ഉറ്റവരെത്തിയില്ല; രമേശ് കുമാറിന്റെ അന്ത്യകർമം ഏറ്റെടുത്ത് എ.ഐ.കെ.എം.സി.സി
text_fieldsരമേശ് കുമാറിന്റെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ എ.ഐ.കെ.എം.സി.സി പ്രവർത്തകർ
ബംഗളൂരു: സിദ്ധാപുരത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ രമേശ് കുമാർ എന്ന ബിഹാർ സ്വദേശിയുടെ അന്ത്യകർമങ്ങൾക്ക് എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രവർത്തകർ നേതൃത്വം നൽകി. മരണ വിവരം അറിഞ്ഞ ജനറൽ സെക്രട്ടറി എം.കെ നൗഷാദ് പ്രവർത്തകരെ സജ്ജമാക്കി.
തുടർന്ന് കുടുംബാംഗങ്ങളെ അന്വേഷിച്ചപ്പോൾ, സാമ്പത്തികമായി നിവൃത്തിയില്ലെന്നും അന്ത്യകർമങ്ങൾക്ക് സഹായം വേണമെന്നും അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിൽ, പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. തുടർന്ന് എ.ഐ.കെ.എം.സി.സി പ്രവർത്തകർ ഏറ്റുവാങ്ങി വിൽസൺ ഗാർഡൻ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഷഫീഖ് കലാശിപാളയ, മൊയ്ദു മാണിയൂർ, റയീസ്, ഹനീഫ്, ജാസിം മുടിക്കോട് എന്നിവർ നേതൃത്വം നൽകി.