ബംഗളൂരുവിൽ രേഖകളില്ലാതെ കടത്തിയ ഒമ്പത് കോടി രൂപ പിടികൂടി
text_fieldsബംഗളൂരു: രേഖകളില്ലാതെ ബംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ഒമ്പത് കോടി രൂപയുടെ കള്ളപ്പണം ഇലക്ട്രോണിക് സിറ്റി പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സിന്ധു ജ്വല്ലേഴ്‌സ് ഉടമ സച്ചിൻ, സുഹൃത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ആദായനികുതി ഉദ്യോഗസ്ഥർക്ക് കൈമാറി. തമിഴ്‌നാട്ടിലെ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍ സച്ചിന്‍റെ വീട്ടിൽ നിന്ന് ഏകദേശം 1.3 കോടി രൂപയും പണം കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
ആദായനികുതി വകുപ്പിന്‍റെ ബംഗളൂരു മേഖല ഡെപ്യൂട്ടി ഡയറക്ടർ ജഗദീഷിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പട്രോളിങ് ഡിവിഷനിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് ഉദ്യോഗസ്ഥർ ഹൊസൂർ റോഡിലെ ബി.ഇ.ടി.എൽ ടോൾ പ്ലാസ്ക്ക് സമീപം വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ലഗേജ് ട്രോളി ബാഗിനുള്ളിൽ നിന്ന് ഒമ്പത് കോടി രൂപയുടെ 500 രൂപ നോട്ടുകൾ പൊലീസ് കണ്ടെത്തുകയുമായിരുന്നു. പണത്തിന്‍റെ ഉറവിടം അന്വേഷിച്ചുവരികയാണ്.


