ബ്ലൂ ഫോഴ്സ് ആരംഭിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സബ് ഡിവിഷനുകളില്‍ 16 ബ്ലൂ ഫോഴ്സ് ടീമുകള്‍ രൂപവത്കരിച്ചതായി ബി.ഡബ്ല്യു.എസ്.എസ്.ബി ചെയര്‍മാന്‍ രാം പ്രസാദ് പറഞ്ഞു. അനധികൃത കണക്ഷന്‍ തിരിച്ചറിയുക, പൈപ്പ് ലൈനുകള്‍ ബൈപാസ് ചെയ്യുന്നത് തടയുക, അനധികൃത ജല ഉപയോഗം മൂലമുണ്ടാകുന്ന വരുമാന നഷ്ടം കുറക്കുക എന്നിവയാണ് ടീമിന്‍റെ പ്രധാന ലക്ഷ്യം.
ചോര്‍ച്ച കണ്ടെത്താന്‍ എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പ്രമുഖ കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡ് പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് ചോര്‍ച്ച കൃത്യമായി കണ്ടെത്തുകയും ആന്തരിക പൈപ്പ് ലൈനുകള്‍ പരിശോധിക്കുകയും പൈപ്പ് ലൈന്‍ ശൃംഖല ഡിജിറ്റല്‍ മാപ് ചെയ്യുകയും ചെയ്യും. ബംഗളൂരുവിലെ വെള്ളത്തിന്‍റെ 28 ശതമാനവും ചോര്‍ച്ചയും അനധികൃത കണക്ഷൻ മുഖേനയാണ് നഷ്ടപ്പെടുന്നത്. റോബോട്ടിക് സാങ്കേതികവിദ്യ ഇതിന് മികച്ച പരിഹാരമാണെന്നും അധികൃതര്‍ പറഞ്ഞു. റിസ്വാൻ അർഷാദ് എം.എൽ.എ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ എൻജിനീയേഴ്‌സ് സെക്രട്ടറി എം. ലക്ഷ്മൺ എന്നിവരും പങ്കെടുത്തു.


