കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ; 17ന് വിശദ ചർച്ചക്കു ശേഷം അന്തിമ തീരുമാനം
text_fieldsമുഖ്യമന്ത്രി സിദ്ദരാമയ്യ
ബംഗളൂരു: കർണാടകയിലെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) വെള്ളിയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിച്ചു. വിധാൻസൗധയിൽ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ചക്ക് വെച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ വ്യക്തമായി പരിശോധിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടതിനാൽ, ഇക്കാര്യത്തിൽ ഏപ്രിൽ 17ന് വീണ്ടും മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത മന്ത്രിസഭ യോഗത്തിൽ വിശദ ചർച്ച നടക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീലും അറിയിച്ചു.
2015ൽ തയാറാക്കിയ ജാതി സെൻസസ് റിപ്പോർട്ടിലെ ജനസംഖ്യാ അനുപാതക്കണക്കുകൾ നേരത്തേ ചോർന്നിരുന്നു. ഇതുപ്രകാരം, കർണാടകയിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ മുസ്‍ലിംകളാണ് മുന്നിൽ. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്തുകളുടെ ശതമാനത്തിൽ കുറവുവന്നിട്ടുണ്ട്. ജാതി സെൻസസ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമന്യേ വൊക്കലിഗ, ലിംഗായത്ത് സമുദായ നേതാക്കൾ സിദ്ധരാമയ്യ സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ട്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറടക്കമുള്ളവർ വൊക്കലിഗ നേതാക്കൾക്കൊപ്പം ജാതി സെൻസസിനെതിരെ രംഗത്തുവന്നിരുന്നു. അശാസ്ത്രീയമായാണ് റിപ്പോർട്ട് തയാറാക്കിയതെന്നും പുതിയ സെൻസസ് നടത്തണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, നിലവിലെ ജാതി സെൻസസ് നടപ്പാക്കണമെന്നാണ് എസ്.സി, എസ്.ടി, മറ്റ് ഒ.ബി.സി വിഭാഗങ്ങളുടെ ആവശ്യം. ജാതി സെൻസസ് നടപ്പാക്കുമെന്നത് കർണാടകയിൽ 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്ദാനം കൂടിയായിരുന്നു. ദേശീയതലത്തിലുള്ള ജാതി സെൻസസ് നടത്തണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവശ്യമുന്നയിച്ചിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കും അഹ്മദാബാദിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിനും ശേഷമാണ് റിപ്പോർട്ട് കർണാടക മന്ത്രിസഭയുടെ മേശപ്പുറത്തെത്തുന്നത്. കർണാടകയിലെ 94.77 ശതമാനം ജനങ്ങളെയും വിവിധ ജാതി-സമുദായ സംബന്ധിയായ വശങ്ങളും ഉൾപ്പെടുത്തി 50 വാല്യത്തിൽ തയാറാക്കിയതാണ് കർണാടക ജാതി സെൻസസ് റിപ്പോർട്ടെന്നാണ് വിവരം. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 6.11 കോടിയായിരുന്നു. 2015ൽ സർവേ നടത്തുമ്പോൾ ഏകദേശം 6.35 കോടിയായി.
5.98 കോടി ജനങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ തയാറാക്കിയത്. 5.83 ശതമാനം പേർ സർവേയിൽനിന്ന് വിട്ടുനിന്നു. 165 കോടി രൂപ ചെലവഴിച്ച സർവേയിൽ 1.6 ലക്ഷം ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കാൻ പ്രവർത്തിച്ചു. കർണാടക പിന്നാക്ക വർഗ കമീഷൻ ചെയർമാനായിരുന്ന എച്ച്. കന്ദരാജിന്റെ നേതൃത്വത്തിൽ 2015ൽ നടത്തിയ ജാതി സെൻസസിന്റെ അന്തിമ റിപ്പോർട്ട് നിലവിലെ ചെയർമാൻ ജയപ്രകാശ് ഹെഗ്ഡെ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചത്. തുടർന്ന്, ജാതി സെൻസസിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ കോൺഗ്രസ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നു
മുഖ്യമന്ത്രിയുടെ നിർദേശം പകർത്തിയ റിപ്പോർട്ട് -ബി.ജെ.പി
ബംഗളൂരു: സിദ്ധരാമയ്യ സർക്കാർ തയാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് ശാസ്ത്രീയമല്ലെന്നും ആരുടെയെങ്കിലും നേട്ടത്തിനായി ജാതികൾക്കിടയിൽ ഭിന്നത വിതക്കാൻ രൂപകൽപന ചെയ്തതാണെന്നും നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പ്രതികരിച്ചു. വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസ് നടത്തുന്ന ആളുകൾ എല്ലാ വീടുകളും സന്ദർശിച്ചില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതിനാൽ റിപ്പോർട്ട് അംഗീകരിക്കില്ല. ജാതി സെൻസസ് നടത്തണമെന്നുതന്നെയാണ് തന്റെയും അഭിപ്രായം. എന്നാൽ, ഈ റിപ്പോർട്ട് ആരുടെയെങ്കിലും നേട്ടത്തിനായി ജാതികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ രൂപകൽപന ചെയ്തതാണെന്നും ഇതാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അശോക ആരോപിച്ചു.