ചാമുണ്ഡി ഹില്‍സിലെ വികസന പ്രവര്‍ത്തനം; പ്രതിഷേധവുമായി പരിസരക്കാഗി നാവു
text_fieldsചാമുണ്ഡി ഹില്‍സിലെ വികസന പ്രവര്‍ത്തനത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനത്തില്‍നിന്ന്
ബംഗളൂരു: ചാമുണ്ഡി ഹില്‍സിനെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഫെബ്രുവരി ഒന്നിന് നൂറുകണക്കിന് ആളുകൾ മലകയറി പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സർക്കാറിന്റെ ‘പ്രസാദ്’ പദ്ധതിയുടെ ഭാഗമായി മലയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ എതിർത്തുകൊണ്ട് 'പരിസരക്കാഗി നാവു' സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധയാത്ര സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വിദ്യാര്‍ഥികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. മൈസൂർ രാജകുടുംബാംഗം പ്രമോദ ദേവി വൊഡയാറും പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി.
ചാമുണ്ടി ഹില്‍സ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ സംസാരിച്ചു. മലയിലെ അനിയന്ത്രിതമായ കോൺക്രീറ്റ് നിർമാണങ്ങൾ ഉരുൾപൊട്ടലിന് കാരണമാകുമെന്നും പരിസ്ഥിതിയെ നശിപ്പിക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. മലയെ ഒരു 'കോൺക്രീറ്റ് കാടാക്കി' മാറ്റരുതെന്ന് വിദ്യാര്‍ഥികൾ പ്ലക്കാർഡുകൾ ഉയർത്തി ആവശ്യപ്പെട്ടു. പദ്ധതിക്കായി അനുവദിച്ച തുക മലയ്ക്ക് മുകളിൽ പുതിയ കെട്ടിടങ്ങൾ പണിയുന്നതിനു പകരം, അടിവാരത്തിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനും, മലിനീകരണമില്ലാത്ത ബസുകൾ സർവിസ് നടത്തുന്നതിനും, മാലിന്യ നിർമാർജനത്തിനും ഉപയോഗിക്കണമെന്ന് പ്രതിഷേധക്കാർ നിർദേശിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭമി വി. ഷെനോയ് ഈസ്റ്റർ ഐലൻഡിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി സംസാരിച്ചു. പരിസ്ഥിതിയെ അവഗണിച്ചാൽ ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചാമുണ്ടി ഹിൽസ് സംരക്ഷിക്കുന്നതിനായി പാരിസ്ഥിതിക ആഘാത പഠനം (എഫ്.ഐ.എ) നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


