എല്ലാ ജില്ലയിലും മെഡിക്കൽ കോളജും മൾട്ടി സ്പെഷാലിറ്റി ആശുപത്രിയും -സിദ്ധരാമയ്യ
text_fieldsബെളഗാവിയിൽ ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ സംവിധാനങ്ങൾ വീക്ഷിക്കുന്നു
ബംഗളൂരു: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഒരു സർക്കാർ മെഡിക്കൽ കോളജും മൾട്ടി സ്പെഷാലിറ്റി ആശുപത്രിയും നിർമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവിൽ 22 ജില്ലകളിൽ മെഡിക്കൽ കോളജുകൾ ആരംഭിച്ചു. മറ്റു ജില്ലകളിലും ഉടൻ പ്രവർത്തനം തുടങ്ങും.ആശുപത്രി കെട്ടിടം നിർമിക്കുക മാത്രമല്ല, അതിനനുസരിച്ച് വിദഗ്ധ ഡോക്ടർമാരെയും നിയമിക്കും. ഒഴിവുള്ള തസ്തികകൾ നികത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കാമ്പസിൽ പുതിയ സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രികൾ സന്ദർശിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. അവർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകും. അസമത്വം ഇല്ലാതാക്കുന്നതിന് സർക്കാർ താഴേത്തട്ടിലുള്ളവർക്ക് അവസരങ്ങളും സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.സമൂഹത്തിലെ അവസാന വിഭാഗങ്ങളിലേക്ക് വികസനം എത്തുമ്പോൾ മാത്രമേ സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനം സാധ്യമാകൂ.
അതിനാൽ, എല്ലാവർക്കും വേണ്ടിയുള്ള ക്ഷേമ പരിപാടികൾ രൂപപ്പെടുത്തും. സർക്കാറിന്റെ അഞ്ചിനപദ്ധതികൾ ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും പ്രതിശീർഷ വരുമാനം വർധിപ്പിക്കുകയും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ചെയ്തു. ദരിദ്രർ സാമ്പത്തികമായി ശക്തി പ്രാപിക്കുമ്പോൾ, സമൂഹത്തിലെ ജാതിവ്യവസ്ഥയും അസമത്വവും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കർണാടകയിലെ എട്ട് ജില്ലകളിൽ 95 ശതമാനത്തിലധികം അധിക മഴ പെയ്തിട്ടുണ്ട്. ഏകദേശം 10 ലക്ഷം ഹെക്ടർ വിള നശിച്ചു. നഷ്ടപരിഹാരം നൽകി കർഷകരെ സഹായിക്കാൻ സർക്കാർ കൂടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.