ഗോശാലകളുടെ മറവിൽ കോടികളുടെ കറവ; തെരുവിൽ അലയുന്നത് 77,000 കാലികൾ
text_fieldsബംഗളൂരുവിലെ വിവേക് നഗറിലെ ഇജിപ്പുര റോഡിൽ അലയുന്ന കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും സ്വന്തമാക്കുകയും, റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുകയും ചെയ്യുന്ന കാഴ്ചകൾ
ബംഗളൂരു: പശുപാലനത്തിന് മുന്തിയ പരിഗണന നൽകിയ മുൻ ബി.ജെ.പി സർക്കാർ ഭരണത്തിൽ ഗോ ശാലകളുടെ നിർമാണത്തിന് കോടികൾ അനുവദിച്ചെങ്കിലും തെരുവുകളിൽ അലയുന്ന പശുക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്.
2021-22ൽ ഓരോ ജില്ലയിലും ഗോശാലകൾ നിർമ്മിക്കാൻ 15 കോടി രൂപ അനുവദിക്കുകയും അധികമായി 50 കോടി നീക്കി വെക്കുകയും ചെയ്തെങ്കിലും സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കാലികൾ പാതകൾ കൈയടക്കുകയാണ്. 2019ലെ സർവേയിൽ കണ്ടെത്തിയത് 77,000 കാലികളെയാണെങ്കിൽ നിലവിൽ അവയുടെ എണ്ണം കൂടുകയാണെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 2021-22 ൽ സംസ്ഥാന സർക്കാർ സ്ഥാപിച്ച നിരവധി ഗോശാലകൾ ഉപയോഗശൂന്യമായോ ശൂന്യമായോ കിടക്കുന്നുമുണ്ട്.
സംസ്ഥാനത്തെ 256 രജിസ്റ്റർ ചെയ്ത സ്വകാര്യ ഗോശാലകളിൽ 49,873 കന്നുകാലികൾ കഴിയുമ്പോൾ സർക്കാർ ഗോശാലകളിൽ ആകെ 1552 കന്നുകാലികൾ മാത്രമേയുള്ളൂ. രണ്ട് പതിറ്റാണ്ടുകളായി എൻ.ജി.ഒകൾ, മത സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ എന്നിവ സ്വകാര്യ പശു ഷെൽട്ടറുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അലഞ്ഞുതിരിയുന്ന കന്നുകാലികളെ മാറ്റാത്തതിനാൽ സർക്കാർ ഗോശാലകൾ അവയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് മൃഗസ്‌നേഹികൾ പറയുന്നു.
നഗരപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിഴുങ്ങുന്നുവെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പലപ്പോഴും മരണത്തിനും കാരണമാവുന്നു. ഗതാഗതത്തിന് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നതിനൊപ്പം നിരവധി അപകടങ്ങൾക്കും കാരണമാവുന്നു. കടകളും സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പ് ചാണകം കോരൽ ബംഗളൂരു നഗരത്തിൽ ഉൾപ്പെടെ ദിനചര്യയാവുകയാണ്.
കർണാടക കശാപ്പ് നിരോധന, കന്നുകാലി സംരക്ഷണ നിയമം-2020 നടപ്പിലാക്കിയതിനെത്തുടർന്ന് അലഞ്ഞുതിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതും ഉൽപാദനക്ഷമമല്ലാത്തതുമായ കന്നുകാലികളെ പാർപ്പിക്കുന്നതിനും തീറ്റ നൽകുന്നതിനും പരിപാലിക്കുന്നതിനുമായി എല്ലാ ജില്ലകളിലും പ്രത്യേക സൗകര്യങ്ങൾ നിർമിക്കുക എന്നതാണ് ഗോശാലകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ലക്ഷ്യം. ഏപ്രിൽ, മേയ് മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകുമെന്നതിനാൽ വെള്ളവും ആഹാരവും കിട്ടാത്ത അവസ്ഥയിലാവും അലയുന്ന മിണ്ടാപ്രാണികൾ.
വേനൽക്കാലത്ത് തെരുവ് കന്നുകാലികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല. പ്രകൃതിദത്ത ജലസ്രോതസ്സുകൾ വറ്റിപ്പോകുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാൻ ഇത് കാരണമാവുന്നു. അതിനാൽ നായ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികൾക്ക് സമാനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ കന്നുകാലികളെ ഗോശാലകളിലേക്ക് മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, -കലബുറുഗിയിലെ ശ്രീ മാധവ് ഗോശാലയുടെ സ്ഥാപകൻ മഹേഷ് ബിദാർക്കർ പറഞ്ഞു. എല്ലാ ജില്ലകളിലും സർക്കാർ ഗോശാലകൾ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഗോശാലകളിൽ ഉപേക്ഷിക്കപ്പെട്ട പശുക്കളെ പരിപാലിക്കുന്നതിനായി ഒരു കന്നുകാലിക്ക് പ്രതിദിനം 17.50 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നു.
അതേസമയം, കർഷകരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കന്നുകാലികളെ സർക്കാർ ഗോശാലകളിൽ വിട്ടാൽ മാത്രമേ വകുപ്പ് അഭയം നൽകൂ എന്ന് മൃഗസംരക്ഷണ വകുപ്പ് (സംസ്ഥാന വിജിലൻസ് ആൻഡ് ടെക്നിക്കൽ ഓഡിറ്റ്) അഡീഷനൽ ഡയറക്ടർ ഡോ. ബി.എൽ.പരമേശ്വർ നായിക് പറഞ്ഞു. പൊലീസ് മൃഗങ്ങളെ രക്ഷപ്പെടുത്തി സർക്കാർ അംഗീകൃത ഗോശാലകളിലേക്ക് അയക്കുന്നു. ഉത്തര കന്നട, ഉഡുപ്പി, മംഗളൂരു എന്നീ തീരദേശ മേഖലകളിലെ ഗോശാലകളിൽ ഏകദേശം 100-120 കന്നുകാലികളുണ്ട്.കാരണം ഈ ജില്ലകളിലെ അനധികൃത കന്നുകാലി ഗതാഗതം പൊലീസ് പതിവായി തടയുന്നു. സർക്കാർ ഗോശാലകളിൽ കാലിത്തീറ്റയും കുടിവെള്ളവും വിതരണം ചെയ്യുന്നതിനൊപ്പം മതിയായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


