ആഴ്ചയിൽ മൂന്ന് കാവേരി ആരതി നടത്തും -ഉപമുഖ്യമന്ത്രി
text_fieldsആരതി പണ്ഡിതരെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ആദരിക്കുന്നു
ബംഗളൂരു: വാരണാസിയിലെ ഗംഗ ആരതിയുടെ മാതൃകയിൽ കെ.ആർ.എസ് അണക്കെട്ടിൽ ആഴ്ചയിൽ മൂന്നുതവണ കാവേരി ആരതി നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതി നടത്തിയ 55 വേദ പണ്ഡിതരെയും പുരോഹിതരെയും ആദരിക്കുന്നതിന് കുമാര പാർക്ക് റോഡിലുള്ള തന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെ.ആർ.എസ് അണക്കെട്ടിൽ സെപ്റ്റംബർ 26 മുതൽ 30 വരെ മൈസൂരു ദസറയോടനുബന്ധിച്ച് നടത്തിയ കാവേരി ആരതി ദക്ഷിണേന്ത്യയിൽ ഇത്തരത്തിലെ ആദ്യത്തേതാണെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി.ഭാവിയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ - ആഴ്ചയിൽ മൂന്ന് തവണ കാവേരി ആരതി നടത്തും. ആരതി പുരോഹിതർക്കും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും.
കെ.ആർ.എസ് അണക്കെട്ടിലെ കാവേരി ആരതി സ്ഥലത്ത് സ്റ്റേഡിയത്തിന്റെ മാതൃകയിൽ മണ്ഡപം നിർമിക്കും.രാജ്യത്തുടനീളവും വിദേശത്തുനിന്നുമുള്ള കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ദക്ഷിണേന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കാവേരി ആരതിയെ മാറ്റാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.