രഥോത്സവം: ദൊഡ്ഡബാനസ്വാടി മെയിൻറോഡിൽ ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: ശ്രീ കോതണ്ഡരാമസ്വാമി രഥോത്സവത്തോടനുബന്ധിച്ച് ദൊഡ്ഡ ബാനസ്വാടി മെയിൻ റോഡിൽ മൂന്നു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടുവരെയാണ് നിയന്ത്രണം. രാമമൂർത്തി നഗറിൽനിന്ന് നഗരമധ്യത്തിലേക്ക് വരുന്ന വാഹനങ്ങൾ മെയിൻ റോഡിൽ ശ്രീ മക്കുണ്ഡമ്മ ദേവി ക്ഷേത്ര സമീപത്തുനിന്ന് വലത്തോട്ടു തിരിഞ്ഞ്, ഹൊരമാവ് ജങ്ഷനിലെത്തി 100 ഫീറ്റ് റോഡ് ഭാഗത്തേക്ക് ഇടത്തോട്ട് തിരിയണം. തുടർന്ന് വിമാനപര ജങ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് ബാനസ്വാടി മെയിൻ റോഡിലൂടെ യാത്ര ചെയ്യണം.
നഗരമധ്യത്തിൽനിന്ന് രാമമൂർത്തി നഗർ ദിശയിൽ പോവുന്ന വാഹനങ്ങൾ സ്റ്റീൽ ഫാക്ടറിക്ക് സമീപത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് ഭുവനഗിരി റോഡ് വഴി രാമമൂർത്തി നഗർ ഭാഗത്തെ ഔട്ടർ റിങ് റോഡിലെത്തണം. ഗതാഗത നിയന്ത്രണമുള്ള ദിനങ്ങളിൽ ശ്രീ മക്കുണ്ഡമ്മ ദേവി ക്ഷേത്ര ക്രോസ് മുതൽ എസ്സാർ പെട്രോൾപമ്പ് വരെയുള്ള ഭാഗത്ത് പാർക്കിങ് പൂർണമായും നിരോധിച്ചതായും ട്രാഫിക് പൊലീസ് അറിയിച്ചു.