ഡി.കെ. ശിവകുമാർ ജനുവരി ആറിന് മുഖ്യമന്ത്രിയാകുമെന്ന് എം.എൽ.എ
text_fieldsഎച്ച്.എ. ഇഖ്ബാൽ ഹുസൈൻ എം.എൽ.എ, ഡി.കെ. ശിവകുമാർ
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജനുവരി ആറിന് മുഖ്യമന്ത്രിയാകുമെന്ന് രാമനഗര എം.എൽ.എയും ശിവകുമാറിന്‍റെ അനുയായിയുമായ എച്ച്.എ. ഇഖ്ബാൽ ഹുസൈൻ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് വേണ്ടി ഒഴിയണമെന്നും ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരി ആറിന് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകാൻ 99 ശതമാനം സാധ്യതയുണ്ട്. ഈ തീയതിയുടെ പ്രാധാന്യമെന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നും ഇത് ഒരു റാൻഡം നമ്പർ മാത്രമാണെന്നും ജനുവരി ആറ് അല്ലെങ്കിൽ ഒമ്പത് ആകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ പിന്തുണക്കുന്നെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബി.ജെ.പി. എം.പിയുമായ വി. സോമണ്ണ പറഞ്ഞു. അധികാരം ലഭിക്കുന്നത് ഭാഗ്യമാണ്. പരമേശ്വര ആഭ്യന്തരമന്ത്രിയായി തുടരുമെന്ന് താൻ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണണമെന്നാണ് തനിക്കും തുമകുരുവിലെ ജനങ്ങൾക്കും ആഗ്രഹമെന്ന് തുമകുരുവിൽ നടന്ന പരിപാടിയിൽ സോമണ്ണ പറഞ്ഞു. ശിവകുമാർ എന്തായിത്തീരാൻ ആഗ്രഹിക്കുന്നു എന്നത് അദ്ദേഹത്തിന്‍റെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കന്നെന്നും ഭാഗ്യത്തെക്കാൾ വലുതാണ് പെരുമാറ്റമെന്നും ഡി.കെയെക്കുറിച്ച് സദസ്സിൽ നിന്നുയർന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


