കേന്ദ്ര ബജറ്റ് കർണാടകയെ വഞ്ചിച്ചു; ദുർബലമായ ബജറ്റെന്ന് സിദ്ധരാമയ്യയും പരമേശ്വരയും
text_fieldsസിദ്ധരാമയ്യ, ജി. പരമേശ്വര
ബംഗളൂരു: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും രംഗത്തെത്തി. ബജറ്റ് കർണാടകയെ പൂർണമായും അവഗണിച്ചെന്നും ദക്ഷിണേന്ത്യക്ക് ബജറ്റിൽ ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ കണ്ട ഏറ്റവും നിരാശജനകമായ ബജറ്റാണിതെന്നും കർണാടകക്ക് ഇത്തവണയും കേന്ദ്രം ഒന്നും നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടകയെ മാത്രമല്ല, ദക്ഷിണേന്ത്യയെ മുഴുവൻ കേന്ദ്ര സർക്കാർ അവഗണിച്ചു.
ബംഗളൂരു-ഹൈദരാബാദ്, ബംഗളൂരു-ചെന്നൈ ഹൈസ്പീഡ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും ഇതിന്‍റെ ഭൂരിഭാഗവും കർണാടകക്ക് പുറത്തായതിനാൽ സംസ്ഥാനത്തിന് വലിയ ഗുണമില്ല. പകരം ബംഗളൂരു-മുംബൈ, ബംഗളൂരു-മംഗളൂരു അല്ലെങ്കിൽ ബംഗളൂരു-പുണെ പാതകളായിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള ഗ്രാൻഡുകൾ വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റിൽ 5.41 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിരുന്ന സ്ഥാനത്ത് പുതുക്കിയ കണക്കനുസരിച്ച് 4.2 ലക്ഷം കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേക്കദട്ടു, മഹദായി പദ്ധതികൾക്ക് ക്ലിയറൻസ് നൽകുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നു. അപ്പർഭദ്ര പദ്ധതിക്ക് വാഗ്ദാനം ചെയ്ത 5,300 കോടി രൂപ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം പിരിക്കുന്ന സെസ്സുകളിൽനിന്നും സർചാർജുകളിൽനിന്നും മതിയായ വിഹിതം ലഭിക്കുന്നില്ല. ഇത് സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിക്കുന്നു. കർഷകർക്കുള്ള ധനസഹായം വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം കൽബുർഗിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്.
ബജറ്റിനെ ഏറ്റവും ദുർബലമായ ബജറ്റെന്ന് ആഭ്യന്തര മന്ത്രി വിശേഷിപ്പിച്ചു. കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ നിർണായക മേഖലകളെ ബജറ്റ് പാടെ അവഗണിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാനോ ദാരിദ്ര്യനിർമാർജനത്തിനോ പദ്ധതികളില്ല. ഐ.ഐ.ടി, എയിംസ് തുടങ്ങിയ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. റായ്ച്ചൂരിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം വീണ്ടും അവഗണിച്ചു. കർഷകർക്ക് വിളകൾക്ക് ന്യായമായ താങ്ങുവില ഉറപ്പാക്കാൻ ബജറ്റിൽ വ്യക്തമായ പദ്ധതികളില്ലെന്ന് ജി. പരമേശ്വര കുറ്റപ്പെടുത്തി.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബജറ്റിനെതിരെ അതിശക്തമായ പ്രതികരണമാണ് നടത്തിയത്. ബജറ്റിനെ രാഷ്ട്രീയമായ പ്രഹസനം എന്നാണ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തുന്ന ബംഗളൂരു നഗരത്തിന് ആവശ്യമായ ഗതാഗത സൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടത്ര തുക വകയിരുത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെട്രോ വികസനത്തിനും നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധത്തിനുമായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


